mid day hd 17

 

ബാങ്കു വായ്പയെടുത്ത് നിക്ഷേപ, സംരംഭങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം പിറകില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് 2022- 23 ലെ മൊത്തം പദ്ധതിച്ചെലവിന്റെ 57.2 ശതമാനമായ 2,01,700 കോടി രൂപ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. 16.2 ശതമാനമായ 43,180 കോടി രൂപയുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. കേരളം, ഗോവ, ആസാം എന്നീ സംസ്ഥാനങ്ങളാണ് പിറകല്‍. മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനമായ 2,399 കോടി രൂപ മാത്രമാണ് കേരളത്തിനു ലഭിച്ചത്.

ഹരിയാനയിലെ നൂഹ് മാതൃകയില്‍ മധ്യപ്രദേശില്‍ ബിജെപി വര്‍ഗീയ കലാപത്തിനു ശ്രമിക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗ് എംപി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് അനുകൂല അഭിഭാഷകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൃപ്പൂണിത്തുറയില്‍ വര്‍ണശബളമായ അത്തച്ചമയ ഘോഷയാത്ര. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത മമ്മൂട്ടി അത്തച്ചമയം വലിയ സാംസ്‌കാരിക ആഘോഷമാക്കണമെന്നു നിര്‍ദേശിച്ചു. ‘നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്തം ഘോഷയാത്രക്ക് വായ് നോക്കി നിന്നിട്ടുണ്ട്. അന്നും പുതുമയും അത്ഭുതവും ഉണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ല. അദ്ദേഹം പറഞ്ഞു.

പൂക്കളം ഒരുക്കാന്‍ പൂ വിപണിയില്‍ തിരക്ക്. പൂക്കള്‍ക്കു പൊന്നും വില. തൃശൂരില്‍ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോ 100 രൂപയാണ് വില. വാടാമല്ലിക്ക് 150 രൂപയും അരളിക്ക് 300 രൂപയുമാണ് വില. അമ്പതു രൂപയ്ക്കും നൂറു രൂപയ്ക്കും പലതരം പൂക്കള്‍ അടങ്ങുന്ന കിറ്റും വില്‍പനയ്ക്കുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ കാണിച്ചാല്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ മാത്യു കുഴല്‍നാടന്‍ തയാറാകുമോയെന്നു സിപിഎം നേതാവ് എ.കെ ബാലന്‍. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ടല്ല, നിരപരാധി എന്നറിയാവുന്നതുകൊണ്ടാണ് പാര്‍ട്ടി വീണയ്‌ക്കൊപ്പം നില്‍ക്കുന്നതെന്ന് ബാലന്‍ പറഞ്ഞു.

മാത്യു കുഴല്‍നാടന്‍ എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍വച്ച് എന്തും വിളിച്ചുപറയുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആരോപണങ്ങള്‍ തെറ്റുമ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ബെന്നി ബഹന്നാന്‍ എംപി എഴുതിയ കവിത പ്രകാശനം ചെയ്തു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ രമേശ് ചെന്നിത്തലയാണ് ‘അമരസ്മരണ’ എന്ന കവിതയും അതിന്റെ ദൃശ്യാവിഷ്‌ക്കാരവും പ്രകാശനം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളം ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും സന്നിഹിതരായിരുന്നു.

കണ്ണൂര്‍ തളാപ്പ് എ കെ ജി ആശുപത്രിക്കു സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ മനാഫും ലത്തീഫും ആണ് മരിച്ചത്.

ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും കൊല്ലം മുന്‍ ഭദ്രാസനാധിപനുമായിരുന്ന സക്കറിയ മാര്‍ അന്തോണിയോസ് അന്തരിച്ചു. 87 വയസായിരുന്നു.

ചേര്‍ത്തല മാര്‍ക്കറ്റില്‍ നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കു തീപിടിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് സ്ഥാപനത്തില്‍ അഗ്‌നിബാധ ഉണ്ടായത്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടത്താന്‍ വത്തിക്കാന്‍ പ്രതിനിധി നല്‍കിയ നിര്‍ദ്ദേശം നടപ്പായില്ല. സെന്റ് മേരീസ് ബസിലിക്കയില്‍ കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്നെങ്കിലും വിശ്വാസികളുടെ എതിര്‍പ്പുമൂലം ഏകീകൃത കുര്‍ബാന നടന്നില്ല. ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുര്‍ബാനയാണ് നടന്നത്.

മര്‍ദനമേറ്റു പരിക്കുകളുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് സ്റ്റേഷനു മുന്നിലെ ഗേറ്റ് താഴിട്ടു പൂട്ടി സ്ഥലംവിട്ടു. അമ്പൂരി സ്വദേശി നോബി തോമസ് എന്ന 40 കാരനാണ് വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയത്.

എറണാകുളം ഊന്നുകല്ലില്‍ വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ പതിനേഴുകാരി തൂങ്ങി മരിച്ചു.

പത്തനംതിട്ട പന്തളം കുറുന്തോട്ടയം പാലത്തിന്റെ ഫുട്പാത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പമണ്‍ മണ്ണാകടവ് സ്വദേശി കെ.വി അജി (45) ആണ് മരിച്ചത്.

ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. ഇന്നു പുലര്‍ച്ചെ രണ്ടിനാണ് വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കു മാറ്റിയത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരവും, 134 കിലോമീറ്റര്‍ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണ്. ഈ മാസം 23 നു വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാന്‍ഡിംഗ്.

പൊലീസ് അനുമതി നിഷേധിച്ചതിനാല്‍ സിപിഎമ്മിന്റെ ഡല്‍ഹിയിലെ പഠന കേന്ദ്രമായ സുര്‍ജിത് ഭവനില്‍ ആരംഭിച്ച വി 20 സെമിനാര്‍ പരമ്പര റദ്ദാക്കി. ഇന്നലെ പൊലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് തടയുമെന്നു വ്യക്തമാക്കിയതോടെയാണ് പരിപാടി റദ്ദാക്കിയത്.

ചൈന ഇന്ത്യയുടെ ഭൂമി കടന്നു കയറി പിടിച്ചെടുത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിഞ്ചു സ്ഥലംപോലും നഷ്ടപ്പെട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. ജനങ്ങള്‍ അതല്ല പറയുന്നതെന്നു ലഡാക്ക് സന്ദര്‍ശിച്ച രാഹുല്‍ഗാന്ധി പറഞ്ഞു.

കളക്ടറുടെ ഓഫീസില്‍ ജില്ലാ കളക്ടര്‍ യുവതിയുമായി ശ്രംഗരിച്ച വീഡിയോ പകര്‍ത്തിയത് ഹണി ട്രാപ്പാണെന്ന് പോലീസ്. ഒളികാമറ സ്ഥാപിച്ച മുന്‍ റവന്യൂ ഓഫീസര്‍ ജയേഷ് പട്ടേല്‍, മുന്‍ ആനന്ദ് റസിഡന്റ് അഡീഷണല്‍ കളക്ടര്‍ (ആര്‍എസി) കേത്കി വ്യാസ്, ഹരീഷ് ചാവ്ദ എന്നിവരെ അറസ്റ്റു ചെയ്തു. കളക്ടറെ ഭീഷണിപ്പെടുത്തി ഫയലുകളില്‍ ഒപ്പുവയ്പിക്കാനാണ് തേന്‍കെണി ഒരുക്കി വീഡിയോ പകര്‍ത്തിയതെന്നു പോലീസ്.

മധ്യപ്രദേശില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തന്‍ സമന്ദര്‍ പട്ടേല്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് സമന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എണ്ണൂറു കാറുകളുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ് അദ്ദേഹം എത്തിയത്.

തമിഴ്‌നാട്ടിലെ ശ്രിനിവാസപുരത്ത് സുഹൃത്തിനെ കൊന്ന ഗുണ്ടാസംഘത്തലവനെ കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. ഗുണ്ടാ നേതാവായ സുരേഷിനെ മദ്യപിച്ചുകൊണ്ടിരിക്കെയാണ് ആറംഗ സംഘം കൊലപ്പെടുത്തിയത്. യമഹ മണി, ജയബാലന്‍, ചന്ദ്ര എന്നീ യുവാക്കളാണ് അറസ്റ്റിലായത്.

സീരിയല്‍ നടന്‍ പവന്‍ 25 ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ അന്തരിച്ചു. കന്നഡയിലും ഹിന്ദിയിലും സജീവമായ താരമായിരുന്നു പവന്‍.

ഉത്തര്‍പ്രദേശില്‍ മകന്‍ മറ്റൊരു മതത്തിലെ പെണ്‍കുട്ടിയെ പ്രേമിച്ചെന്ന് ആരോപിച്ച് ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു. അബ്ബാസ്, ഭാര്യ കമറുല്‍ നിഷ എന്നിവരെയാണ് അയല്‍വാസികള്‍ തല്ലിക്കൊന്നത്. മൂന്ന പേരെ അറസ്റ്റു ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ പോക്‌സോ കേസ്. അച്ഛന്‍ മരിച്ചശേഷം പെണ്‍കുട്ടി ഉദ്യോഗസ്ഥന്റെ സംരക്ഷണത്തിലായിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *