കോണ്‍ഗ്രസിലെ ചേരിപ്പോര് ഒതുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി ഗ്രൂപ്പു നേതാക്കളുമായി ചര്‍ച്ച തുടങ്ങി. ഇതേസമയം, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ പുതിയ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള രണ്ടുദിവസത്തെ ക്യാമ്പ് ആലുവയില്‍ ആരംഭിച്ചു. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉദ്ഘാടനം ചെയ്തു. 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തിനു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തട്ടിപ്പുകള്‍ പുറത്തുവന്നതു മുതല്‍ കുറ്റാരോപിതരെ രക്ഷിച്ചെടുക്കാന്‍ സിപിഎം സകല നാണംകെട്ട കളികളും കളിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ക്രമക്കേടിനെ പറ്റി വ്യക്തമാക്കിയിട്ടും പ്രതികളെ സംരക്ഷിക്കുകയാണ്. അധ്യാപകരെല്ലാം ഭയന്ന് പ്രതിക്ക് അനുകൂലമായി മൊഴി നല്കുന്ന കാഴ്ച പിണറായി വിജയന് എന്ന ഏകാധിപതിയെ ജനം എത്ര ഭയപ്പെടുന്നുവെന്നതിന്റെ ഉദാഹരണമാണെന്ന് കെ സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പ്രവര്‍ത്തകര്‍ക്കു ദു:ഖമോ അമര്‍ഷമോ ഇല്ലെന്ന് എ ഗ്രൂപ്പു നേതാവ് ബെന്നി ബഹ്നാന് എം പി. പ്രതിഷേധമുള്ളതായി പ്രവര്‍ത്തകര്‍ പറഞ്ഞിട്ടില്ല. സൗഭാഗ്യമനുഭവിച്ചവരാണ് ഗ്രൂപ്പുണ്ടാക്കുന്നതെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തിനു തത്കാലം മറുപടി പറയുന്നില്ലെന്നും ബെന്നി പറഞ്ഞു.
തലശേരി ജനറല്‍ ആശുപത്രിയില്‍ രോഗി ഡോക്ടറെ ആക്രമിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് അര്‍ധരാത്രി ജനറല്‍ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്ടറെ മര്‍ദിച്ചത്.
ജോലി കിട്ടാന്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ വ്യാജരേഖ ചമച്ച കേസില്‍ പൊലീസ് സംഘം മഹാരാജാസ് കോളേജില്‍ തെളിവെടുപ്പു നടത്തി. വൈസ് പ്രിന്‍സിപ്പല്‍, മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ജയ മോള്, മലയാളം വിഭാഗം അദ്ധ്യാപകന് മുരളി എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
തെരുവുനായ പതിനൊന്നുകാരനെ കടിച്ചു കൊന്ന സംഭവത്തില്‍ കോടതി ഇടപെടണമെന്ന് കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. അക്രമികളായ തെരുവു നായകളെ കൊല്ലാന്‍ അനുമതി വേണം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കും. പ്രസിഡന്റ് പറഞ്ഞു.
അജ്മാനില്‍ വച്ച് സ്വര്‍ണക്കടത്തു സംഘത്തില്‍നിന്നു ക്രൂരമര്‍ദനമേറ്റെന്ന് കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ജവാദ്. മറ്റൊരു യുവാവുമൊന്നിച്ചു സ്വര്‍ണം തിരിമറി നടത്തിയെന്ന് ആരോപിച്ചായിരുന്നു നാലു ദിവസം കെട്ടിയിട്ടു മര്‍ദിച്ചത്. മര്‍ദനം വീഡിയോയിലൂടെ കണ്ട് ബോധംകെട്ടു വീണെന്ന് ജവാദിന്റെ അമ്മ പറഞ്ഞു.
തൃശൂര്‍ വേലീര് മണിമലര്‍കാവ് മാറുമറയ്ക്കല്‍ സമരത്തില്‍ പങ്കെടുത്തിരുന്ന വെള്ളാറ്റഞ്ഞൂര്‍ അരീക്കര തെക്കേ പുഷ്പകത്ത് ദേവകി നമ്പീശന് അന്തരിച്ചു. 90 വയസായിരുന്നു.
തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാവലര്‍ വാന്‍ ഇടിച്ച് മധ്യവയസ്ക മരിച്ചു. ശ്രീകാര്യം മടത്തുനട സ്വദേശിനി രാധ (66) ആണ് മരിച്ചത്.
കൊല്ലം എഴുകോണില്‍ മദ്യലഹരിയില്‍ റയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിനെ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിളിച്ചുണര്‍ത്തി. അച്ചന്‍കോവില്‍ സ്വദേശി റെജിയാണ് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
ഉത്തരാഖണ്ഡില്‍ മഹാ പഞ്ചായത്ത് വിളിച്ച് മുസ്ലീം സംഘടനകള്‍. ലൗ ജിഹാദ് ആരോപിച്ച് സമുദായത്തെ ആക്രമിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് മുസ്ലിം സംഘടനകള്‍ മഹാ പഞ്ചായത്ത് വിളിച്ചത്. ഈ മാസം 18 ന് ഡെറാഡൂണിലാണ് മഹാ പഞ്ചായത്ത്.
മണിപ്പൂരിലെ സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കിവിഭാഗം. സമിതിയില്‍ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാരോപിച്ചാണ് ബഹിഷ്ക്കരണം. കേന്ദ്രം നേരിട്ടു നടത്തുന്ന സമാധാന ശ്രമങ്ങളോടു മാത്രമേ സഹകരിക്കൂവെന്നും കുക്കിവിഭാഗം പറഞ്ഞു.
കൊവിന്‍ പോര്‍ട്ടലിലെ വിവര ചോര്‍ച്ച അന്വേഷിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ആരോഗ്യ മന്ത്രാലയവും ഐ ടി വകുപ്പും മറുപടി പറയണമെന്നും പാര്‍ട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു.
ഫാഷന്‍ ഷോയ്ക്കിടെ ഇരുമ്പുതൂണ് തകര്‍ന്നുവീണ് മോഡല്‍ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റിയിലെ ലക്ഷ്മി സ്റ്റുഡിയോയില്‍ മോഡല്‍ വന്‍ഷിക ചോപ്രയാണ് മരിച്ചത്.
അറബിക്കടലിനു മുകളില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റുമൂലം മുംബൈയില്‍ ശക്തമായ മഴ. ചുഴലി ഗുജറാത്ത് – പാക്കിസ്ഥാന് മേഖലയിലേക്കു നീങ്ങുകയാണ്. മണിക്കൂറില്‍ 150 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്.