P10 yt cover

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്നു കുടുംബം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഭാര്യ മറിയാമ്മ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. എന്നാല്‍ ഔദ്യോഗിക ബഹുമതി നല്‍കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിയാലോചനകള്‍ക്കു ശേഷമേ തീരുമാനമെടുക്കൂ.

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ അണിചേരുന്നത് ആയിരങ്ങള്‍. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര ഇടക്കിടെ വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കരികില്‍ നിര്‍ത്തി അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം നല്‍കുന്നുണ്ട്. ആയിരങ്ങളാണ് ബാഷ്പാഞ്ജലികളുമായി എത്തുന്നത്. ഇതുമൂലം വിലാപയാത്ര മന്ദഗതിയിലാണ്. കോട്ടയത്തെ തിരുനക്കര മൈതാനത്ത് എത്താന്‍ വളരെ വൈകും. വിലാപയാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിട്ടത് മൂന്നര മണിക്കൂറുകൊണ്ടാണ്. മന്ത്രി വാസവന്‍ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന കോട്ടയം തിരുനക്കര മൈതാനിയില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍. 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മൈതാനിയില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. അന്ത്യോപചാരം അര്‍പ്പിച്ച് സ്ഥലംവിടണമെന്ന് പൊലീസ് അറിയിച്ചു. പൊതുദര്‍ശനതിന് ക്യു ഏര്‍പ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. ഉച്ചയ്ക്കുശേഷം കോട്ടയം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധിയാണ്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യോപചാരമേകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കോട്ടയത്ത് എത്തും. ഉച്ചയ്ക്കു രണ്ടിനാണു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുക. ബംഗളൂരുവില്‍ സോണിയാഗാന്ധിക്കും മല്ലികാര്‍ജുന ഖര്‍ഗെയ്ക്കുമൊപ്പം രാഹുല്‍ അന്ത്യോപചാരം അര്‍പ്പിച്ചതായിരുന്നു.

അബ്ദുള്‍ നാസര്‍ മദനി നാളെ നാട്ടിലേക്ക്. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കിയതനുസരിച്ച് വിചാരണക്കോടതി നാട്ടിലേക്കു പോകാന്‍ അനുമതി നല്‍കി. നാളെ രാവിലെ ഒമ്പതിനു ബെംഗളുരുവില്‍നിന്നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തും. അവിടെ നിന്ന് കാര്‍ മാര്‍ഗം അന്‍വാര്‍ശേരിക്ക് പോകും..

കോട്ടയം തിരുവാര്‍പ്പില്‍ കോടതി ഉത്തരവുണ്ടായിട്ടും ബസുടമയെ മര്‍ദിച്ച സിഐടിയു നേതാവ് കെ.ആര്‍. അജയന്‍ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണത്തിന് ഉത്തരവു നിലവിലിരിക്കേയാണ് ബസുടമ രാജ്മോഹനെ മര്‍ദിച്ചത്. കേസ് ഓഗസ്റ്റ് രണ്ടിലേക്കു മാറ്റി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പേയിളകിയ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിനു സമീപം പേപ്പട്ടി കടിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തെങ്കിലും പിന്നീട് കാല്‍ മുഴുവന്‍ പൊള്ളലേറ്റ നിലയിലായി. ആരോഗ്യാവസ്ഥ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാല്‍ മുറിച്ചുമാറ്റിയിരുന്നു.

കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്. കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22) മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് ചന്ദ്രന്‍ പരാതി നല്‍കിയത്.

ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21 -ാം വാര്‍ഡില്‍ കരിയില്‍ വീട്ടില്‍ വിനു (വിമല്‍ ചെറിയാന്‍-22) ആണ് പിടിയിലായത്.

പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്നു പേര് നല്‍കിയതിനെ പരിഹസിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ഹിമന്ദ പറഞ്ഞു. ട്വിറ്റര്‍ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി. കൊളോണിയല്‍ ചിന്താഗതയില്‍ നിന്ന് മോചിതരാകണം. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് പറഞ്ഞാല്‍ മതിയെന്ന് ജയ്റാം രമേശ് തിരിച്ചടിച്ചു. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ ലേബലിലാണ് ഉലകം ചുറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളുരുവില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ചംഗ തീവ്രവാദസംഘത്തെ അറസ്റ്റ് ചെയ്തു. സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുല്‍ത്താന്‍പാളയയിലെ ഒരു വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ബെംഗളുരു സെന്‍ട്രല്‍ ജയിലില്‍ ഇവരെ തീവ്രവാദപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസീറാണെന്നാണു റിപ്പോര്‍ട്ട്.

പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ കാമുകനെ തേടി മക്കളുമായി അനധികൃതമായി എത്തിയ പാക് വനിതയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളെന്ന് പാക്കിസ്ഥാനിലെ ഭര്‍ത്താവ്. സീമ എന്ന യുവതി പബ്ജിയിലൂടെ വേറേയും നിരവധി ആളുകളുമായി ബന്ധപ്പെട്ടിരുന്നതായാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പറയുന്നത്. സീമയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.

അപകട പരമ്പരകള്‍ തുടരുന്ന ബെംഗളൂരു- മൈസൂര്‍ എക്‌സ്പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ എന്‍എച്ച്എഐ വിദഗ്ധ സമിതിയെ നിയോഗിച്ചു. നാളെത്തന്നെ പഠനം പൂര്‍ത്തിയാക്കി 10 ദിവസത്തിനകം കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

രാജസ്ഥാനിലെ പാലിയില്‍ 33 കാരനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവു ചെയ്ത് ഭാര്യയുടെ കാമുകന്‍. ജോഗേന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. കാമുകന്‍ മദന്‍ലാലിനെ അറസ്റ്റു ചെയ്തു.

ടിബറ്റിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കു സമീപം യാര്‍ലുങ്- സാങ്പോ നദിയുടെ (ഇന്ത്യയില്‍ ബ്രഹ്‌മപുത്ര) താഴ്ന്ന ഭാഗത്ത് ചൈന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കനൊരുങ്ങുന്നു. 60 ജിഗാവാട്ട് ആസൂത്രിത ശേഷിയുള്ള ചൈനയുടെ മെഗാ പ്രോജക്റ്റായിരിക്കും ഇത്.

വിദേശനാണ്യ ശേഖരം ഉയര്‍ത്താന്‍ ചൈന പാക്കിസ്ഥാന് 6000 ലക്ഷം ഡോളര്‍ വായ്പ നല്‍കി. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഇക്കാര്യം വെളിപെടുത്തിയത്. ഐഎംഎഫ് കരാറിന്റെ പിന്‍ബലത്തിലാണ് വായ്പ.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ച് എച്ച്.ഡി.എഫ്.സി. ബാങ്ക്. പ്രതീക്ഷിച്ചതിലും മുകളിലുള്ള പ്രകടനവുമായി അറ്റാദായം 30% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി 11,952 കോടി രൂപയായി. അറ്റ വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 25,870 കോടി രൂപയില്‍ നിന്ന് 26.9 ശതമാനം വര്‍ദ്ധിച്ച് 32,829 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 21% ഉയര്‍ച്ചയോടെ 23,599 കോടി രൂപയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്തി മാര്‍ച്ച് പാദത്തിലെ 1.12 ശതമാനത്തില്‍നിന്ന് 1.17 ശതമാനമായി ഉയര്‍ന്നു. മൊത്തം നിക്ഷേപം 19.2 ശതമാനം ഉയര്‍ന്ന് 19.13 ലക്ഷം കോടിയായി. ഈ പാദത്തിലെ മൊത്തം നിക്ഷേപത്തിന്റെ 42.5% കാസ ആണ്. ആഭ്യന്തര റീട്ടെയില്‍ വായ്പകളില്‍ 20% എന്ന ശക്തമായ വളര്‍ച്ച നേടിയതിന്റെ ഫലമായി ബാങ്കിന്റെ മൊത്തം വായ്പാ മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16% വര്‍ധനയോടെ 16.16 ലക്ഷം കോടി രൂപയിലേക്ക് എത്തി. വാണിജ്യ, ഗ്രാമീണ ബാങ്കിംഗ് വായ്പകള്‍ 29% വളര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ്, മറ്റ് ഹോള്‍സെയില്‍ വായ്പകളുടെ വിഭാഗം 11.2% വര്‍ധന നേടിയെടുത്തു. സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളുടെ എണ്ണത്തിലും എച്ച്.ഡി.എഫ്.സി ബാങ്ക് നേട്ടമുണ്ടാക്കി. 10.7 ശതമാനമാണ് വര്‍ധന. സേവിംഗ്‌സ് അക്കൗണ്ടില്‍ 5.6 ലക്ഷം കോടിയും കറന്റ് അക്കൗണ്ടില്‍ 2.52 ലക്ഷം കോടിയും നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. ലയനത്തിനു ശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് നല്‍കിയ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ ഓഹരികള്‍ കഴിഞ്ഞ ദിവസമാണ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ബാങ്കിന്റെ വിപണി മൂല്യം 12.66 ലക്ഷം കോടി രൂപയായി. ഇതോടെ ലോകത്തെ ഏഴാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി ബാങ്ക്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍. വെബ് ബ്രൗസറില്‍ ജിമെയില്‍ തുറന്നിട്ടുണ്ടെങ്കില്‍, ‘മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ്’ എന്ന ഒരു പ്രോംപ്റ്റ് ഇപ്പോള്‍ ലഭ്യമാണ്. അതിനൊപ്പം തന്നെ ഈ നിര്‍ദ്ദേശം വൈകിപ്പിക്കാനോ നിരസിക്കാനോ ഉള്ള ഓപ്ഷനുണ്ട്. മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ് പ്രവര്‍ത്തനക്ഷമമാക്കുന്നത് അപകടകരമായ വെബ്‌സൈറ്റുകള്‍, ഡൗണ്‍ലോഡുകള്‍, വിപുലീകരണങ്ങള്‍ എന്നിവയ്‌ക്കെതിരെ വേഗത്തിലും കൂടുതല്‍ സജീവമായും പരിരക്ഷ നേടുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്നു. ഇത് സ്വയമേവ പ്രവര്‍ത്തിക്കുകയും ഗൂഗിള്‍ ക്രോമിലും ജിമെയിലും നിങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ‘തത്സമയ’ സുരക്ഷാ സ്‌കാനിംഗ് നല്‍കുന്നതിന് മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ് പ്രവര്‍ത്തനക്ഷമമാക്കുകയാണെന്ന് ഗൂഗിള്‍ വിശദീകരിക്കുന്നു. ഗൂഗിള്‍ ആപ്പുകളിലുടനീളമുള്ള അപകടകരമായ ലിങ്കുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് മികച്ച സംരക്ഷണം നല്‍കുന്നു. നിങ്ങളുടെ അക്കൗണ്ടിനായി മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ് മാനേജ് ചെയ്യാന്‍, ഉപയോക്താക്കള്‍ ഗൂഗിള്‍ അക്കൗണ്ട് തുറക്കേണ്ടതുണ്ട് > ഇടതുവശത്തുള്ള സുരക്ഷ തിരഞ്ഞെടുക്കുക > സ്‌ക്രോള്‍ ചെയ്ത് നിങ്ങളുടെ അക്കൗണ്ടിനായി മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ് കണ്ടെത്തുക > അത് പ്രവര്‍ത്തനക്ഷമമാക്കുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്യുക. അതേസമയം, ഈ ക്രമീകരണം പ്രാബല്യത്തില്‍ വരാന്‍ 24 മണിക്കൂര്‍ വരെ എടുത്തേക്കാമെന്ന് ഗൂഗിള്‍ കൂട്ടിച്ചേര്‍ക്കുന്നു.

സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കിര്‍ക്കന്‍’ ട്രെയിലര്‍ എത്തി. ഒരു കൊലപാതകവും തുടര്‍ന്നുള്ള കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്. അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജൂലൈ 21ന് റിലീസിന് എത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഏറെ നിഗൂഡതകള്‍ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാവും. മലയാളത്തില്‍ ഒരിടവേളയ്ക്കു ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തില്‍ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറില്‍ മാത്യു മാമ്പ്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടെയ്മെന്‍സിന്റെ ബാനറില്‍ അജിത് നായര്‍, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. ജ്യോതിഷ് കാശി, ആര്‍ജെ അജീഷ് സാരംഗി, സാഗര്‍ ഭാരതീയം എന്നിവരുടെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകര്‍ന്നിരിക്കുന്നത്.

ടി ജി രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന സിനിമയിലെ ഗാനം പുറത്തെത്തി. ‘വെല്‍കം ടു ബാലെ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗണേഷ് മലയത്തിന്റെ വരികള്‍ക്ക് വിഷ്ണു ശിവശങ്കര്‍ സംഗീതം നല്‍കി പ്രവീണ് സി പി, കിഷാന്‍ ശ്രീബാല, വിഷ്ണു ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ ആണ്. ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശിഹാബ് ഓങ്ങല്ലൂര്‍ ആണ്. പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ട് വസു (മിന്നല്‍ മുരളി ഫെയിം), റോഷ്‌ന ആന്‍ റോയ്, നിയാസ് ബക്കര്‍, വിനോദ് തോമസ്, വരുണ്‍ ധാര തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം ജാതി, മത വേര്‍തിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടുന്നു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിച്ച സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു ശിവശങ്കര്‍ ആണ്. ചിത്രം ജൂലൈ 21 ന് തിയറ്ററുകളില്‍ എത്തും.

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ സ്‌പോര്‍ട്ടി ഡിയോ 125 നിരത്തിലിറക്കി. പുതിയ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 83,400 രൂപയും സ്മാര്‍ട്ട് മോഡലിന് 91,300 രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. ഡ്യുവല്‍ ഔട്ട്‌ലെറ്റ് മഫ്‌ലര്‍, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ് നോട്ട് എന്നിവയ്‌ക്കൊപ്പം സ്‌പോര്‍ട്ടി ഫ്രണ്ട് ഡിസൈനാണ് പുതിയ ഡിയോ മോഡലിന്. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ 125 സി.സി പി.ജി.എം.എഫ്.ഐ എന്‍ജിനും ഹോണ്ട സ്മാര്‍ട്ട് കീയും പുതിയ ഡിയോ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും (3 വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും, 7 വര്‍ഷ ഓപ്ഷണല്‍ വാറന്റിയും) ഹോണ്ട ഡിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സാംഗിയ റെഡ് മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ് എന്നീ 7 നിറഭേദങ്ങളില്‍ ഡിയോ ലഭിക്കും.

‘വേര്’ മലയാളത്തില്‍ സൃഷ്ടിക്കുന്നത് പുതിയൊരു ആയിരത്തൊന്നു രാവുകളാണ് മലയോരങ്ങളുടെ രാവുകളും പകലുകളും. കഥകള്‍ക്കുള്ളിലെ കഥകളുടെ ഒഴുക്കില്‍ അതു നമ്മെ കുടുക്കുന്നു. കിഴക്കന്‍ മലകളുടെ പുത്രിമാരായ റോസയുടെയും ലില്ലിയുടെയും ജാസ്മിന്റെയും കലങ്ങിമറിയുന്ന ജീവിതസമരങ്ങളുടെ കഥ, മിനി പി.സിയുടെ കരങ്ങളില്‍ ഗോത്രസമൂഹങ്ങളുടെയും മലയോര കര്‍ഷക ജീവിതങ്ങളുടെയും മൃഗപക്ഷികളുടെയും കഥകള്‍ ചേര്‍ന്ന് ഒരു തിളയ്ക്കുന്ന കുട്ടകമായി മാറുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രവും വര്‍ത്തമാനവും അതില്‍ തിങ്ങിനിറയുന്നു. മിനി പി.സിയുടെ പുതിയ നോവല്‍. ‘വേര്’. മാതൃഭൂമി ബുക്സ്. വില 440 രൂപ.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ക്രമരഹിതമായ ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നത്. പുകവലി ഒഴിവാക്കുക, മലിനമായ വായു ശ്വസിക്കാതിരിക്കുക, ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുക എന്നിവ ഒരു പരിധിവരെ ശ്വാസകോശത്തെ സംരക്ഷിക്കും. ശ്വാസകോശാരോഗ്യത്തിന് ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍ കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. ചീര, കാബേജ്, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശ അര്‍ബുദം തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി. തക്കാളിയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശാരോഗ്യത്തിന് ഏറെ നല്ലതാണ്. നൈട്രേറ്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ബീറ്റ്റൂട്ട് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍, ഫ്ലേവനോയ്ഡുകള്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍. ദിവസവും ആപ്പിള്‍ കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ബി, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യത്തിനും ആപ്പിള്‍ നല്ലതാണ്. മഞ്ഞളിന് നിറം നല്‍കുന്ന രാസവസ്തുവാണ് കുര്‍ക്കുമിന്‍. പല മെഡിക്കല്‍ അവസ്ഥകളിലും ഇത് പ്രയോജനകരമാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ക്കെതിരെയും മഞ്ഞള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.14, പൗണ്ട് – 106.25, യൂറോ – 92.17, സ്വിസ് ഫ്രാങ്ക് – 95.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.64, ബഹറിന്‍ ദിനാര്‍ – 217.92, കുവൈത്ത് ദിനാര്‍ -267.87, ഒമാനി റിയാല്‍ – 213.63, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.36, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 62.37.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *