രാജ്യാന്തര സ്വര്‍ണ വിലയില്‍ പുതിയ റെക്കോഡ്. ആദ്യമായി ഔണ്‍സിന് 2,942.69 ഡോളറിലെത്തി. രണ്ട് ദിവസം കൊണ്ട് മൂന്ന് ശതമാനത്തോളമാണ് വില ഉയര്‍ന്നത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും പുതിയ റെക്കോഡ് കുറിച്ചു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8,060 രൂപയും പവന് 640 രൂപ ഉയര്‍ന്ന് 64,480 രൂപയുമായി. വെറും രണ്ട് ദിവസം കൊണ്ട് 925 രൂപയാണ് പവന് വിലയില്‍ കൂടിയത്. ഈ മാസം ഇതുവരെയുള്ള വര്‍ധന. ഈ മാസം ഇതുവരെ 2,840 രൂപ വര്‍ധിച്ചു. നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ അധികം വൈകാതെ പവന് വില 70,000 കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6,585 രൂപയിലാണ് വ്യാപാരം. ട്രംപിന്റെ ചുങ്ക നടപടികളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ വിലയെ മുന്നേറ്റത്തിലാക്കിയത്. അതിനൊപ്പം ചൈനയുടെ അപ്രതീക്ഷിത നീക്കം കൂടിയായപ്പോള്‍ സ്വര്‍ണത്തിന്റെ കുതിപ്പിന് ആക്കം കൂടി. കഴിഞ്ഞ ആറ് മാസമായി സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തി വച്ചിരുന്ന ചൈനയുടെ കേന്ദ്ര ബാങ്ക് ഇപ്പോള്‍ വാങ്ങല്‍ പുനരാരംഭിച്ചു. മാത്രമല്ല, ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും ആദ്യമായി അനുമതി നല്കി. ഇതുപ്രകാരം ഏകദേശം 2740 കോടി ഡോളര്‍ (23,800 കോടി രൂപ) സ്വര്‍ണത്തിലേക്ക് ഒഴുകുമെന്നാണ് കണക്കുകൂട്ടല്‍.
പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണവില
