ആയിരത്തിലേറെ രൂപയുടെ ബില്ലുകള്‍ ഇനി കെഎസ്ഇബി ഓഫീസ് കൗണ്ടറില്‍ സ്വീകരിക്കില്ല. ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം. അഞ്ഞൂറിലേറെ രൂപയുടെ ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണമെന്ന ഉത്തരവ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇടപെട്ടു ആയിരം രൂപയെന്ന് തിരുത്തുകയായിരുന്നു. ആയിരം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ലെന്നാണ് ആദ്യം ഉത്തരവിട്ടതെങ്കിലും ഉച്ചയോടെ തിരുത്തി 500 രൂപയാക്കി ഉദ്യോഗസ്ഥര്‍ കുറച്ച ഉത്തരവാണു മന്ത്രി തിരുത്തിയത്.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ഈ ദിവസങ്ങളില്‍ രാത്രി പതാക താഴ്‌ത്തേണ്ടതില്ല. 13 മുതല്‍ 15 വരെ പതാക ഉയര്‍ത്തണമെന്നു രണ്ടു ദിവസംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.
ജലജീവന്‍ മിഷന്‍ പദ്ധതി 2024 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ എല്ലാ സഹായവും ജില്ലാ കളക്ടര്‍മാര്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ ഇടപെടണമെന്നും അദ്ദേഹം കളക്ടര്‍മാരോട് ആവശ്യപ്പെട്ടു.
ക്രമസമാധാനം തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്കെതിരേ ജാഗ്രത വേണമെന്നു പോലീസിനോടു മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റിങ്ങല്‍ നഗരൂരില്‍ കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം ഇപ്പോള്‍ പൂര്‍ണമായും മാറി. ജനങ്ങളോട് പൊലീസ് സഹകരിക്കുന്നുണ്ട്. കേരളം നേരിട്ട ദുരന്തങ്ങളിലും കൊവിഡ് മഹാമാരിയിലും ജനങ്ങള്‍ക്കൊപ്പം നിന്ന പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സമ്മേളനത്തിയ പോലീസുകാര്‍ മദ്യക്കുപ്പിയുമായി വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി അടിപിടി. ഒടുവില്‍ മൂന്നു പോലീസുകാരെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബിവറേജസില്‍നിന്നു മദ്യം വാങ്ങി വന്ന പൊലീസുകാര്‍ തൊട്ടടുത്തുള്ള വീടിനു മുന്നില്‍ മൂത്രമൊഴിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്.
മത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങള്‍ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.
ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി. പരാതി ലഭിച്ചാല്‍ പോലീസ് വേഗത്തില്‍ നടപടി സ്വീകരിക്കണം. ഇര പറയുന്ന സ്ഥലത്തുവച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ മൊഴിയെടുക്കാവൂ. ഒരു കാരണവശാലും ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സ്വര്‍ണ്ണക്കടത്തു കേസ് കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിക്കെതിരെ തടസ ഹര്‍ജിയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേസില്‍ പ്രതിയുമായ എം ശിവശങ്കര്‍. സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത ശിവശങ്കര്‍, ഉത്തരവു പുറപ്പെടുവിക്കുന്നതിനു മുമ്പ് തന്നെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
സ്വര്‍ണക്കടക്ക് കേസ് പ്രതി സ്വപ്ന സുരേഷിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാള്‍ പട്ടാളമാണ് സ്വപ്ന. നിങ്ങളുടെ ജീവനു ഭീഷണിയുള്ളതില്‍ ആശങ്കയുണ്ട്. കേരളത്തില്‍ ഭരണകൂടത്തിന്റെ മാഫിയ പ്രവര്‍ത്തനത്തിനെതിരേയുള്ള പോരാട്ടത്തിനു പിന്തുണ അറിയിക്കുന്നു. സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തെന്നല വെന്നിയൂര്‍, പൂക്കിപറമ്പ് എന്നിവിടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ രണ്ടു പേര്‍ പിടിയില്‍. തെന്നല അറക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (34), കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ചെനക്കല്‍ നിയാസുദ്ധീന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. സുഹൈല്‍ വെന്നിയൂര്‍ മാര്‍ക്കറ്റ് റോഡില്‍ സേവകേന്ദ്രത്തിന്റെ മറവിലും നിയാസുദ്ധീന്‍ തെന്നല അറക്കലില്‍ പലചരക്ക് കടയുടെ മറവിലുമായിരുന്നു സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. എംഎം മണി ആനി രാജക്കെതിരെ പരാമര്‍ശം നടത്തിയപ്പോള്‍ പ്രതിരോധിക്കാത്തത് ശരിയായില്ല. ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ പോലും തിരുത്താന്‍ കഴിഞ്ഞില്ലെന്നാണു വിമര്‍ശനം.
കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനി എസ്. ബിനീത(43) ആണ് അറസ്റ്റിലായത്. കരാറുകാരന്‍ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. മുതുവല്ലൂര്‍ വെറ്ററിനറി ആശുപത്രിയുടെ മതില്‍ പണിയാനുള്ള നാലു ലക്ഷം രൂപ അനുവദിക്കാന്‍ രണ്ടു ശതമാനം തുകയായ എണ്ണായിരം രൂപ കോഴ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംഡിയും സിഇഒയുമായ രാജേഷ് ഝാ. ശ്രീലങ്കന്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വിഴിഞ്ഞം പോര്‍ട്ടിന് കൂടുതല്‍ പ്രാധാന്യം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ ലംഘനം, പുനരധിവസം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തേക്ക് ആവശ്യമായ പാറക്കലുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അക്രമം. നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടത്തന്നുണ്ടെന്ന് അഴിമതി ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇടതു കൗണ്‍സിലര്‍ക്ക് അന്‍ധികൃതമായി ലൈഫ് പദ്ധതി പ്രകാരം വീട് നല്‍കിയെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വാക്കേറ്റത്തിനിടയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കസേര വലിച്ചെറിയുകയും മേശയും മൈക്കും തല്ലി തകര്‍ക്കുകയും ചെയ്തു.
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിന്റെ കാലില്‍ കുത്തിയ സൂചി ഒടിഞ്ഞുകയറി. ഡ്രിപ്പിടാന്‍ കുത്തിയ സൂചിയാണ് ഒടിഞ്ഞത്. കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയാണു സൂചി പുറത്തെടുത്തത്.
ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. നവംബര്‍ ഏഴിനു ഹാജരാകണമെന്നാണ് സമന്‍സ്. നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ പ്രസ്താവനയ്‌ക്കെതിരേ മൂന്നു വര്‍ഷം മുമ്പ് ലിബര്‍ട്ടി ബഷീര്‍ മജീസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
തൃശൂര്‍ കുന്നംകുളത്തിനടുത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണു കേസ്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയിച്ചാണ് ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ മാസങ്ങളായി ലൈംഗിക അതിക്രമങ്ങള്‍ നടത്തിയത്.
ന്യായാധിപന്മാര്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടയ്ക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. മാധ്യമങ്ങള്‍ കങ്കാരു കോടതികളായി മാറിയിരിക്കുകയാണ്. ഒരു വിഷയത്തില്‍ പരിചയ സമ്പന്നരായ ന്യായധിപന്മാര്‍ പോലും വിധിക്കാന്‍ വിഷമിക്കുമ്പോള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളുള്ള മാധ്യമങ്ങള്‍ അനായാസം വിധി പ്രസ്താവിക്കുകയാണ്. അദ്ദേഹം വിമര്‍ശിച്ചു.
മകള്‍ വിദ്യാര്‍ത്ഥിനിയാണെന്നും ഗോവയില്‍ ബാര്‍ നടത്തുകയല്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കിയത് സ്മൃതി ഇറാനിയുടെ മകളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോണിയയും രാഹുല്‍ഗാന്ധിയും അയ്യായിരം കോടി അപഹരിച്ചെന്ന് ആരോപിച്ചതിനാണ് തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും സ്മൃതി പറഞ്ഞു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. ‘എന്റെ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍. ഇവരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പ്രശംസനീയമാണ്.’ അദ്ദേഹം ആശംസിച്ചു.
ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിനു ഉക്രെയ്നും റഷ്യയും തമ്മില്‍ സുപ്രധാന കരാര്‍. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലാണ് കരാറില്‍ ഒപ്പിട്ടത്. ഫെബ്രുവരിയില്‍ ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിനുശേഷം യുദ്ധത്തിലായ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന കരാറാണിത്. റഷ്യ യുക്രൈന്‍ യുദ്ധം മൂലം 47 ദശലക്ഷം ജനങ്ങള്‍ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. കരിങ്കടല്‍ വഴിയുള്ള ധാന്യങ്ങളുടെ കയറ്റുമതി പുനരാരംഭിച്ചാല്‍ ഭക്ഷ്യപ്രതിസന്ധിക്ക് അല്‍പമെങ്കിലും പരിഹാരമുണ്ടാകും.