night news hd 22

 

ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാന എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയുമായി ധാരണ. അമേരിക്കയിലെ പ്രമുഖ വിമാന എന്‍ജിന്‍ നിര്‍മാതാക്കളായ ജനറല്‍ ഇലക്ട്രിക് എയ്‌റോസ്‌പേസും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സുമായി ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ സുപ്രധാന നീക്കം.

വ്യാജ ജോലിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ കെ വിദ്യയെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച പരിഗണിക്കും. വിദ്യയെ പിടികൂടിയത് വില്യാപ്പള്ളി രാഘവന്റെ വീട്ടില്‍നിന്നാണെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഘവന്റെ മകന്‍ റോവിത് കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. പ്രതിക്കെതിരെ സമാനമായ കേസ് വേറെയുണ്ടെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ നിഖില്‍ തോമസിനെ പുറത്താക്കിയത്.

പൊതുമുതല്‍ നശിപ്പിച്ചതിനു മന്ത്രി മുഹമ്മദ് റിയാസ് അടക്കം 12 ഡിവൈഎഫ്‌ഐ നേതാക്കള്‍ കോടതി ഉത്തരവനുസരിച്ച് മന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴയടച്ചു. 2011 ല്‍ വടകര തപാല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണു മന്ത്രി മുഹമ്മദ് റിയാസും കൂട്ടുപ്രതികളും നഷ്ടപരിഹാരത്തുക അടച്ചത്.

മലപ്പുറം കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചോദ്യപേപ്പര്‍ മോഷണം പോയതുമൂലം സര്‍ക്കാരിനുണ്ടായ നഷ്ടമായ മുപ്പത്തെട്ടു ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി എഴുപത്തി രണ്ട് രൂപ പ്രിന്‍സിപ്പല്‍ അടക്കമുള്ള നാലുു ജീവനക്കാരില്‍ നിന്ന് ഈടാക്കണമെന്ന് ഉത്തരവ്. പരീക്ഷ ചുമതലയുള്ള ചീഫ് സൂപ്രണ്ട് ഡി ഗീത, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായ ടി മുഹമ്മദലി, കെ മഹറൂഫ്, വാച്ച്മാന്‍ ടി അബ്ദുല്‍ സമദ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനെ അംഗീകരിച്ച ഹൈക്കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിവിധിയെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവു റദ്ദാക്കിയ ഡിവിഷന്‍ ബഞ്ചിന്റെ വിധി യുജിസി മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി കാംപെയിന്‍. അധ്യാപക നിയമന, പ്രമോഷന്‍ നടപടികളില്‍ ഇതു ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പൊതുമുതല്‍ നശിപ്പിച്ചതിനു നഷ്ടപരിഹാരം അടയ്ക്കാന്‍ ശിക്ഷിക്കപ്പെട്ട മന്ത്രി മുഹമ്മദ് റിയാസ് രാജിവക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൊതുമുതല്‍ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കിയോസ്‌ക്ക് നശിപ്പിച്ചത്. പൊതുമുതല്‍ നശിപ്പിച്ച മന്ത്രി കേരളത്തിന് അപമാനമാണ്. സുരേന്ദ്രന്‍ പറഞ്ഞു.

എല്‍.എഡി.എഫില്‍ അനൈക്യം വളരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്‍.എഡി.എഫ് ഘടകകക്ഷി നേതാവായ എം.വി ശ്രേയാംസ് കുമാറിനെതിരെ സി.പി.എം സൈബര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. സതീശന്‍ ചൂണ്ടിക്കാട്ടി.

വ്യാജ രേഖ കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്കു തെളിവു നശിപ്പിക്കാന്‍ പോലീസ് സാവകാശം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. യുഡിഎഫ് ഭരണകാലത്ത് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സിപിഎമ്മുകാരായ പ്രതികളെ മുടക്കോഴി മലയിലെ ഒളിത്താവളത്തില്‍നിന്നു സാഹസികമായി പിടികൂടാന്‍ എടുത്തതിനേക്കാള്‍ ദിവസമെടുത്താണ് പിണറായി പോലീസ് എസ്എഫ്ഐക്കാരിയെ പിടികൂടിയത്. സുധാകരന്‍ പറഞ്ഞു.

വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യയെ സിപിഎം നേതാക്കള്‍ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞഹമ്മദ്. വിദ്യ എവിടെയാണ് താമസിച്ചതെന്ന് അറിയില്ല. പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും കുഞ്ഞഹമ്മദ് വ്യക്തമാക്കി.

മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ തന്റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്‍. അഡ്മിഷന്‍ കാലയളവില്‍ നിരവധി പേര്‍ സമീപിക്കാറുണ്ട്. ആര്‍ക്കൊക്കെ വേണ്ടി ശുപാര്‍ശ ചെയ്‌തെന്ന് ഓര്‍മയില്ലെന്ന് ബാബുജാന്‍ പ്രതികരിച്ചു.

‘തൊപ്പി’ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെതിരെ വളാഞ്ചേരിയില്‍ കേസ്. കടയുടെ ഉദ്ഘാടനത്തിനു തെറിപ്പാട്ടു പാടിയതിനും ഗതാഗതം തസപ്പെടുത്തിയതിനുമാണു കേസ്. കട ഉടമയ്‌ക്കെതിരെയും കേസെടുത്തു. വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീന്‍ നല്‍കിയ പരാതിയിലാണ് കേസ്.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തന്നെ കുടുംബത്തോടെ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന് പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെതിരേ പരാതി നല്‍കിയ അനൂപ് അഹമ്മദ്. ക്രൈംബ്രാഞ്ചിനാണ് ഇങ്ങനെ മൊഴി നല്‍കിയത്.

ഹോംസ്റ്റേയില്‍ പണംവച്ചു ചീട്ടുകളിച്ച പതിനാലംഗസംഘത്തെ പൊലീസ് പിടികൂടി. വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയിലാണു ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടിയത്.

ഏഴു വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പയ്യന്നൂര്‍ക്കാരനായ അച്ഛന് 90 വര്‍ഷം കഠിന തടവ്. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ അധികാരം കൈക്കലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരേ കോണ്‍ഗ്രസ് തങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ നാളെ ബിഹാറിലെ പാറ്റ്‌നയില്‍ നടക്കുന്ന വിശാല പ്രതിക്ഷ നേതൃയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്വിമം കാണിച്ചെന്ന് ആരോപിച്ച് ജമ്മുകാഷ്മീരില്‍ രണ്ടു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡോ ബിലാല്‍ അഹമ്മദ് ദലാല്‍, ഡോ നിഗാത് ഷഹീന്‍ ചിലൂ എന്നിവരെയാണ് പിരിച്ചുവിട്ടത്. പാക്കിസ്ഥാനിലെ ചില സംഘങ്ങളുടെ താല്‍പര്യങ്ങള്‍ക്കു കൂട്ടുനിന്നെന്നും ഇവര്‍ക്കെതിരേ ആരോപണമുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *