sunrise 21

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം*

https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം. പ്രധാനമന്ത്രി വിശദീകരണം നടത്തണമെന്നാണു പ്രതിപക്ഷ ആവശ്യം. എന്നാല്‍ മോദി മിണ്ടില്ലെന്ന നിലപാടിലാണു കേന്ദ്രസര്‍ക്കാര്‍. ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായി. മണിപ്പൂരിനു പകരം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ലൈംഗിക അതിക്രമത്തെച്ചൊല്ലി ഹ്രസ്വ ചര്‍ച്ചയ്ക്കു ബിജെപി എംപിമാര്‍ നല്‍കിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷന്‍ പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കത്തു നല്‍കി. മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും അധിര്‍ രഞ്ജന്‍ ചൗധരിക്കുമാണ് കത്തു നല്‍കിയത്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായതിനെത്തുടര്‍ന്നാണ് അമിത് ഷാ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരമായാണു ഇടപെടുന്നതെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. മറ്റ് സംസ്ഥാനങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതു ചെയ്യുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നാഗാലാന്‍ഡിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ല. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ഡല്‍ഹി സംസ്ഥാന സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥാനക്കയറ്റം നല്‍കാനും അച്ചടക്ക നടപടിക്കുമുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന നിയമത്തിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അധികാരം ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീം കോടതി ഉത്തരവു മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമായാണ് ബില്‍ കൊണ്ടുവരുന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണു നീക്കം.

ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതിന് മൈക്ക് ഓപറേറ്റര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൈക്ക്, ആംപ്ളിഫയര്‍, വയര്‍ എന്നിവ കസ്റ്റഡിയിലെടുത്തു. ഇവ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധിക്കും.

ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കുമെന്ന് ഹിന്ദു സംഘടനകള്‍. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണു പരാതികള്‍ നല്‍കുന്നത്. പല സ്റ്റേഷനുകളിലും ഇതിനകം പരാതി നല്‍കി. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിശ്വ ഹിന്ദു പരിഷത്ത് നിവേദനം നല്‍കും.

മോണ്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനു പങ്കുണ്ടെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ സുധാകരന്‍ മൊഴി നല്‍കി. എംവി ഗോവിന്ദന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചിരിക്കുന്നത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കേസിലെ ആരോപണ വിധേയയില്‍നിന്നു പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണം ഏര്‍പ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെളിവൊന്നും ഇല്ലെന്നു കണ്ട് സിബിഐ കേസ് അവസാനിപ്പിച്ചു. കാലം കണക്കു ചോദിക്കുമെന്നും സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍നിന്നാണ് ഉയര്‍ന്നു വരേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നു വന്ന നേതാവാണ്. അദ്ദേഹം തനിക്കു വഴി കാട്ടിയായിരുന്നു. മലപ്പുറത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള സംഘപരിവാര്‍ കലാപങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് സിപിഐ നേതാവ് ആനി രാജ. ഇന്നു മണിപ്പൂരില്‍ സംഭവിക്കുന്നത് നാളെ കേരളത്തിലും സംഭവിച്ചേക്കാം. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം. സിപിഐ കോഴിക്കോട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഡ്യ സദസില്‍ സംസരിക്കുകയായിരുന്നു ആനി രാജ.

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ എട്ടു മാസത്തിനകം 562 വിമാനങ്ങള്‍ എത്തിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഐപിഎല്‍ ലേലത്തിനും ജി 20 ഉദ്യോഗസ്ഥ ഉച്ചകോടിക്കും ബിസിനസ് ടെര്‍മിനലിലാണു വിമാനമിറങ്ങിയത്. ഈ വര്‍ഷം 1000 വിമാനങ്ങളെത്തുമെന്നാണ് പ്രതീക്ഷ. കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

പാലക്കാട് മേലാര്‍കോട്ടില്‍ അമ്മയും രണ്ടു മക്കളും കിണറ്റില്‍ ചാടി മരിച്ചു. മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.

