മാരുതി സുസുക്കി ആള്‍ട്ടോ ചരിത്ര നേട്ടം സ്വന്തമാക്കി. 45 ലക്ഷം യൂണിറ്റ് എന്ന വില്പന നേട്ടമാണ് ആള്‍ട്ടോ സ്വന്തമാക്കിയിരിക്കുന്നത്. 2000ല്‍ പുറത്തിറക്കിയ ആള്‍ട്ടോ 23 വര്‍ഷത്തിന് ശേഷം ഇപ്പോഴും വില്പനയില്‍ മുന്നിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്പന നേടിയ കാര്‍ എന്ന പദവി കൂടി ആള്‍ട്ടോയ്ക്ക് സ്വന്തമാണ്. മികച്ച മൈലേജും നല്‍കുന്ന കാര്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തിലും മോശമല്ല. ആകര്‍ഷകമായ ഡിസൈനും പുതിയ ആള്‍ട്ടോയ്ക്കുണ്ട്. മാരുതി സുസുക്കി ആള്‍ട്ടോയുടെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 3.99 ലക്ഷം രൂപ മുതലാണ്. മാരുതി സുസുക്കിയുടെ സര്‍വ്വീസ് സെന്ററുകളുടെ ലഭ്യതയും പാര്‍ട്‌സുകളുടെ വിലക്കുറവും ആള്‍ട്ടോയുടെ വില്പനയ്ക്ക് ഗുണം ചെയ്തു. 67 പിഎസ് പവറും 89 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മാരുതിയുടെ 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോയ്ക്ക് നിലവില്‍ കരുത്ത് നല്‍കുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് കാര്‍ വരുന്നത്. ഓപ്ഷണല്‍ 5 സ്പീഡ് എഎംടിയും കാറിലുണ്ട്. നിലവില്‍ ആള്‍ട്ടോ ഒരു ഓപ്ഷണല്‍ സിഎന്‍ജി കിറ്റിലും ലഭ്യമാണ്.