മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്- റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയ്സ് ഓഫ് സത്യനാഥ’നിലെ ആദ്യ ലിറിക് വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച്, അങ്കിത് മേനോന് സംഗീതം നല്കി സൂരജ് സന്തോഷും അങ്കിത് മേനോനും കൂടി ആലപിച്ച ഓ പര്ദേസി എന്ന ഗാനം ആണ് പുറത്തിറങ്ങിരിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന് റാഫി തന്നെയാണ്. ജോജു ജോര്‍ജ്ജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. ദിലീപും ജോജു ജോര്‍ജ്ജും പ്രധാന വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണ്. അതോടൊപ്പം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദ്ദിഖ്, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാര്ദ്ദനന്, ബോബന് സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായും എത്തുന്നു.