കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് യോഗം. ജി 20 യോഗ വേദിയിലെ കണ്‍വന്‍ഷന്‍ സെന്ററിലാണ് യോഗം. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 ന് ആരംഭിക്കാനിരിക്കേയാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം.
പാര്‍ട്ടിയെ പിളര്‍ത്തി ബിജെപി മന്ത്രിസഭയില്‍ അജിത് പവാറിനൈാപ്പം ചേര്‍ന്ന ഒമ്പതു പേര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എന്‍സിപി. കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കാനാന്‍ സ്പീക്കര്‍ക്ക് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കത്തു നല്‍കി. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷം തന്നോടൊപ്പമാണെന്ന് അജിത് പവാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്‌നം മറികടക്കാനാവില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
ബെംഗളൂരുവില്‍ ഈ മാസം 13, 14 തീയതികളില്‍ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. എന്‍സിപി പിളര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാവ് ശരദ് പവാറിന്റെ ആശിര്‍വാദത്തിലും നേതൃത്വത്തിലുമായിരുന്നു പ്രതിപക്ഷ കക്ഷികള്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്.
മണിപ്പൂര്‍ കലാപം സംബന്ധിച്ച് സുപ്രീം കോടതി മണിപ്പൂര്‍ സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി. സ്ഥിതിഗതികള്‍ ശാന്തമാകുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
രാജ്യത്തെ 23 വന്ദേഭാരത് എക്‌സ്പ്രസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം കേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്ക്. കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ ശരാശരി ഓക്യുപെന്‍സി റേറ്റ് 183 ശതമാനമാണ്. 176 ശതമാനവുമായി തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേ ഭാരത് എക്സ്പ്രസാണ് തൊട്ടുപിന്നില്‍. 134 ശതമാനമുള്ള ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസാണ് മൂന്നാം സ്ഥാനത്ത്.
സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറംചട്ടയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരസ്യം നല്‍കിയതു വിവാദമായി. അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ വിയോജിപ്പു പ്രകടിപ്പിച്ചു. എഴുത്തുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് സച്ചദാനന്ദന്‍ രംഗത്തുവന്നത്. പരസ്യം നല്‍കിയതി ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സെക്രട്ടറി സി.പി. അബൂബക്കര്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സിപിഎമ്മിന്റേതെന്നു വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും സി പി എം മതേതരത്വം പഠിപ്പിക്കേണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിക്കെതിരായ കേസ് വ്യാജമാണെന്നു ബോധ്യമായിട്ടും പിടിച്ചെടുത്ത ഫോണും സ്‌കൂട്ടറും തിരിച്ചു നല്‍കാതെ എക്‌സൈസ്. ഫെബ്രുവരി 27 നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ പടികൂടിയത്.
അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്. ഇടുക്കി മൈലപ്പുഴ സ്വദേശി പ്രജോഷാണ് ഡിജിപിക്കു പരാതി നല്‍കിയത്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം നാട്ടുകാരും ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.
ലൈഫ് മിഷന്‍ കോഴയിടപാടിലെ കള്ളപ്പണ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ഹര്‍ജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിലപാടെടുത്തു.
പേരു രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ എം.ജി സര്‍വകലാശാല പരാതി നല്‍കി 10 ദിവസമായിട്ടും കേസെടുക്കാതെ പൊലീസ്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനു സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തി.
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. പിവി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേയാണു നടപടി. മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയക്കെതിരെ എസ് സി എസ്ടി പീഡന നിരോധന നിയമമനുസരിച്ചുള്ള കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.
കൈതോലപ്പായയില്‍ രണ്ടേകാല്‍ കോടി രൂപ കടത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എംപിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം. തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിക്കാണ് അന്വേഷണ ചുമതല.
കൈതോലപ്പായയിലെ പണം കടത്തിലൂടെ കോടികള്‍ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്കാണെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കാശിന് പാര്‍ട്ടിയില്‍ കണക്കില്ലെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിഭാഗീയതയുടെ കാലശേഷമാണ് പാര്‍ട്ടയുടെ സാമ്പത്തിക ഇടപാടുകള്‍ക്കു കണക്കില്ലാതായതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ തലവടിയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ തലവടി ഫെഡറല്‍ ബാങ്കിന് മുകളിലെ എക്കോസ് ബില്‍ഡിംഗില്‍ കൂടുകൂട്ടിയ തേനീച്ചകളാണ് ആളുകളെ ആക്രമിച്ചത്. എടിഎം കൗണ്ടറില്‍ കയറിയവരുടെ ഹെല്‍മറ്റില്‍ കടന്നുകൂടിയ തേനീച്ച ഇവരെ ആക്രമിക്കുകയായിരുന്നു.
മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരായ ആസൂത്രിത ഗൂഡാലോചനയും കൂട്ടക്കുരുതിയുമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമാധാനം സ്ഥാപിക്കണ്ട കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രണയിച്ചു രണ്ടാഴ്ച മുമ്പു വിവാഹിതരായ നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോനയാണ് ഭര്‍ത്താവ് വിപിന്റെ വീട്ടില്‍ മരിച്ചത്. ഓട്ടോ ഡ്രൈവറായ വിപിനും കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന സോനയും തമ്മില്‍ പ്രണയ വിവാഹമായിരുന്നു.
ബന്ധുക്കളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് (47) ആണ് തൂങ്ങിമരിച്ചത്. വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരന്‍ രജീഷ്, ഭാര്യ സുബിന, മകന്‍ ദക്ഷന്‍ തേജ് എന്നിവരുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീയിട്ടശേഷമാണ് ജീവനൊടുക്കിയത്.
കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിന് അയല്‍വാസിയുടെ വീട് അടിച്ചു തകര്‍ക്കുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത സംഘത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂരിലെ ശ്യാം ലാല്‍, ആഷിഖ് , ഷെഫീഖ്, അനീഷ്, അരുണ്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്.
റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം നീക്കാന്‍ വൈകിയതിനാല്‍ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകി. വന്ദേഭാരത്, ജനശതാബ്തി എക്‌സ്പ്രസുകള്‍ അര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍. അതീവ സുരക്ഷാ മേഖലയിലാണ് അതിരാവിലെ ഡ്രോണ്‍ കണ്ടത്. ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.