ഏഴു വയസുള്ള വിദ്യാര്‍ത്ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു ചെയ്തത്. അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡു ചെയ്തു.

തിരുവനന്തപുരം മാറനല്ലൂരില്‍ സിപിഎം നേതാവ് സുധീര്‍ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി ആത്മഹത്യ ചെയ്തു. മധുരയിലെ ലോഡ്ജിലാണ് പ്രതി സജികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജികുമാര്‍.

തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ ജിംനേഷ്യത്തിലേക്ക് പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍നിന്ന് അഞ്ചു കിലോ കഞ്ചാവ് പിടിച്ചെടുത്തു. മരുന്നുകളെന്ന പേരില്‍ ആസാമില്‍നിന്ന് എത്തിച്ച കഞ്ചാവാണ് പിടിച്ചത്. കടയുടമ വിഷ്ണു (33) ഉള്‍പെടെ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.

കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷനില്‍നിന്നു കൈ വിലങ്ങു സഹിതം രക്ഷപ്പെട്ട പ്രതി പിടിയില്‍. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസ് ആണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസിലെ പ്രതിയാണ് അജ്നാസ്.

ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഉത്തരേന്ത്യക്കാരായ സംഘമാണു തട്ടിപ്പിനു പിന്നിലെന്ന് സൈബര്‍ പൊലീസ്. വാട്സാപിലൂടെ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പിനു തുടക്കം. യൂട്യൂബ് ചാനല്‍ ലൈക് ചെയ്താല്‍ അമ്പതു രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം. 50 രൂപ ലഭിച്ചതിനു പിറകേ പതിനായിരം രൂപ നല്‍കിയാല്‍ പതിനയ്യായിരം രൂപ കിട്ടുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടു. ഇതോടെ വിശ്വാസമായി. വന്‍ ലാഭമുണ്ടാക്കുന്ന ടീമില്‍ ചേര്‍ക്കാമെന്നു പറഞ്ഞ് ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തു. തുടര്‍ന്ന് ക്രിപ്റ്റോ കറന്‍സി ഇടപാടാണെന്നു പറഞ്ഞാണു പണം തട്ടിയെടുത്തത്.

കാനഡയില്‍ നിന്നുള്ള സമ്മാനം സ്വീകരിക്കാന്‍ കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് വീട്ടമ്മയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയ 56 കാരി പിടിയില്‍. ബെംഗളൂരു സ്വദേശിനി പ്രിയ ബാഹുലേയന്‍ (56) ആണ് പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

തിരുവനന്തപുരം വലിയതുറയില്‍ പൊലീസിനു നേരെ ഗുണ്ടാ നേതാവിന്റെ ആക്രമണം. ഗുണ്ടാ നേതാവായ ജാങ്കോ കുമാര്‍ വലിയതുറയിലെ രണ്ട് എസ്ഐമാരെ കുത്തി പരിക്കേല്‍പിച്ചു. ജാങ്കോയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്.

കോഴിക്കോട് മൂടാടി സ്വദേശി വാടകക്കു താമസിക്കുന്ന വീട്ടില്‍ നിന്ന് കാട്ടുപോത്തിന്റെയും മലമാനിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും കണ്ടെത്തി. ചെറുകുളം കോട്ടുപാടം സ്വദേശി പി.ടി. ധനമഹേഷ് (50) എന്നയാളെ കസ്റ്റഡിയിലെടുത്തു.

അട്ടപ്പാടി ശിരുവാണി പുഴയില്‍ ചൂണ്ടയിടുന്നതിനിടെ യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചു. അട്ടപ്പാടി സ്വദേശി ജയനാണ് (46) മരിച്ചത്.

