രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായി ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് വന്‍ വിലക്കുറവ്. ബജാജ് തങ്ങളുടെ ഏക ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് ഇലക്ട്രിക്ക് 22,000 രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. വില കുറച്ചതിനെത്തുടര്‍ന്ന്, ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പോള്‍ ഫെയിം 2 സബ്‌സിഡിക്ക് ശേഷം 1.30 ലക്ഷം രൂപയാണ് ദില്ലി, ബെംഗളൂരു എക്‌സ് ഷോറൂം വില. നേരത്തെ 1.52 ലക്ഷം രൂപയായിരുന്നു ബജാജ് ചേതക്കിന്റെ വില. ഈ വിലക്കുറവ് എതിരാളികളായ ഏഥര്‍ 450എക്‌സ് (1.38 ലക്ഷം രൂപ), ഒല എസ്1 പ്രൊ ജെന്‍ 2 (1.47 ലക്ഷം രൂപ) എന്നിവയേക്കാള്‍ ബജാജ് ചേതക്കിനെ ഇപ്പോള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കി. ടിവിഎസ് ഐക്യൂബ് വില 1.34 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. അതിന്റെ എസ് വേരിയന്റിന് 1.40 ലക്ഷം രൂപ വിലവരും. ഹീറോ വിദ പ്രോയുടെ വില 1.46 ലക്ഷം രൂപയാണ്. ഈ വിലക്കുറവ് പരിമിത കാലത്തേക്ക് മാത്രമാണ്. രാജ്യത്തുടനീളം ഈ ഓഫര്‍ ലഭ്യമാക്കും.