തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഡാലോചനയില്‍ പങ്കാളിയായെന്ന് ആരോപിച്ച് ഡിവൈഎസ്പി റസ്റ്റത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ലോക്‌സഭാ സ്പീക്കര്‍, സംസ്ഥാന പോലീസ് മേധാവ്, പോലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവര്‍ക്കു പരാതി നല്‍കി. റസ്റ്റം നടത്തിയ വഴിവിട്ട നടപടികള്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി റസ്റ്റത്തിനെതിരേ പ്രതി മോന്‍സന്‍ മാവുങ്കല്‍ കോടതിക്കു പരാതി നല്‍കി. സാമ്പത്തിക തട്ടിപ്പില്‍ കെ. സുധാകരനു പങ്കുണ്ടെന്ന് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നാണു കോടതിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. സുധാകരന്റെ പേരു പറഞ്ഞാല്‍ പോക്‌സോ, തട്ടിപ്പു കേസുകളില്‍നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും പരാതിയില് പറയുന്നു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ വധിക്കാന്‍ സിപിഎം വാടകക്കൊലയാളികളെ അയച്ചെന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍ ഭയമുളവാക്കുന്നതാണെന്ന് ബെന്നി ബഹനാന്‍ എം.പി. രാഷ്ട്രീയ എതിരാളിയായിരുന്ന ടി.പി ചന്ദ്രശേഖരനെ വധിച്ചവര്‍ ഇതെല്ലാം ചെയ്യുമെന്നാണു ചരിത്രം തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കെ സുധാകരന്‍ പൊലീസിനെ വിരട്ടിയാണ് എഫ്‌ഐആര്‍ ഇട്ടതെന്ന കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്ന് സിപിഎം േേനതാവ് പി. ജയരാജന്‍. കേസില്‍ തങ്ങളെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ വേട്ടയെന്ന് തെളിഞ്ഞിരിക്കുകയാണ്. സുധാകരന്‍ നടത്തിയതു ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണെന്നും ജയരാജന്‍ ആരോപിച്ചു.
നവസംരഭകരെയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം. രണ്ടാം നേടുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്കു രണ്ടു ലക്ഷം രൂപയും സമ്മാനിക്കും. നാലു മുതല്‍ 10 വരെ സ്ഥാനം നേടുന്നവര്‍ക്ക് ലക്ഷം രൂപ വീതവും 11 മുതല്‍ 20 വരെ സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും ലഭിക്കും. നാല് റൗണ്ടുകളിലായി നടത്തിയ മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 14, 15 തീയതികളിലായി എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കും.
കാട്ടാക്കടയില്‍ പണത്തിനു വേണ്ടി വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ രണ്ടു പൊലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരണ്‍ എന്നിവരെയാണ് റൂറല്‍ എസ്പി ഡി ശില്‍ പിരിച്ചുവിട്ടത്. അനധികൃതമായി ടൈല്‍സ് കച്ചവടം നടത്തിയതിനും സാമ്പത്തിക തട്ടിപ്പിനും രണ്ടു പേരും നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു.
വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പ്രതികളെ തെളിവെടുപ്പു പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങി. കേസിലെ ദൃക്‌സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ് ബന്ധുക്കള്‍ പരാതിപ്പെട്ടു. അജ്ഞാതരായ രണ്ടു പേര്‍ വീട്ടില്‍ എത്തിയെന്നാണു ബന്ധുക്കളുടെ പരാതി.
തെരുവുനായ കേസില്‍ ഓള്‍ ക്രീചെര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടനയുടെ മാനേജിംഗ് ട്രസ്റ്റി അഞ്ജലി ഗോപാലന്‍ നല്‍കിയ സത്യവാങ്മൂലം കള്ളമാണെന്ന് ആരോപിച്ച് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയില്‍. അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്‌തെന്ന് അപേക്ഷയില്‍ പറയുന്നു.
കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. കടയ്ക്കല്‍ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്റെ മൃതദേഹത്തിന് പകരം രാജേന്ദ്രന്‍ നീലകണ്ഠന്‍ എന്നയാളുടെ മൃതദേഹമാണ് നല്‍കിയത്. വീട്ടിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയ വിവരം മനസിലായത്. ഉടന്‍ ആശുപത്രിയില്‍ തിരിച്ചെത്തിച്ച് ശരിയായ മൃതദേഹവുമായി മടങ്ങി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പായസം തയാറാക്കാന്‍ ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ നിര്‍മ്മിച്ച നാലു ഭീമന്‍ ഓട്ടുരുളികള്‍ എത്തിച്ചു. ആയിരം ലിറ്റര്‍ വീതം പായസം തയ്യാറാക്കാവുന്ന വലിയ നാലു ഓട്ടുരുളികളാണ് എത്തിച്ചത്. 2500 കിലോ ഭാരവും എട്ടടി വ്യാസവും 26 ഇഞ്ച് കുഴിവുമുള്ള വാര്‍പ്പുകളാണിവ.
കഴിഞ്ഞ മെയ് എട്ടിനു കെഎസ്ആര്‍ടിസിയിലെ ബി.എം.എസ് യൂണിയനംഗങ്ങള്‍ നടത്തിയ ഒരു ദിവസത്തെ പണിമുടക്കിനു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പ്രഖ്യാപിച്ച മൂന്നു ദിവസത്തെ ഡയസ്‌നോണ്‍ ഹൈക്കോടതി അംഗീകരിച്ചു.
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കണമെന്ന് മുഖ്യമന്ത്രി. പ്രായോഗികമല്ലാത്ത നിര്‍ദേശമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മാര്‍ച്ച് ഒമ്പതിന് ഈ ആവശ്യം ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയപ്പോഴാണ് സംസ്ഥാനം എതിര്‍പ്പ് അറിയിച്ചത്.
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് വടം വലിക്കിനിടെ എറണാകുളം തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകുന്നു. യുഡിഎഫ് വിമതരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ഭരണം അട്ടിമറിക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം. കോണ്‍ഗ്രസ് വിമത ഓമന സാബു ഇടത് പിന്തുണയോടെ പുതിയ ചെയര്‍പേഴ്‌സണാകും.
43 അംഗ തൃക്കാക്കര നഗരസഭയില്‍ യുഡിഎഫിന് 21 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 17 പേരും കോണ്‍ഗ്രസ് വിമതരായ അഞ്ചു പേരുമുണ്ട്.
തൃശൂര്‍ ചിയ്യാരത്ത് ആഡംബര കാറില്‍ 221 കിലോ കഞ്ചാവ് കടത്തിയ കേസില്‍ വന്‍ മാഫിയ തലവനും കൂട്ടാളിയും ഒഡീഷയില്‍ പിടിയില്‍. ഒഡീഷ ഗജപതി ജില്ല സ്വദേശിനി നമിത പരീച്ച (32), അരുണ്‍ നായിക് (25) എന്നിവരെയാണ് കേരള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
കാസര്‍കോട് ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയില്‍ തള്ളി. സീതാംഗോളി സ്വദേശി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രിസ്റ്റയെയാണ് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി അയല്‍വാസിയുടെ പറമ്പിലെ കക്കൂസ് കുഴിയില്‍ തള്ളിയത്.
കോഴിക്കോട് നാദാപുരത്ത് കുളിക്കാനായി പുഴയില്‍ ഇറങ്ങിയ രണ്ടു കുട്ടികളില്‍ ഒരാള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹമൂദിന്റ മകന്‍ സഹല്‍ ആണ് (15) മുങ്ങിമരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളെ കഠിനതടവിനും നഷ്ടപരിഹാരത്തിനും ശിക്ഷിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി. തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി പാവറട്ടി പുതുമനശേരി മുസ്തഫയെ (40) 15 വര്‍ഷം തടവിനും 60,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. മറ്റൊരു കേസ്സില്‍ ചേലക്കര മേപ്പാടം സ്വദേശി പയറ്റി പറമ്പില്‍ റഫീക്കിനെ (48) നാലുവര്‍ഷം ഒമ്പതുമാസം തടവിും 61,000 രൂപ പിഴക്കും ശിക്ഷിച്ചു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം 20 മുതല്‍ ഓഗസ്റ്റ് 11 വരെ. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിക്കുന്ന സമ്മേളനം പകുതി ദിവസം പിന്നിടുമ്പോള്‍ പുതിയ മന്ദിരത്തിലേക്കു മാറും.
ഒരു ഉറപ്പുമില്ലാത്ത സഖ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തട്ടിക്കൂട്ടാന്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു നേരെയുണ്ടായ വധശ്രമത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു. ഹരിയാനയിലെ അംബാലയില്‍നിന്നു പിടിയിലായ പ്രതികളില്‍ മൂന്നുപേര്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശികളാണ്. ഒരാള്‍ ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ്.
മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുകയാണെന്ന് ബിജെപി മണിപ്പൂര്‍ ഘടകം. എന്നാല്‍ മണിപ്പൂരിലെ അവസ്ഥയെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കരുതെന്നും മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷ ശാരദാ ദേവി പറഞ്ഞു.
ജൂണില്‍ ഇന്ത്യയുടെ മൊത്ത ചരക്കുസേവന നികുതി വരുമാനം 1,61,497 കോടി രൂപ. കഴിഞ്ഞ വര്‍ഷം ജൂണിലെ ജിഎസ്ടി കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂണില്‍ 1.44 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.
രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക രണ്ടു ലക്ഷം കോടി കവിഞ്ഞു. റിസര്‍വ് ബാങ്കാണ് ഈ കണക്കു പുറത്തുവിട്ടത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 2,00,258 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 29.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ്.
നാളെ അന്താരാഷ്ട്ര ബിരിയാണി ദിനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴര കോടിയിലേറെ ബിരിയാണി ഓര്‍ഡറുകള്‍ ഇന്ത്യക്കാര്‍ നല്‍കിയെന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി വെളിപ്പെടുത്തി.
പതിനേഴുകാരനെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം. അള്‍ജീരിയന്‍ മൊറോക്കന്‍ വംശജനായ നയെല്‍ എന്ന യുവാവിനെയാണു വാഹന പരിശോധനയ്ക്കിടെ പോലീസ് വെടിവച്ചുകൊന്നത്. പ്രതിഷേധിച്ചതിനു നാലു ദിവസത്തിനിടെ ആയിരത്തിലേറെ പേരെ അറസ്റ്റു ചെയ്തു. സമരക്കാരെ നേരിടാന്‍ നാല്‍പതിനായിരം പോലീസുകാരെ നിയോഗിച്ചിരിക്കുകയാണ്.
പറന്നുയരാനിരിക്കേ വിമാനത്തില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനം വൈകി. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്. യാത്രക്കാരെ പിറത്തിറക്കി വിമാനം റണ്‍വേയില്‍നിന്ന് മാറ്റി.