ലക്ഷ്വറി എസ്യുവിയായ കൊഡിയാക്കിന്റെ അധികവിഹിതം ഇന്ത്യയ്ക്കായി പ്രഖ്യാപിച്ച് ചെക്ക് ആഡംബര വാഹന ബ്രാന്‍ഡായ സ്‌കോഡ ഇന്ത്യ. രാജ്യത്ത് ഇറക്കുമതി ചെയ്ത എല്ലാ കാറുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ വിറ്റുതീര്‍ന്നതിനെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ മാസമാണ് കമ്പനി ബിഎസ് 6 രണ്ടാം ഘട്ടത്തിലേക്ക് അപ്ഡേറ്റ് ചെയ്ത കൊഡിയാക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്‌കോഡയുടെ മോഡലുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍. ജര്‍മ്മനിക്കും ചെക്ക് റിപ്പബ്ലിക്കിനും ശേഷം ചെക്ക് ബ്രാന്‍ഡിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ഇവിടെയുള്ളത്. കുഷാക്ക് മിഡ്-സൈസ് എസ്യുവി, സ്ലാവിയ മിഡ്-സൈസ് സെഡാന്‍ തുടങ്ങിയ മോഡലുകളാണ് കമ്പനിയുടെ ആക്കം കൂട്ടുന്നത്. അതേസമയം സിബിയു റൂട്ടിലൂടെ വരുന്ന മുന്‍നിര മോഡലാണ് കൊഡിയാക്. അപ്ഡേറ്റ് ചെയ്ത കൊഡിയാക് മെയ് മാസത്തില്‍ 38 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. വെറും 20 ദിവസത്തിനുള്ളില്‍ അത് വിറ്റുതീര്‍ന്നതായി കമ്പനി പറയുന്നു. 187 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന അതേ 2.0 ടിഎസ്‌ഐ ഇവോ എഞ്ചിനാണ് 2023 സ്‌കോഡ കൊഡിയാക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ ഇപ്പോള്‍ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു. 41.39 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഏറ്റവും ഉയര്‍ന്ന വേരിയന്റിനൊപ്പം കൊഡിയാക്കിന് മൂന്ന് വേരിയന്റുകള്‍ സ്‌കോഡ വാഗ്ദാനം ചെയ്യുന്നു.