ഹീറോ മോട്ടോര്‍ കോര്‍പ് മോട്ടോര്‍സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില വര്‍ധിപ്പിച്ചു. ജൂലൈ മൂന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. വില വര്‍ധന ഏകദേശം 1.5 ശതമാനമായിരിക്കുമെന്നും മോഡലിനെ ആശ്രയിച്ച് ഇവ വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം ഏപ്രിലിലും കമ്പനി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. പ്രൈസ് റിവ്യൂവിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മോട്ടോര്‍ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുന്നതെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് പറയുന്നത്. നിര്‍മാണ ചിലവ് ഉയര്‍ന്നതാണ് വിലവര്‍ധനക്ക് കാരണം. വില വര്‍ധനവിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നൂതനമായ ഫിനാന്‍സിങ് ഏര്‍പ്പെടുത്തുമെന്നും ഹീറോ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹീറോ പാഷന് പ്ലസിനെ പുനരവതരിപ്പിച്ചത്. 76,065 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുതിയ പാഷന് പ്ലസ് വിപണിയില്‍ എത്തിയിരിക്കുന്നത്. പാഷന് പ്ലസിനൊപ്പം എക്സ്ട്രീം 160 4വി അതിന്റെ പുതിയ പ്രീമിയം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായി അവതരിപ്പിക്കുകയും ചെയ്തു. 1.27 ലക്ഷം മുതല്‍ 1.36 ലക്ഷം രൂപ വരെയാണ് എക്സ്ട്രീമിന്റെ വില. ഹീറോയുമായി സഹകരിച്ച് അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി-ഡേവിഡ്സണ് പുറത്തിറക്കുന്ന എക്സ്440 വിപണിയില്‍ എത്തി.