പ്രതിപക്ഷ ഐക്യവേദിയായ ‘ഇന്ത്യ’യെ ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്നു പരിഹസിച്ച പ്രധാനമന്ത്രി മോദിക്ക് തങ്ങളെ എന്തു വിളിച്ചാലും തങ്ങള്‍ ഇന്ത്യയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കും. ഇന്ത്യയെന്ന ആശയം മണിപ്പൂരില്‍ പടുത്തുയര്‍ത്തുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

കലാപം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുന:സ്ഥാപിച്ചു. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്റര്‍നെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്നിന് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതാണ്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കിട്ടാക്കടമായ 10.57 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. 2022 ല്‍ 1,74,966 കോടി രൂപയായിരുന്നു എഴുതിത്തള്ളിയ കിട്ടാക്കടം.

ചന്ദ്രയാന്‍-3 ബഹിരാകാശ പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തേതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഓഗസ്റ്റ് അഞ്ചിനോ ആറിനോ പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിക്കും.

ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിനു തീപിടിച്ചു. എന്‍ജിനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണു തീ പിടിച്ചത്. അതിവേഗം തീയണച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ സെകുലര്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ. എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചേര്‍ക്കാത്ത സാഹചര്യത്തിലാണ് ഈ നിലപാടെടുത്തത്.

തെലങ്കാനയില്‍ സ്വത്തുവിവരം വെളിപ്പെടുത്തിയതിലെ പിഴവിന്റെ പേരില്‍ എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി . കൊത്തഗുഡം എംഎല്‍എ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. എതിര്‍സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് വിധി.

ത്രിപുരയിലെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പിയൂഷ് കാന്തി വിശ്വാസ് പാര്‍ട്ടി വിട്ടു. കഴിഞ്ഞ ഡിസംബറിലാണു കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയത്.

ഇസ്രയേലില്‍ കോടതികള്‍ക്കു കൂച്ചുവിലങ്ങിട്ട് ബന്യാമിന്‍ നെതന്യാഹൂ ഭരണകൂടം. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനു നല്‍കിയും കോടതി വിധികള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കിയും നിയമം പാസാക്കി. ഇതിനെതിരേ ഇസ്രയേലില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാന്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് വീണ്ടും അവസരം. നവംബര്‍ 26 ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുക.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗറിന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ശനിയാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിനാണ് ഐ.സി.സി യുടെ നടപടി. മത്സരത്തില്‍ പുറത്തായ താരം വിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തുകയും അമ്പയര്‍മാര്‍ തെറ്റായ തീരുമാനമെടുത്തുവെന്ന് വാദിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളിലെ വിലക്ക് കൂടാതെ മാച്ച് ഫീയുടെ 75 ശതമാനം തുകയും താരം പിഴയായി അടയ്ക്കണം.

ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പി.എസ്.ജിയെ സൗഹൃദ മത്സരത്തില്‍ സമനിലയില്‍ തളച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍. പി.എസ്.ജിയ്ക്ക് വേണ്ടി സൂപ്പര്‍ താരങ്ങളായ നെയ്മറും എംബാപ്പേയും കളിക്കാനിറങ്ങാതിരുന്ന മത്സരത്തിലാണ് അല്‍ നസര്‍ ഗോള്‍ രഹിത സമനില നേടിയത്.

മലയാളിയായ എം.പി രാമചന്ദ്രന്‍ ആരംഭിച്ച എഫ്.എം.സി.ജി സ്ഥാപനമായ ജ്യോതി ലാബ്സ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 101.6% വളര്‍ച്ചയോടെ 96.25 കോടി രൂപയുടെ സംയോജിത ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 47.43 കോടി രൂപയായിരുന്നു ലാഭം.ആദ്യപാദത്തില്‍ വരുമാനം 15% ശതമാനം വളര്‍ച്ചയോടെ 687 കോടി രൂപയായി. മുന്‍വര്‍ഷം സമാനകാലയളവിലിത് 597.20 കോടി രൂപയായിരുന്നു. പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്കു മുമ്പുള്ള ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 59.8 കോടി രൂപയില്‍ നിന്ന് 96% ഉയര്‍ന്ന് 117 കോടി രൂപയായതായും സ്റ്റോക്ക് എക്സ്ചേഞ്ചിനു നല്‍കിയ ഫയലിംഗില്‍ ജ്യോതി ലാബ്സ് വ്യക്തമാക്കി. ലാഭ മാര്‍ജിന്‍ 17.1 ശതമാനമാണ്. പ്രവര്‍ത്തനഫല റിപ്പോര്‍ട്ടിന് പിന്നാലെ ജ്യോതി ലാബ്സ് ഓഹരി വില കുതിച്ചു കയറി. ഓഹരി വില 20% ഉയര്‍ന്ന് 290 രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. ഒരു വര്‍ഷക്കാലയളവില്‍ 70 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. ഈ വര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ വളര്‍ച്ച 40 ശതമാനവും.

ദുല്‍ഖര്‍ നായകനായ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഹീരിയേ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്ലീന്‍ റോയലാണ്. ജസ്ലീന്‍ റോയലും അര്‍ജിത് സിങ്ങും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദിത്യ ശര്‍മ വരികളുമെഴുതിയ ഗാനത്തിന്റെ വീഡിയോയില്‍ ദുല്‍ഖറിനൊപ്പം ജസ്ലീന്‍ റോയലും വേഷമിട്ടിരിക്കുന്നു. താനി തന്‍വിറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്വേതാ വെങ്കട്ടാണ് വീഡിയോയുടെ എഡിറ്റിംഗ്. കൗശല്‍ ഷാ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ‘ദിന്‍ഷഗ്‌ന ദാ’, ‘ഖോഗയേ ഹം കഹാന്‍’, ‘ഡിയര്‍ സിന്ദഗി’, ‘സാങ് റഹിയോ’, ‘രഞ്ജ’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംഗീതജ്ഞയാണ് ജസ്ലീന്‍ റോയല്‍. ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. ആര്‍ ബല്‍കി സംവിധാനം ചെയ്ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്.

കരിയറിലെ 700-ാം ചിത്രുമായി നടി ഉര്‍വശി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അപ്പത്താ’ ആണ് ഉര്‍വശിയുടെ 700-ാം ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്ലര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂലൈ 29ന് ജിയോ സിനിമ പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കയിലന്‍പട്ടി ഗ്രാമത്തില്‍ ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ അപ്പത്താ എന്നറിയപ്പെടുന്ന കണ്ണമ്മ ആയാണ് ഉര്‍വശി സിനിമയില്‍ വേഷമിടുന്നത്. ചെറുപ്പത്തിലേ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അവര്‍ മകനെ വളര്‍ത്തുകയും അതേസമയം തന്നെ തന്റെ ബിസിനസ്സില്‍ പ്രശസ്തി നേടുകയും ചെയ്യുന്നു. അപ്പത്തായ്ക്ക് ജീവിതത്തില്‍ ആകെ ഭയമുള്ളത് നായ്ക്കളോടാണ്. തന്നെ പിരിഞ്ഞ് നഗരത്തില്‍ താമസമാക്കിയ മകന്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ വീട്ടിലെ നായയെ നോക്കാന്‍ അമ്മയെ ഏല്‍പ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത് എന്നാണ് ട്രെയ്ലറില്‍ നിന്നുള്ള സൂചന. നേരത്തെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഒ.ടി.ടിയിലേയ്ക്ക് മാറ്റുകയായിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ‘മിഥുനം’ സിനിമയ്ക്ക് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അപ്പാത്ത.

ഒരു വര്‍ഷത്തിനുള്ളില്‍ ഹണ്ടര്‍ 350 യുടെ വില്‍പ്പന രണ്ടുലക്ഷം കടന്നതായി റോയല്‍ എന്‍ഫീല്‍ഡ്. ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് 2022 ഓഗസ്റ്റ് മാസത്തിലാണ് ന്യൂജെന്‍ ബുള്ളറ്റ് മോഡലായ ഹണ്ടര്‍ 350നെ പുറത്തിറക്കിയത്. 2023 ഫെബ്രുവരിയില്‍ ഒരു ലക്ഷം വില്‍പ്പന മാര്‍ക്കിലെത്തിയ ബുള്ളറ്റിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ കൂടി അടുത്ത അഞ്ച് മാസത്തിനുള്ളില്‍ കമ്പനി വിറ്റു. റോയല്‍ എന്‍ഫീല്‍ഡിന്റെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ മോട്ടോര്‍സൈക്കിളാണ് ഹണ്ടര്‍ 350. പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ മോഡലാണ് ഹണ്ടര്‍ 350. 349 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് മോട്ടോറില്‍ നിന്നുള്ള അതേ പവറും ടോര്‍ക്ക് കണക്കുകളും ഇത് സൃഷ്ടിക്കുന്നു. 17 ഇഞ്ച് ചക്രങ്ങളുമായി വരുന്ന ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മോട്ടോര്‍സൈക്കിളാണ് എന്നതും പ്രത്യേകതയാണ്. റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മൂന്ന് ട്രിം ലെവലുകളില്‍ വ്യാപിച്ചിരിക്കുന്നു. കൂടാതെ, ഇത് എട്ട് കളര്‍ സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യും. ഹണ്ടര്‍ മെട്രോയ്ക്കുള്ള റിബല്‍ ബ്ലാക്ക്, റെബല്‍ റെഡ്, റിബല്‍ ബ്ലൂ, ഡാപ്പര്‍ ആഷ്, ഡാപ്പര്‍ വൈറ്റ്, ഡാപ്പര്‍ ഗ്രേ, ഹണ്ടര്‍ 350-ന്റെ റെട്രോ വേരിയന്റ് ഫാക്ടറി സില്‍വര്‍, ഫാക്ടറി ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകും.

സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങള്‍ പ്രതിഫലിക്കുന്ന ഈ കഥകളില്‍ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാര്‍ഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താന്‍ തരണം ചെയ്യുന്നതിന്റെ നേര്‍ച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റപ്പെടുന്ന മനുഷ്യരുടെ വ്യഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പടുത്തുന്നു. ‘ബുദ്ധമയൂരി’. മിനി പി.സി. ഡിസി ബുക്‌സ്. വില 135 രൂപ.

മീനിലും മീനെണ്ണയിലുമൊക്കെ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണപ്രദമാണെന്ന് പഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ നീര്‍ക്കെട്ടിനെ കുറയ്ക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് ശ്വാസകോശ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാകുന്നതെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. രണ്ട് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ആദ്യ ഘട്ട നിരീക്ഷണ പഠനത്തില്‍ 15,063 അമേരിക്കക്കാര്‍ ഉള്‍പ്പെടുന്നു. ഇവരുടെ ശരാശരി പ്രായം 56. ഇവരില്‍ 55 ശതമാനം സ്ത്രീകളായിരുന്നു. ഏഴ് മുതല്‍ 20 വര്‍ഷം വരെ ഇവരുടെ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു. രക്തത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡിന്റെ തോത് ഉയര്‍ന്നിരിക്കുന്നത് ശ്വാസകോശ തകരാറിന്റെ നിരക്ക് കുറയ്ക്കുമെന്ന് ഈ പഠനത്തില്‍ നിരീക്ഷിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണ്ടെത്തിയത് ഡോകോസാഹെക്‌സനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന ഒമേഗ-3 ഫാറ്റി ആസിഡാണ്. സാല്‍മണ്‍, ചൂര, മത്തി എന്നിവയില്‍ ഉയര്‍ന്ന തോതില്‍ ഡിഎച്ച്എ അടങ്ങിയിരിക്കുന്നു. ഡയറ്ററി സപ്ലിമെന്റായും ഇത് ലഭ്യമാണ്. രണ്ടാം ഘട്ടത്തില്‍ യുകെ ബയോബാങ്കില്‍ നിന്നുള്ള യൂറോപ്യന്മാരായ അഞ്ച് ലക്ഷം രോഗികളുടെ ജനിതക ഡേറ്റ ഗവേഷകര്‍ പരിശോധിച്ചു. ഒമേഗ-3 ഫാറ്റി ആസിഡുമായി സമാനതകളുള്ള ചില ജനിതക അടയാളങ്ങളും ശ്വാസകോശ ആരോഗ്യവുമായുള്ള ബന്ധമാണ് ഈ ഘട്ടത്തില്‍ പരിശോധിച്ചത്. ഡിഎച്ച്എ ഉള്‍പ്പെടെയുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളുടെ തോതുയരുന്നതും മികച്ച ശ്വാസകോശ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ തന്റെ നാലുമക്കളില്‍ നിന്ന് അനന്തരാവകാശിയെ കണ്ടെത്താന്‍ തീരുമാനിച്ചു. അതിനായി ഒരു പരീക്ഷണം നടത്തി. നാലുമക്കള്‍ക്കും ഒരോ കുട്ട ഗോതമ്പ് അയാള്‍ നല്‍കി. നാലുവര്‍ഷം കഴിഞ്ഞ് താന്‍ തിരിച്ചുവരുമ്പോള്‍ ഇത് തിരിച്ചേല്‍പ്പിക്കണമെന്നും പറഞ്ഞു. അച്ഛനു ബുദ്ധിഭ്രമം സംഭവിച്ചതാണെന്ന് കരുതി ഒന്നാമന്‍ അവ എറിഞ്ഞുകളഞ്ഞു. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ടാമന്‍ അത് പാകം ചെയ്തു. മൂന്നാമന്‍ അതൊരു മുറിയില്‍ സൂക്ഷിച്ചു. നാലാമന്‍ അതെടുത്ത് പാടത്ത് വിതച്ചു. പലതവണ കൃഷിചെയ്തു വിളവെടുത്തു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നുപേര്‍ക്ക് നല്‍കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, നാലാമന്‍ നൂറ് ചാക്ക് ഗോതമ്പ് അച്ഛന് തിരിച്ചു നല്‍കി. അയാള്‍ അവനെ തന്റെ അനന്തരാവകാശിയാക്കി. വിത അറിയാത്തവന് വിത്ത് ഒരു ബാധ്യതയാണ്. അവരില്‍ നിന്ന് അര്‍ഹിക്കുന്ന ബഹുമാനം ഒരു ധാന്യമണിക്കും കിട്ടില്ല. വളരാനും വിളവാകാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും ഉപയോഗിക്കുന്ന വസ്തുക്കളെയും ക്രിയാത്മകമായി കൈകാര്യം ചെയ്യാനറിയാത്തവന്‍ സ്വന്തം ജീവിതവും അന്യന്റെ ജീവിതവും പ്രയോജനരഹിതമാക്കും. ഒരാള്‍ എന്തൊക്കെ തള്ളിക്കളയുന്നു എന്നുപരിശോധിച്ചാല്‍ അയാളുടെ മനോഭാവവും അധ്വാനശീലവും പിടികിട്ടും. കറപറ്റാതെയും ചെളിപുരളാതെയും ജീവിച്ചതുകൊണ്ട് മാത്രം ജീവിതം ശ്രേഷ്ഠമാകില്ല. എന്ത് ഉത്പാദിപ്പിച്ചു? അത് എത്ര പേര്‍ക്ക് പ്രയോജനപ്പെട്ടു എന്നതെല്ലാം അളവുകോലിന്റെ മാനദ്ണ്ഢങ്ങളാണ്.. നമ്മുടെ ജീവിതം അളക്കുമ്പോള്‍ ഈ മാനദ്ണ്ഢങ്ങള്‍ പാലിക്കപ്പെട്ടിരുന്നു എന്ന് ഉറപ്പുവരുത്താന്‍ നമുക്കാകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *