night news hd 20

 

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം. പ്രധാനമന്ത്രി മറുപടി പറയണമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ അടിയന്തര ചര്‍ച്ചയ്ക്കുള്ള നോട്ടീസ് സഭാധ്യക്ഷന്മാര്‍ തള്ളി. ഇതോടെയാണു പ്രതിപക്ഷാംഗങ്ങള്‍ ബഹളംവച്ചത്. ഇതോടെ ഇരു സഭകളുടേയും നടപടികള്‍ തടസപ്പെട്ടു. പ്രതിപക്ഷത്തെ തിരിച്ചടിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അതിക്രമങ്ങളെക്കുറിച്ചു ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

മണിപ്പൂരില്‍ ആക്രമികള്‍ നഗ്‌നയാക്കി നടത്തിച്ച യുവതികളിലൊരാള്‍ മുന്‍ സൈനികന്റെ ഭാര്യ. അക്രമത്തിനിരയായ 42 കാരി കര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സുബേദാറിന്റെ ഭാര്യയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ടു ചെയ്തത്. അക്രമികള്‍ വീടു കത്തിച്ചതിനാല്‍ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്.

‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലൂടെ മമ്മൂട്ടി മികച്ച നടന്‍. ‘രേഖ’യിലെ വിന്‍സി അലോഷ്യസ് മികച്ച നടി. മികച്ച ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍- മഹേഷ് നാരായണന്‍ (അറിയിപ്പ്). അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍), സ്വഭാവ നടി- ദേവി വര്‍മ്മ (സൗദി വെള്ളയ്ക്ക), സ്വഭാവ നടന്‍- പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)പിന്നണി ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്), മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്), മികച്ച ഛായാഗ്രാഹകന്‍- മനേഷ് മാധവന്‍ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്), പിന്നണി ഗായകന്‍- കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്റീസ് കിഡ്‌സ്), മികച്ച സംഗീത സംവിധാനം-എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ), മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്), പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്), എഡിറ്റിംഗ്- നിഷാദ് യൂസഫ് (തല്ലുമാല), മികച്ച കഥാകൃത്ത്- കമല്‍ കെ എം (പട), മികച്ച ബാലതാരം (പെണ്‍)- തന്മയ സോള്‍ (വഴക്ക്), മികച്ച ബാലതാരം (ആണ്‍)- മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്‌സ്). 154 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. അവസാന റൗണ്ടില്‍ 44 ചിത്രങ്ങള്‍ എത്തി. ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ജൂറി അധ്യക്ഷന്‍.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ അദ്ദേഹം 53 വര്‍ഷം പ്രതിനിധാനം ചെയ്ത പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെുപ്പിനു കളമൊരുങ്ങുന്നു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ഉടനേ ആരംഭിക്കും. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചയും സജീവമായി. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് സജീവമായി പരിഗണിച്ചേക്കും.

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി നല്‍കിയ സ്വകാര്യബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി. അടുത്ത മാസം രാജ്യസഭയില്‍ അവതരിപ്പിക്കും. കൊളോണീയല്‍ സംസ്‌കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവര്‍ണര്‍ പദവി. ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നും ബില്ലില്‍ പറയുന്നുണ്ട്.

പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു കണ്ണൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹൈക്കോടതി ഒക്ടോബര്‍ 18 വരെ സാവകാശം അനുവദിച്ചു. തിരിച്ചു പിടിക്കാത്തതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു.

പുരാവസ്തു തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നു മോന്‍സണ്‍ മാവുങ്കല്‍. സംസ്ഥാനത്തെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ കെണിയില്‍ കുടുക്കിയതാണെന്നും മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു പ്രതികരണം.

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രന്‍. മെയ് 17 മുതല്‍ 19 വരെ നടന്ന കണക്കെടുപ്പില്‍ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്ന് 84 കടുകളുണ്ടെന്ന് വ്യക്തമായി. 2018 ല്‍ 120 കടുവകളുണ്ടെന്നായിരുന്നു. 1920 കാട്ടാനുകളുണ്ടെന്ന് കണ്ടെത്തി. 2017 ല്‍ 3322 ആനകളുണ്ടായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി ആര്‍ രാജേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് ശാസ്താംകോട്ട പൊലീസിന്റെ നടപടി.

പ്രതിപക്ഷത്തിന്റെ ഇന്ത്യയില്‍ കേരളമില്ലേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ പ്രതിപക്ഷ സഹകരണമില്ലെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാലിന്റേയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും പ്രസ്താവന തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയില്‍നിന്നു തന്നെ പുറത്താക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനുളള വെളളം വാങ്ങിവയ്ക്കണമെന്ന് ശോഭ സുരേന്ദ്രന്‍. ട്രൗസറിട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതല്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ശോഭ പറഞ്ഞു.

മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെടുന്നു. മണിപ്പൂരിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണം. അദ്ദേഹം പറഞ്ഞു.

മദ്യപിച്ചു ലക്കുകെട്ട് റെയില്‍ പാളത്തിലേക്കു കാര്‍ ഓടിച്ചു കയറ്റിയയാള്‍ കണ്ണൂരില്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്.

റാഗിംഗ് നടത്തിയതിന് കാലടി ശ്രീശങ്കര കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരായ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാം വര്‍ഷ ബിരുദ വിദാര്‍ത്ഥികളായ വിഷ്ണു, ഡിജോണ്‍ പി ജിബിന്‍, ശരീഷ്, അനന്ത കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്.

കരുനാഗപ്പള്ളിയില്‍ 728.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആദിനാട് സ്വദേശി 34 വയസുള്ള വിഷ്ണുവാണ് പിടിയിലായത്.

ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പില്‍ ഇബ്രാഹിം (46) ആണ് പിടിയിലായത്.

വയനാട് മുട്ടിലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദര്‍പടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകന്‍ അരുണ്‍കുമാര്‍ (27) ആണ് മരിച്ചത്. സമീപത്തുനിന്ന് ബൈക്കും മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെത്തി.

മാനന്തവാടി തോണിച്ചാല്‍ ഇരുമ്പുപാലം തകര്‍ന്ന് ടിപ്പര്‍ ലോറി തോട്ടിലേക്കു മറിഞ്ഞു. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയില്‍നിന്നു മെറ്റലുമായി വന്ന ടിപ്പറാണ് മറിഞ്ഞത്.

പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയ കലാസൃഷ്ടികളോട് അസഹിഷ്ണുത വേണ്ടെന്നു സുപ്രീംകോടതി. ആദിപുരുഷ് സിനിമയ്ക്ക് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നല്‍കിയ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ നീരീക്ഷണം.

ഉത്തര്‍പ്രദേശിലെ ജ്ഞാന്‍വാപി പള്ളി പരിസരത്തു ശാസ്ത്രീയ പരിശോധനയ്ക്കു കോടതി അനുമതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടാണ് വാരാണസി ജില്ലോ കോടതി പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന ഗര്‍ഭഗൃഹം ഒഴികേയുള്ള ഭാഗത്താണു പരിശോധന നടത്തേണ്ടത്.

യുകെയില്‍ ഇമിഗ്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചു. ഇതോടെ കുടിയേറ്റക്കാര്‍ ആശങ്കയില്‍. വിസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്നിവയാണ് വര്‍ധിപ്പിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *