രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രമാണ് ‘ആദിപുരുഷ്’. അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ഉയര്‍ത്തിയ ചിത്രം കൂടിയാണ് പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ആദിപുരുഷ്. ചിത്രത്തില്‍ ശ്രീരാമനെ അവതരിപ്പിച്ചിരിക്കുന്നത് പ്രഭാസ് ആണ്. കൃതി സനോണ്‍ സീതയാവുമ്പോള്‍ രാവണനാവുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന ‘ശിവോഹം’ എന്ന വീഡിയോ ഗാനമാണിത്. ഹിന്ദിക്ക് പുറമെ ചിത്രം ഇറങ്ങിയ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം മികച്ച പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തിയ ചിത്രം മോശം മൌത്ത് പബ്ലിസിറ്റിയാണ് നേടിയത്. അതേസമയം ആഗോള ബോക്‌സ് ഓഫീസിലെ ആകെ നേട്ടം പരിഗണിക്കുമ്പോള്‍ 10 ദിവസം കൊണ്ട് ചിത്രം 450 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.