തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് എത്തിയതോടെ രണ്ട് ദിനം കൊണ്ട് 150 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് രജനികാന്തിന്റെ ‘ജയിലര്‍’. ഇതോടെ ജയിലറിന് ഒപ്പം പുറത്തിറങ്ങിയ ചിത്രങ്ങള്‍ കാണാന്‍ വലിയ തോതില്‍ ആളുകള്‍ എത്തുന്നില്ല. എന്നാല്‍ തെലുങ്കില്‍ ചിരഞ്ജീവി ചിത്രം ‘ഭോലാ ശങ്കര്‍’ ചലനം സൃഷ്ടിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവി നായകനായ ഏറ്റവും പുതിയ ചിത്രം ഭോലാ ശങ്കര്‍ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. ആഗോള ബോക്സോഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ ഗ്രോസ് 33 കോടിയാണെന്ന് നിര്‍മ്മാതാക്കളായ എകെ എന്റര്‍ടെയ്ന്‍മെന്റ്സ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ആദ്യ ദിനം നെഗറ്റീവ് അഭിപ്രായം ലഭിച്ച ഒരു ചിരഞ്ജീവി ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. എന്നാല്‍ വാരാന്ത്യ കളക്ഷനില്‍ ചിത്രത്തിന് ഈ കുതിപ്പ് തുടരാന്‍ സാധിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. മെഹര്‍ രമേശ് ആണ് രചനയും സംവിധാനവും. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.