വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. സിദ്ധ് ശ്രീറാമും ചിന്മയിയും ചേര്‍ന്ന് ആലപിച്ച ‘ആരാധ്യ’ എന്ന ഈ പ്രണയഗാനം രചിച്ചിരിക്കുന്നത് ശിവ നിര്‍വാണയാണ്. മലയാളത്തിന്റെ സ്വന്തം ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായികാനായകന്മാരുടെ വിവാഹശേഷമുള്ള ഈ ഗാനത്തെ ‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്’ എന്നാണ് ശ്രോതാക്കള്‍ വിലയിരുത്തുന്നത്. ഇതിനുമുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘എന്‍ റോജാ നീയേ’ എന്ന ഗാനവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ആരാധ്യ’യുടെ തമിഴ്, തെലുങ്ക് വെര്‍ഷനുകള്‍ സിദ്ധ് ശ്രീറാമും ചിന്മയിയും ചേര്‍ന്നു പാടിയപ്പോള്‍ ഹിന്ദി വെര്ഷന് ജുബിന്‍ നൗട്ടിയാലും പലക് മുച്ചാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് കെ.എസ് ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ‘ഖുഷി’ സെപ്തംബര്‍ 1ന് തിയറ്ററുകളില്‍ എത്തും. ജയറാം, സച്ചിന് ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.