night news hd 8

 

മാസപ്പടി പട്ടികയില്‍ പ്രതിപക്ഷത്തേതടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും. നേതാക്കളുടെ പേരുകള്‍ രണ്ടക്ഷര ചുരുക്കപ്പേരുകളിലാണു രേഖപ്പെടുത്തിയത്. കൊച്ചിന്‍ മിനറല്‍സ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാറിന്റെ വീട്ടില്‍നിന്നു ലഭിച്ച ഡയറിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നല്‍കിയ പണത്തിന്റെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് കണ്ടെടുത്തത്. കെകെ, പിവി, എജി, ഒസി, ഐകെ, ആര്‍സി. എന്നീ ഇനീഷ്യലുകള്‍ കുഞ്ഞാലിക്കുട്ടി, ഗോവിന്ദന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരാണെന്നു സുരേഷ് കുമാര്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉടമയായ ശശിധരന്‍ കര്‍ത്തായുടെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും മൊഴിയുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ആരോപണം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കാത്തത് തങ്ങള്‍ വാങ്ങിയ പണത്തിന്റെ കണക്കു പുറത്തുവരുമെന്നു ഭയന്നിട്ടാണോയെന്നു കേന്ദ്രമന്ത്രി വി മരുളീധരന്‍. മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രിയെക്കൊണ്ടു മറുപടി പറയിക്കാതെ സതീശന്‍ രക്ഷിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുടിഞ്ഞുപോയ തറവാടിന്റെ കാരണവരെ പോലെയാണ് കെ എന്‍ ബാലഗോപാല്‍ പ്രവര്‍ത്തിക്കുന്നത്. ലക്കും ലഗാനുമില്ലാതെ കടമെടുത്ത സര്‍ക്കാര്‍ കേരളത്തെ ഒരു പരുവമാക്കി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാനത്തിന്റെ ധനസ്ഥിതിക്കു കാരണം കേന്ദ്ര സര്‍ക്കാരാണെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്നു പറഞ്ഞ കെഎന്‍ ബാലഗോപാല്‍, ജനം ഏല്‍പ്പിച്ചത് ഇടതുപക്ഷത്തിന്റെ കൈകകളില്‍ കേരളം ഭദ്രമാണെന്നും അവകാശപ്പെട്ടു.

5200 കോടിയുടെ പോളിപ്രൊപ്പിലീന്‍ നിര്‍മ്മാണ യൂണിറ്റ് കൊച്ചിയില്‍ ആരംഭിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ജി കൃഷ്ണകുമാറുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചിയില്‍ ബിപിസിഎലിന്റെ റിഫൈനറിയില്‍ ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീന്‍ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കണമെന്ന നിര്‍ദേശമുള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഫുള്‍ബെഞ്ചിന് വിട്ട ഉത്തരവില്‍ ഇടപെടില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഹിറ്റായ ചിരിസിനിമകളുടെ സൃഷ്ടാവിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സാംസ്‌കാരിക കേരളം. സംവിധായകന്‍ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും സാംസ്‌കാരിക നായകരും വിടചൊല്ലി. ഔദ്യോഗിക ബഹുമതികള്‍ക്കു ശേഷം മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍ക്കുമെന്ന പേരില്‍ കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ മൂന്നര ലക്ഷം രൂപ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും. കൃഷി, വൈദ്യുതി മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയാണു തീരുമാനമെടുത്തത്. ചിങ്ങം ഒന്നിനു പണം നല്‍കുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നഷ്ടപരിഹാര വിവരം കൃഷിമന്ത്രി പി. പ്രസാദ് തന്നെ വിളിച്ച് അറിയിച്ചതില്‍ സന്തോഷമുണ്ടെന്ന് കര്‍ഷകന്‍ തോമസ് പ്രതികരിച്ചു.

കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ ഈ മാസം 19 ന് ആരംഭിക്കും. വിലക്കയറ്റം രൂക്ഷമായിരിക്കേ, 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ സാധാരണക്കാര്‍ക്കു നല്‍കുമെന്നും തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു.

പാലക്കാട് ജില്ലയിലെ അഞ്ചു ട്രഷറികളിലായി സൂക്ഷിച്ചിരുന്ന 1650 കിലോഗ്രാം ആനക്കൊമ്പുകള്‍ തിരുവനന്തപുരത്തേക്കു മാറ്റി. പാലക്കാട് വനംവകുപ്പ് ആസ്ഥാനമായ ആരണ്യത്തില്‍നിന്ന് ആനക്കൊമ്പുകള്‍ വഴുതക്കാട്ടേക്കാണു കൊണ്ടുപോയത്. ചരിഞ്ഞ നാട്ടാനകളുടെ നീളംകൂടിയ കൊമ്പുകള്‍ മുറിച്ച് പെട്ടിയിലാക്കിയാണ് കൊണ്ടുപോയത്.

ചെകുത്താന്‍ എന്ന യുട്യൂബര്‍ അജു അലക്‌സിനെതിരെ നടന്‍ ബാല മാനനഷ്ടക്കേസ് നല്‍കി. താന്‍ വീട് കയറി ആക്രമിച്ചെന്ന് അപകീര്‍ത്തിപരമായ പ്രസ്താവന പ്രചരിപ്പിച്ചതിന് അജുവിന് വക്കീല്‍ നോട്ടീസ് അയച്ചു. തോക്കുമായി വീട്ടില്‍ കയറി അക്രമിച്ചെന്നും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചെന്നും അജു അലക്‌സ് ബാലയ്‌ക്കെതിരെ പരാതിപ്പെട്ടിരുന്നു.

തൊടുപുഴ മുട്ടം റൈഫിള്‍ ക്ലബില്‍നിന്ന് നാലു തോക്കുകള്‍ കാണാനില്ലെന്ന് പരാതി. തോക്കുകളില്‍ വെടിയുണ്ടകള്‍ നിറക്കുന്ന നാലു മാഗസീനുകളും നഷ്ടപ്പെട്ടു. തൊട്ടു മുന്‍പുണ്ടായിരുന്ന ഭരണ സമിതി അനധികൃതമായി ഇവ വിറ്റെന്നാണ് നിലവിലെ ഭരണ സമിതി ആരോപിച്ചത്.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിനു സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുല്‍ത്താന്‍, നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്.

ഭാര്യക്കു നിറമില്ലെന്ന് ആക്ഷേപിച്ച് ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. തേവലക്കര സ്വദേശി ഷിഹാബിനെയാണ് പിടികൂടിയത്. രണ്ടാം ഭാര്യയായിരുന്ന പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയാണ് ശാസ്താംകോട്ട കല്ലുംമൂട്ട് കടവില്‍ തടാകത്തില്‍ മരിച്ചത്.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചപ്പോള്‍ അദ്ദേഹത്തെ സഭാ ടിവിയില്‍ കാണിക്കാതെ സ്പീക്കറെയാണു കാണിച്ചതെന്ന പരാതിയുമായി പ്രതിപക്ഷം. 37 മിനിറ്റ് പ്രസംഗത്തില്‍ രാഹുലിനെ ടി വിയില്‍ കാണിച്ചത് 14 മിനിറ്റ് മാത്രമാണെന്നും ഇത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ്. മോദിക്കു രാഹുലിനെ ഇത്രയും ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു.

അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങള്‍ക്ക് മോദിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ജനം ഏറ്റവും ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയാണു നരേന്ദ്രമോദി. അവിശ്വാസ പ്രമേയം കള്ളങ്ങള്‍ നിറച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *