ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്. ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തായിരുന്ന സിംഗപ്പൂര്‍ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ആഡംബര ജീവിതത്തിനു ചെലവേറിയ ആദ്യ മൂന്നു രാജ്യങ്ങളും ഏഷ്യയില്‍ നിന്നാണ്. ചൈനയിലെ ഷാങ്ഹായ്, ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോംഗ് എന്നിവയാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജൂലിയസ് ബെയര്‍ ഗ്രൂപ്പ് ലിമിറ്റഡ് ആണ് പട്ടിക പുറത്തുവിട്ടത്. രണ്ടാം സ്ഥാനത്തായിരുന്ന ലണ്ടന്‍ കഴിഞ്ഞ വര്‍ഷം നാലാമതായി. ന്യൂയോര്‍ക്ക് അഞ്ചാം സ്ഥാനത്ത് ആണ്. കഴിഞ്ഞ വര്‍ഷം 11-ാം സ്ഥാനത്തായിരുന്ന യു.എസ് സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്ക്, ഡോളര്‍ ശക്തിപ്പെട്ടതോടെയും കോവിഡില്‍നിന്നു തിരിച്ചുവന്നതോടെയുമാണ് ഇത്തവണ അഞ്ചാം സ്ഥാനത്തെത്തിയത്. ഗള്‍ഫ് നഗരമായ ദുബായ് ഏഴാം സ്ഥാനത്താണുള്ളത്. ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങളില്‍ അഞ്ചെണ്ണം ഏഷ്യയില്‍നിന്നാണ്. 18-ാം സ്ഥാനത്തുള്ള മുംബയ് ആണ് ആദ്യ 20 റാങ്കിലുള്ള ഏക ഇന്ത്യന്‍ നഗരം. ജനവാസ കേന്ദ്രങ്ങള്‍, ബിസിനസ് ക്ലാസ് ഫ്‌ലൈറ്റുകള്‍, ബിസിനസ് സ്‌കൂള്‍, മറ്റ് ആഡംബരങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയത്.