ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നതായി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. മേയില്‍ 1.4 ലക്ഷം കോടി രൂപ ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവഴിച്ചതായി ആര്.ബി.ഐ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ദ്ധന. ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിച്ച് 87.4 ദശലക്ഷം കടന്നു. ഇതും സര്‍വകാല റെക്കോഡാണ്. ജനുവരി മുതലുള്ള കാലയളവില്‍ 5 ദശലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍, മേയ് മാസങ്ങളില്‍ മാത്രം 2 ദശലക്ഷം പേര് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലേക്കെത്തി. രാജ്യത്ത് ഈ കലണ്ടര്‍വര്‍ഷം ആദ്യമാസം 82.4 ദശലക്ഷം കാര്‍ഡുകള്‍ ആണ് ഉപയോഗത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ 83.3 ദശലക്ഷം, മാര്‍ച്ചില്‍ 85.3 ദശലക്ഷം, ഏപ്രിലില്‍ 86.5 ദശലക്ഷം എന്നിങ്ങനെ കാര്‍ഡുകളുടെ എണ്ണം ഉയര്‍ന്നു. പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ് ചെലവിടല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കണക്കനുസരിച്ച് 1.1-1.2 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ മേയില്‍ മൊത്തം ചെലവിടല്‍ റെക്കോഡ് ഉയരത്തിലേക്ക് എത്തിയതിനൊപ്പം ഒരു കാര്‍ഡിലെ ശരാശരി ചെലവും 16,144 രൂപ എന്ന പുതിയ റെക്കോഡ് ഉയരത്തില്‍ ഉയര്‍ത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന് മേയിലെ കണക്കു പ്രകാരം 18.12 മില്യണ്‍ ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രചാരത്തിലുള്ളത്. ക്രെഡിറ്റ് കാര്‍ഡ് വ്യവസായത്തിലെ മൊത്തം കുടിശികയുടെ 28.5 ശതമാനവും സംഭാവന ചെയ്യുന്നത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ കാര്‍ഡിന് 17.13 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. 14.67 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകളുമായി ഐ.സി.ഐ.സി.ഐ ബാങ്കാണ് മൂന്നാമത്. 12.46 ദശലക്ഷവുമായി ആക്സിസ് ബാങ്ക് നാലാം സ്ഥാനത്തുണ്ട്.