P12 yt cover 1

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്നു വൈകുന്നേരം നാലിനും രാത്രി എട്ടിനും ഇടയില്‍ ഗുജറാത്ത് തീരം തൊടും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തുനിന്ന് എഴുപത്തയ്യായിരം പേരെ ഒഴിപ്പിച്ചു. 76 ട്രെയിനുകള്‍ റദ്ദാക്കി. പ്രത്യാഘാതമെന്ന നിലയില്‍ കേരളത്തില്‍ നാലു ദിവസം മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും.

കേരളം പനിക്കുന്നു. പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടുന്നവരുടേയും അഡ്മിറ്റാകുന്നവരുടെയും എണ്ണം വര്‍ധിച്ചു. ഇന്നലെ പതിനായിരത്തിലേറെ പേരാണ് ആശുപത്രികളിലെ ഒപിയില്‍ എത്തിയത്. ഇവരില്‍ 212 പേരെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. ഈ വര്‍ഷത്തെ എലിപ്പനി മരണം 25 കടന്നു.

ജയിലിലുള്ള ടിപി കേസ് പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് തോക്കു കടത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി.

കേരളത്തിന്റെ കായികമേഖലയുടെ വളര്‍ച്ചക്ക് വിപ്ലവങ്ങളുടെ രാജ്യമായ ക്യൂബയില്‍നിന്നു പരിശീലന സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യൂബയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സഹകരണത്തിനു ധാരണയായി. വോളിബോള്‍, ജൂഡോ, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ക്യൂബയില്‍നിന്നു പരിശീലകരെ കൊണ്ടുവരാനാണു ധാരണ.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലം പ്രസിദ്ധീകരിച്ചു. വിഎച്ച്എസ് സി ഒന്നാം വര്‍ഷ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഷൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി നടത്തിയ കുറ്റം അവഗണിക്കാന്‍ കഴിയില്ല എന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടങ്ങള്‍ കൂടുതലായതിനാലാണ് വേഗപരിധി 60 കിലോമീറ്ററാക്കി കുറച്ചതെന്നു ഗതാഗത മന്ത്രി ആന്റണി രാജു. റോഡുകളില്‍ വേഗപരിധി ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും ഇതിന്റെ യോഗം അടുത്തയാഴ്ച്ച ചേരും. വേഗപരിധി കുറച്ചതുകൊണ്ട് അപകടങ്ങള്‍ കുറയുമെന്നും മന്ത്രി പറഞ്ഞു.

മോന്‍സന്‍ മാവുങ്കില്‍ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് കേസില്‍ പ്രതിയാക്കിയതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് 27 മുതല്‍ മൂന്നു ദിവസം നടത്തുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ പ്രമുഖ മോഡലും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ എത്തും. 29 നു വൈകുന്നേരം മൂന്നിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഗ്രാന്റ് ഫിനാലേയിലാണ് സണ്ണി ലിയോണ്‍ റാംപില്‍ ചുവടുവയ്ക്കുക. ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനം സണ്ണി ലിയോണ്‍ നിര്‍വഹിക്കും.

റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട സ്‌കൂട്ടറിനു പിറകില്‍നിന്ന് തെറിച്ചുവീണ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു. നെന്മാറ അളുവശ്ശേരി ശ്രീവള്ളി സദനത്തില്‍ മണികണ്ഠന്റെ 36 വയസുള്ള ഭാര്യ രമ്യ എന്ന രേവതിയാണു മരിച്ചത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ രണ്ടു കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍. കസ്റ്റംസ് ഇന്റലിജന്‍സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരാണു പിടിയിലായത്.

പാലക്കാട് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റില്‍ പുലര്‍ച്ചെ രണ്ടരയോടെ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 8300 രൂപ പിടികൂടി. പെന്‍സില്‍ കൂടിനകത്തും അഗര്‍ബത്തി സ്റ്റാന്‍ഡിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ സുനിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം വീണ്ടും വിലയിരുത്താന്‍ സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയോഗം ഇന്ന് ചേരും. തൃക്കാക്കര തോല്‍വി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കമ്മീഷന്‍ അംഗങ്ങളായ എകെ ബാലന്‍, ടി.പിരാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തില്‍ സൈബര്‍ സെല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. കേസിലെ പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാനാകാത്ത സാചഹര്യത്തിലാണ് പൊലീസ് നടപടി.

കേരള കോണ്‍ഗ്രസ് നേതാവിന്റെ മകനുമൊത്തു ക്രിപ്റ്റോ കറന്‍സി തട്ടിപ്പു നടത്തിയ സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം അഖില്‍, സേവ്യര്‍, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തന വൈകല്യമുള്ളയാളാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കൊട്ടാരക്കര കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

വീഡിയോ എടുത്തെന്ന് ആരോപിച്ച് അധിക്ഷേപിച്ച ചലചിത്ര താരം വിനായകനെതിരേ നടപടിയെടുക്കണമെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനിയ്ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിമാനയാത്രയ്ക്കിടെ വിനായകന്‍ അധിഷേപിച്ചെന്ന് ആരോപിച്ച് ജിബി ജെയിംസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ മുങ്ങിയ അമ്പതിലധികം മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി റോഡ് കാമറയില്‍ കുടുങ്ങി. തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം കാരൂര്‍ക്കോണം ജൂബിലി വീട്ടില്‍ ബിജു സെബാസ്റ്റ്യന്‍ (53) നെയാണ് കീഴ്വായ്പൂര് പൊലീസ് പിടികൂടിയത്. സ്‌കൂട്ടര്‍ മോഷ്ടിച്ചതു പരാതിപ്പെട്ടതിനു പിറകേ, സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിഴ അടയ്ക്കാനുള്ള ചെല്ലാന്‍ നോട്ടീസിനെതിരേകൂടി പരാതിപ്പെട്ടപ്പോഴാണ് പോലീസ് എഐ കാമറ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തിയത്.

അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍. മണികണ്ഠന്‍ എന്ന 26 കാരന്‍ കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ചതാണെന്നു നാട്ടുകാര്‍ പറയുന്നു. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ്. മരണ ശേഷം വന്യമൃഗങ്ങള്‍ കടിച്ചതാണെന്നാണ് അനുമാനം

സ്പോര്‍ട്സ് മന്ത്രി അബ്ദുറഹ്‌മാന്റെ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ നൂറു രൂപ പിഴയൊടുക്കണമെന്ന് സി ഡി എസ് ഭാരവാഹികളുടെ നിര്‍ദ്ദേശം. പുനലൂര്‍ നഗരസഭയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കാണു പിഴശിക്ഷ.

പലിശയായി പണവും കാറുകളും തട്ടിയെടുത്തെന്ന കേസില്‍ യുവതിയും സുഹൃത്തും പിടിയിലായി. തിരുവനന്തപംരും മരുതംകുഴി ജി കെ ടവര്‍ സി 1 അപ്പാര്‍ട്മെന്റില്‍ വാടകയ്ക്കു താമസിക്കുന്ന പത്മകുമാരി മകള്‍ അശ്വതി (36)യും ഒപ്പം താമസിച്ചുവരുന്ന സുഹൃത്ത് കൂട്ടാംവിള കടുകറത്തല വീട്ടില്‍ സെല്‍വരാജ് മകന്‍ കണ്ണന്‍ എന്ന ജയകുമാര്‍ (40) എന്നിവരെയാണു ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്.

ഗുസ്തി താരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ ലൈംഗിക പീഡന കേസില്‍ ബിജെപി എംപി ബ്രിജ് ഭൂഷണെതിരേ തെളിവില്ലാത്തതിനാല്‍ പോക്സോ കേസ് റദ്ദാക്കണമെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നാണ് ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്.

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതര്‍. മൂന്നു ബ്ലോക്കുകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഹൃദയത്തിന്റെ ഇടത്തു ഭാഗത്തുള്ള ബ്ലോക്ക് 80 ശതമാനവും, വലതുഭാഗത്തുള്ള ബ്ലോക്ക് 90 ശതമാനവുമാണ്.

ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണമെന്നു ബിജെപിയോടു വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്കു താങ്ങാനാവില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

പ്രഭാത നടത്തത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ രണ്ടു ബൈക്കുകള്‍ ചീറിപ്പാഞ്ഞെത്തി. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. നിതീഷ് കുമാര്‍ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെട്ടു. രണ്ടു പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.

ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. രക്താര്‍ബുദത്തിന് ഇയാള്‍ ചികില്‍സയിലായിരുന്നു. നിരോധിച്ച ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ തലവനായിരുന്നു.

മാനനഷ്ടക്കേസില്‍ ഭാര്യയില്‍നിന്നു ലഭിച്ച പത്തു ലക്ഷം ഡോളര്‍ ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് അനാഥ കുട്ടികള്‍ക്കു സംരക്ഷം നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്കു നല്‍കി. 20,000 ഡോളര്‍ വീതം അഞ്ച് ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്കാണു നല്‍കിയത്.

ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന പരാതിയുമായി പാര്‍ലമെന്റംഗം ലിഡിയ തോര്‍പ്. സെനറ്റില്‍ സംസാരിക്കവേയാണ് ലിഡിയ ഇക്കാര്യം വെളിപെടുത്തിയത്. പ്രബലനായ സഹപ്രവര്‍ത്തകന്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നും സ്പര്‍ശിച്ചെന്നുമാണ് ആരോപണം.

ലോകപ്രശസ്ത എന്റര്‍ടെയ്മെന്റ് അവാര്‍ഡായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നടത്തിപ്പവകാശം വിറ്റു. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് വോട്ട് ചെയ്യുന്ന ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് തട്ടിപ്പു നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരിക്കേയാണ് വിറ്റത്. ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് പിരിച്ചുവിടും. എന്റര്‍ടെയ്മെന്റ് ജേര്‍ണലിസ്റ്റുകളുടെ സംഘമാണ് ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ്.

നൈജീരിയയില്‍ പ്രളയത്തിനിടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബോട്ടില്‍ കയറിയ നൂറിലേറെ പേര്‍ മുങ്ങി മരിച്ചു. നൈജര്‍ നദിയിലൂടെ യാത്ര ചെയ്ത ബോട്ട് മരത്തടിയില്‍ തട്ടി പിളര്‍ന്നതോടെ ഇരുന്നൂറ്റമ്പതോളം യാത്രക്കാര്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

കേരളത്തില്‍ ഇന്നും സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 43,760 രൂപയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,470 രൂപയുമായി. ഇന്നലെയും ഇന്നുമായി 560 രൂപയുടെ കുറവാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവന് 44,040 രൂപയും ഗ്രാമിന് 5,505 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും കുറവുണ്ടായി. ഗ്രാമിന് ഇന്നലെ 4,563 രൂപയായിരുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് 30 രൂപ കുറഞ്ഞ് 4,533 രൂപയായി. രണ്ട് ദിവസത്തില്‍ ഗ്രാമിന് 60 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില മെയ് അഞ്ചിലെ പവന് 45,760 എന്നതായിരുന്നു, ഗ്രാമിന് 5,720 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞ് 1,936 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ 1,948 ഡോളറായിരുന്നു. ഇന്ന് വെള്ളി വിലയിലും നേരിയ കുറവുണ്ടായി. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 81 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഇന്നും വില മാറിയിട്ടില്ല, ഒരു ഗ്രാമിന് 103 രൂപ.

യൂട്യൂബ് കരിയറാക്കി ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒരു യൂട്യൂബറാകാന്‍ ആര്‍ക്കും കഴിയും. എന്നാല്‍, യൂട്യൂബില്‍ നിന്ന് പണം സമ്പാദിക്കാന്‍ കുറച്ചധികം പണിയുണ്ട്. 1000 സബ്സ്‌ക്രൈബര്‍മാരെ സ്വന്തമാക്കണം, അതുപോലെ ഒരു വര്‍ഷത്തിനുള്ളില്‍ 4000 മണിക്കൂര്‍ നേരം നമ്മുടെ വിഡിയോകള്‍ ആളുകള്‍ കാണുകയും ചെയ്താല്‍ മാത്രമേ യൂട്യൂബ് മോണിറ്റൈസേഷന്‍ നല്‍കുകയുള്ളൂ. നമ്മള്‍ യൂട്യൂബില്‍ പങ്കുവെക്കുന്ന ഹൃസ്വ വിഡിയോകള്‍ (ഷോര്‍ട്സ്) 90 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടി ആളുകള്‍ കണ്ടാലും മോണിറ്റൈസേഷന്‍ ലഭിക്കും. പക്ഷെ പലര്‍ക്കും അത് നേടിയെടുക്കാന്‍ സാധിക്കാറില്ല. ഒരു വര്‍ഷം കൊണ്ട് 4000 വാച്ച് അവേഴ്സ് ഉണ്ടാക്കലാണ് ഏറ്റവും വലിയ പണി. എന്നാല്‍, ഇനി മുതല്‍ യൂട്യൂബില്‍ നിന്ന് പണമുണ്ടാക്കാനായി അത്രയും ബുദ്ധിമുട്ടേണ്ടതില്ല. ഇനിമുതല്‍ 500 സബ്സ്‌ക്രൈബര്‍മാരും 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞത് മൂന്ന് വിഡിയോ അപ്ലോഡുകളും ഒരു വര്‍ഷം കൊണ്ട് 3000 വാച്ച് അവേഴ്സും 90 ദിവസങ്ങള്‍ക്കുള്ളില്‍ 30 ലക്ഷം ഷോര്‍ട്സ് വ്യൂവും ലഭിച്ചാല്‍, യൂട്യൂബില്‍ മോണിറ്റൈസേഷന്‍ ഓണാകും. അതേസമയം, നിലവില്‍ ഇന്ത്യയില്‍ പുതിയ മോണിറൈസേഷന്‍ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചിട്ടില്ല. അമേരിക്ക, കാനഡ, ബ്രിട്ടന്‍, തായ്വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെത്തിയ ഈ മാറ്റങ്ങള്‍ വൈകാതെ ഇന്ത്യയിലും പ്രാവര്‍ത്തികമാവും. സൂപ്പര്‍ താങ്ക്സ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കറുകള്‍ തുടങ്ങിയ അധിക സേവനങ്ങളും ചാനല്‍ അംഗത്വം പോലുള്ള സബ്സ്‌ക്രിപ്ഷന്‍ ടൂളുകളും ഇനി എളുപ്പത്തില്‍ ലഭ്യമായേക്കും.

മലയാള സിനിമയിലേക്ക് പുതിയൊരു അവതരണ ശൈലിയുമായി കടന്നു വരികയാണ് ‘ജെറി’ എന്ന ചിത്രം. ജെ സിനിമ കമ്പനിയുടെ ബാനറില്‍ ജെയ്‌സണും ജോയ്സണും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അനീഷ് ഉദയ് സംവിധാനം ചെയ്യുന്നു. ജെ സിനിമ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ്. ജെറി എന്ന ടൈറ്റില്‍ പോലും വ്യത്യസ്തത പുലര്‍ത്തുന്നു. കോട്ടയം നസീറും പ്രമോദ് വെളിയനാടും നിറഞ്ഞു നിന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യത്യസ്തത നിറഞ്ഞതായിരുന്നു. ഏറ്റവും പുതുതായി ജെറി ക്രൈം ഫയല്‍സ് എന്ന സീരീസ് അവതരിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജെറി നാട്ടില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അത് അനുഭവിക്കേണ്ടി വരുന്ന കഥാപാത്രങ്ങളെയും കാണിച്ചു തികച്ചും വ്യത്യസ്തമായാണ് സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. ജെറി എന്ന പേരിനെ ലോകത്തിനു പരിചയപ്പെടുത്തേണ്ടതില്ലെങ്കിലും സിനിമയില്‍ ജെറി എന്ന കഥാപാത്രം എങ്ങനെയാണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്നുള്ളതും ആകാംക്ഷ നിറക്കുന്നതാണ് . പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലെ ചില എലിക്കഥകളെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പദ്മിനി ജൂലായ് 7 ലേക്ക് റിലീസ് നീട്ടി. ഫഹദ് ഫാസില്‍ ചിത്രം ധൂമത്തിനൊപ്പം ജൂണ്‍ 23ന് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. ഗണപതി,ആരിഫ് സലിം,സജിന്‍ ചെറുകയില്‍,ആനന്ദ് മന്മഥന്‍,ഗോകുലന്‍, ജെയിംസ് ഏലിയ, മാളവിക മേനോന്‍, സീമ ജി നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് . കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ഇന്നോവയെ അടിസ്ഥാനപ്പെടുത്തി മാരുതി സുസുക്കി പുറത്തിറക്കുന്ന പ്രീമിയം എംപിവിയുടെ പേര് ഇന്‍വിക്റ്റോ. നേരത്തെ എന്‍ഗേജ് എന്ന പേരിലാണ് വാഹനം പുറത്തിറങ്ങുക എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്‍ഗേജ് എന്നല്ല ഇന്‍വിക്റ്റോ എന്നായിരിക്കും പുതിയ വാഹനത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 5ന് പുതിയ വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം നടത്തുമെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാഹനം നെക്സ വഴിയാണ് വില്‍പനയ്ക്കെത്തുന്നത്. ടൊയോട്ടയുടെ ബെഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്. മാരുതി നിരയിലെ ഏറ്റവും വില കൂടിയ മോഡലും ഇതായിരിക്കും. ഇന്നോവയുടെ പുതിയ മോഡല്‍ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മാരുതിയുടെ മോഡലില്‍ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രില്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്‌ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്. എന്നിവ പുതിയ മോഡലിലുണ്ടാകും. ടൊയോട്ടയുടെ ടിഎന്‍ജിഎസി ആര്‍ക്കിടെക്ച്ചറിലാണ് എംപിവിയുടെ നിര്‍മാണം. ഇന്നോവ ഹൈക്രോസിലെ 2 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുകളില്‍ പുതിയ വാഹനം എത്തും.

മഴപ്പെയ്ത്തുമായി ഒരു സൂക്ഷ്മാണു ഉറഞ്ഞാടിയ കാലവും ലോകവുമാണ് ഈ നോവലിന്റെ പശ്ചാത്തലത്തില്‍. അടച്ചിരിപ്പിനു തൊട്ടുമുന്‍പ്, ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്നും നാട്ടിലേക്കെത്തുന്ന മനുവിന്റെ ദിനരാത്ര വൃത്താന്തങ്ങളില്‍ സൗഖ്യവും സംഭ്രമവും ശൈഥില്യവുമെല്ലാം ലിപികളായി വിന്യസിക്കപ്പെടുന്നു. ‘സെയിന്റ് കൊറോണ’. ശ്രീകണ്ഠന്‍ കരിക്കകം. എച്ച് & സി ബുക്സ്. വില 290 രൂപ.

