റഷ്യയില്‍ അട്ടിമറി നീക്കത്തില്‍നിന്നു പിന്മാറിയ വാഗ്നര്‍ സേനാ അംഗങ്ങളെ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ക്കാമെന്ന് ധാരണ. കരാര്‍ അടിസ്ഥാനത്തില്‍ റഷ്യന്‍ സേനയില്‍ സേവനം ചെയ്യാമെന്ന് പുടിന്റെ ഓഫീസ് വ്യക്തമാക്കി. അട്ടിമറി നീക്കത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകില്ല. വാഗ്നര്‍ സേനാ തലവന്‍ യെവ്ഗെനി പ്രിഗോഷിന് ബെലാറൂസില്‍ അഭയം തേടും. പ്രിഗോഷിനെതിരേയും കേസെടുക്കില്ല. ഇതോടെ വാഗ്നര്‍ സേന ഇല്ലാതാകും.
2014 ല്‍ റഷ്യ യുക്രൈനെ ആക്രമിച്ച് ക്രമിയ പിടിച്ചെടുത്തപ്പോഴാണ് വാഗ്നര്‍ ഗ്രൂപ്പ് രൂപീകരിച്ചത്.
കെപിസിസി പ്രസിഡന്റു സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരന്. സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടതിനു പിറകേ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും രാജി വയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാജിവയ്ക്കേണ്ടതില്ലെന്നു ഹൈക്കമാന്‍ഡ് നേതാക്കള്‍ നിര്‍ദ്ദേശിച്ചെന്നു സുധാകരന് പറഞ്ഞു.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ ജൂലൈ ഒന്നിനുശേഷം നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ ക്ലാസുകള്‍ അഞ്ചാം തിയ്യതി തുടങ്ങും. ആദ്യ രണ്ട് അലോട്ട്മെന്റുകളില്‍ സീറ്റ് നേടിയവരെ ഉള്‍പ്പെടുത്തിയായിരിക്കും ക്ലാസ്. അധ്യാപകര്‍ സ്വകാര്യ ട്യൂഷന് എടുക്കരുതെന്നും മന്ത്രി വിലക്കി.
ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആതിരയില്‍ അനന്തു (21), കരൂര്‍ അനില്‍ കുമാറിന്റെ മകന് അഭിജിത്ത് (22) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം.
വ്യാജ രേഖ കേസില്‍ നീലേശ്വരം പൊലീസിനു മുന്നില്‍ കെ. വിദ്യ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങള്‍മൂലം ഇന്നു ഹാജരാകില്ലെന്നും ചൊവ്വാഴ്ച ഹാജരാകാമെന്നും ഇ മെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനു പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്. സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നു ബാലന് പറഞ്ഞു.
പത്തനംതിട്ടയിലെ കോണ്‍ഗ്രസ് വിമതര്‍ പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുന്നു. ജൂലൈ നാലിന് വിശാല കണ്വന്ഷന് സംഘടിപ്പിക്കും. അതിനു മുന്നോടിയായി ഇന്ന് വൈകിട്ട് യോഗം നടക്കും. നടപടി നേരിട്ട മുതിര്‍ന്ന നേതാക്കളായ സജി ചാക്കോ, ബാബു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് വിമത നീക്കം.
പൂവച്ചലില്‍ വ്യാപാരി കാട്ടാക്കട സ്വദേശിയായ മുജീബിനെ കാറിന്റെ സ്റ്റിയറിംഗില്‍ വിലങ്ങുകൊണ്ടു പൂട്ടിയിട്ട സംഭവത്തില്‍ പൊലീസ് വേഷത്തിലെത്തിയ രണ്ടു പേരെ പോലീസ് തെരയുന്നു. വാഹനപരിശോധനക്കെന്ന പേരിലാണ് ശനിയാഴ്ച രാത്രി പൊലീസ് വേഷത്തിലെത്തിയ അക്രമികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാര്‍ കൈ കാണിച്ചു നിര്‍ത്തിച്ചത്. പ്രതികള്‍ എത്തിയ നീല സ്വിഫ്റ്റ് കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
റാന്നി കീക്കൊഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതി രജിതയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ അതുല്‍ സത്യനെ പൊലീസ് പിടികൂടി. ആദ്യ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെയാണ് രജിത അതുലുമായി അടുത്ത് ഒന്നിച്ചു താമസം ആരംഭിച്ചത്. ഇയാള്‍ക്കെതിരെ രജിത പൊലീസില്‍ പരാതിപ്പെട്ടതാണ് കൊലപാതകത്തിനു കാരണം.
കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സിഐടിയു നാട്ടിയ കൊടി നീക്കം ചെയ്ത ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മര്‍ദ്ദനം. ബസുടമ രാജ്മോഹനെ സിഐടിയു നേതാവ് മര്‍ദ്ദിച്ചു. പോലീസ് നോക്കി നില്‍ക്കേയായിരുന്നു മര്‍ദനം.
എംഡിഎംഎ മയക്കുമരുന്നുമായി 18 കാരി യുവതി ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. നെടുവന്നൂര്‍ പെരുമ്പാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീന് (28), കോട്ടായി അന്‍ഡേത്ത് വീട്ടില്‍ അഖില്‍ (24), എന്‍.എ.ഡി നൊച്ചിമ ചേനക്കര വീട്ടില്‍ ഫൈസല്‍ (35), ചൊവ്വര പട്ടൂര്‍കുന്ന്, തച്ചപ്പിള്ളി വീട്ടില്‍ അനഘ (18) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റു ചെയ്തത്.
മണിപ്പൂരില്‍ പന്ത്രണ്ട് തീവ്രവാദികളെ പിടികൂടിയ സൈനിക സംഘത്തെ സ്ത്രീകളടക്കമുള്ള ആയിരത്തിലേറെ ഗ്രാമീണര്‍ വളഞ്ഞ് കസ്റ്റഡിയിലുള്ളവരെ മോചിപ്പിച്ചു. 12 പേരെയും ഗ്രാമത്തലവന് വിട്ടുകൊടുക്കേണ്ടി വന്നു.
ഉത്തര്‍പ്രദേശ് മെയിന്‍പുരി ജില്ലയിലെ ഗ്രാമത്തില്‍ വിവാഹ വീട്ടില്‍ കൂട്ടക്കൊലപാതകം. നോയിഡയിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുന്ന 28 കാരനാണ് തന്റെ ഇളയ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി നവദമ്പതികളടക്കം കുടുംബത്തിലെ അഞ്ചു പേരെ വെട്ടിക്കൊന്നത്. ഇയാള്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഗോകുല്‍പുര അര്‍സര ഗ്രാമത്തിലെ ശിവ് വീര്‍ യാദവാണ് അഞ്ചു പേരെ കൊന്ന് ജീവനൊടുക്കിയത്. സഹോദരന് സോനു, ഭാര്യ സോണി (20), രണ്ടാമത്തെ സഹോദരന് ഭുള്ളന്‍ (25), ഭാര്യാസഹോദരന്‍ സൗരഭ് (23), സുഹൃത്ത് ദീപക് കുമാര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
പശ്ചിമബംഗാളില്‍ രണ്ടു ഗുഡ്സ് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ബാങ്കുരയിലെ ഒണ്ഡ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ഒരു ട്രെയിനിന്റെ പിറകില്‍ രണ്ടാമത്തെ ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകളുടെ എട്ടു ബോഗികള്‍ പാളം തെറ്റി. ലോക്കോപൈലറ്റിന് പരിക്കേറ്റു.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ശ്രീലങ്കയിലേക്കു മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് നടപടി. നേരത്തെ വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ വാസ്തു വിശ്വാസപ്രകാരം അടച്ചിട്ടിരുന്ന വാതില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുറപ്പിച്ചു. അവലോകന യോഗത്തിനെത്തിയപ്പോഴാണ് തെക്കു ഭാഗത്തെ വാതില്‍ തുറക്കാത്തതെന്താണെന്ന് ചോദിച്ചു. വാസ്തു ശാസ്ത്രമനുസരിച്ച് അടച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, അന്ധവിശ്വാസം വേണ്ടെന്നും വാതില്‍ തുറക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.