മഴക്കാലം എത്തിയതോടെ കേരളത്തില്‍ പനി സീസണും തുടങ്ങുകയായി. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ആശങ്ക സൃഷ്ടിക്കുന്നു. ഇവ രണ്ടും കൂടാതെ പകര്‍ച്ചപ്പനി കേസുകളും വര്‍ധിച്ചുവരികയാണ്. ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം സമയബന്ധിതമായി ശ്രദ്ധിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയായി വരാം. ഡെങ്കിപ്പനി ബാധിച്ചാല്‍ അത് ആദ്യം നിസാരമായി തോന്നിയാലും മണിക്കൂറുകള്‍ കൊണ്ട് തന്നെ സ്ഥിതി മോശമാകാം. എലിപ്പനിയാണെങ്കിലും പെട്ടെന്ന് സ്ഥിതി മോശമാകാന്‍ സാധ്യതയുള്ള അവസ്ഥ തന്നെയാണ്. അസഹനീയമായ തളര്‍ച്ച ഡെങ്കിപ്പനിയുടെ ഒരു ലക്ഷണമാണ്. ഇതിന് പുറമെ പനി. കണ്ണ് വേദന- ഇത് കണ്ണുകള്‍ക്ക് പിന്നിലായി അനുഭവപ്പെടുന്ന രീതിയിലായിരിക്കും, ശരീരത്തിലൊട്ടാകെ വേദന (സന്ധി- പേശി, എല്ലുകളിലെല്ലാം വേദന), തലവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലോ മറ്റോ പാടുകള്‍, ഓക്കാനം- ഛര്‍ദ്ദി എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്നവയാണ്. അല്‍പം കൂടി ഗുരുതരമാകുമ്പോള്‍ ലക്ഷണങ്ങള്‍ വീണ്ടും മാറും. വയറുവേദന, കഠിനമായ ഛര്‍ദ്ദി ( ദിവസത്തില്‍ മൂന്ന് തവണയെങ്കിലും എന്ന തരത്തില്‍), മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം, ഛര്‍ദ്ദിലില്‍ രക്തം, മലത്തില്‍ രക്തം, അസഹനീയമായ തളര്‍ച്ച മൂലം വീണുപോകുന്ന അവസ്ഥ, അസാധാരണമായ അസ്വസ്ഥത എന്നിവയെല്ലാം ഗുരുതരമായ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. എലിപ്പനിയിലും പനി തന്നെയാണ് പ്രകടമായ ആദ്യത്തെയൊരു ലക്ഷണം. ഇതിന് പുറമെ ഛര്‍ദ്ദിയും തലവേദനയും ശരീരവേദനയുമെല്ലാം എലിപ്പനിയിലും കാണാം. അതേസമയം ഈ ലക്ഷണങ്ങളിലെ തന്നെ ചില വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിലൂടെ ഡെങ്കിപ്പനിയും എലിപ്പനിയും വേര്‍തിരിച്ചറിയാം. അതായത് ശരീരവേദനയ്ക്കൊപ്പം ചിലരില്‍ എലിപ്പനിയുടെ ലക്ഷണമായി നീരും കാണാറുണ്ട്. അതുപോലെ ചുവന്ന നിറത്തില്‍ ചെറിയ കുരുക്കള്‍ പോലെ തൊലിപ്പുറത്ത് പൊങ്ങുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. എന്നാലീ ലക്ഷണങ്ങളെല്ലാം എല്ലാ രോഗികളിലും ഒരുപോലെ കാണണമെന്നില്ല. ലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. അതിനാല്‍ തന്നെ പനിക്കൊപ്പം അസഹനീയമായ ക്ഷീണം, ശരീരവേദന, തലവേദന, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയില്‍ പോയി പരിശോധന നടത്തുകയും വേണ്ട ചികിത്സ തേടുകയും ചെയ്യുന്നതാണ് ഉചിതം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.07, പൗണ്ട് – 103.85, യൂറോ – 88.85, സ്വിസ് ഫ്രാങ്ക് – 90.81, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.96, ബഹറിന്‍ ദിനാര്‍ – 217.68, കുവൈത്ത് ദിനാര്‍ -267.11, ഒമാനി റിയാല്‍ – 213.15, സൗദി റിയാല്‍ – 21.88, യു.എ.ഇ ദിര്‍ഹം – 22.34, ഖത്തര്‍ റിയാല്‍ – 22.54, കനേഡിയന്‍ ഡോളര്‍ – 61.58.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *