സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹയര്‍സെക്കന്‍ഡറി പ്രവേശനം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകള്‍ കൂടി കണക്കാക്കി ഹയര്‍ സെക്കന്‍ഡറിയില്‍ സീറ്റുകള്‍ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സാമ്പത്തിക പ്രതിസന്ധിക്കിടെ പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കല. പണമില്ലാത്തതിന്റെ പേരില്‍ ക്ഷേമ പെന്ഷന് അടക്കം സാധാരണക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ മുടങ്ങരുതെന്നും ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മഹാരാജസ് കോളജിലെ പിജി വിദ്യാര്‍ത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് തിരുത്തി. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയത്. തിരുത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തിട്ടില്ല.
എഴുതാത്ത പരീക്ഷ ജയിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയില്‍ പ്രവേശിക്കാനാകുമായിരുന്നില്ല. പരീക്ഷാ ദിവസങ്ങളില്‍ തിരുവനന്തപുരത്തായിരുന്നു. ജയിച്ചത് എങ്ങനെയാണെന്നു പരീക്ഷ കണ്ട്രോളര്ക്കേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ആപ്പ് ‘ഈറ്റ് റൈറ്റ്’ യാഥാര്‍ത്ഥ്യമാകുന്നു. ഗുണനിലവാരമുള്ള ഹോട്ടലുകളുടെ വിവരവും ലൊക്കേഷനും ഉള്‍പെടുന്ന ഈ ആപ്പില്‍ 1600 ഹോട്ടലുകളാണ് തുടക്കത്തില്‍ ഇടം നേടിയിട്ടുള്ളത്. ഓഡിറ്റിംഗ് നടത്തി കൂടൂതല്‍ സ്ഥാപനങ്ങളെ ആപില്‍ ഉള്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ ആപ്പിലൂടെ അറിയിക്കാനും കഴിയും.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കണിച്ചാര്‍ വില്ലേജില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ പ്രത്യേക ദുരന്തമായി കണക്കാക്കി വീടു നഷ്ടപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തില്‍ അനുവദിച്ചത് പോലെ വീടുകള്‍ക്ക് നാശനഷ്ടം നല്‍കും. പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നടക്കം ആകെ നാലു ലക്ഷം രൂപ നല്‍കും.
തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളജും തിരുവനന്തപുരം ഗവണ്മെന്റ് ഡെന്റല്‍ കോളേജും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിംഗില്‍ മികച്ച സ്ഥാനങ്ങള്‍ നേടി. തിരുവന്തപുരം മെഡിക്കല്‍ കോളജ് നാല്പത്തിനാലാം സ്ഥാനത്തും ഡെന്റല്‍ കോളജ് 25 ാം സ്ഥാനത്തുമാണത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെടുന്നത്.
കേരളത്തിലെ 42 കോളജുകള്‍ രാജ്യത്തെ ഇരുന്നൂറ് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടം പിടിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു അറിയിച്ചു. എന്‍ഐആര്‍എഫ് റാങ്കിംഗില്‍ മികച്ച കോളജുകളുടെ ആദ്യത്തെ നൂറു റാങ്കില്‍ സംസ്ഥാനത്തെ 14 കോളജുകള്‍ ഇടം പിടിച്ചു.
ദേശീയ മെഡിക്കല്‍ കമ്മീഷന് അംഗീകാരം തടഞ്ഞതിനാല്‍ കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നഷ്ടപ്പെടുന്ന 450 എംബിബിഎസ് സീറ്റുകളും 11 മെഡിക്കല്‍ പിജി സീറ്റുകളും വീണ്ടെടുക്കാന്‍ ഇടപെടുമെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന് കുന്നുമ്മല്‍. സീറ്റ് പുനസ്ഥാപിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്നു മൂന്നു സ്വാശ്രയ മെഡിക്കല്‍ കോളേജുകളും അറിയിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍ലസര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടന വേണ്ടത്ര കൂടിയാലോചന നടത്താതെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡിനെ വിവരം അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകേണ്ട സമയമാണിത്. വയനാട് ചേര്‍ന്ന ക്യാമ്പില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ രാജ്യങ്ങളിലും നിയമം ജനങ്ങളുടെ ജീവന് രക്ഷിക്കാനാണെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ പിഴിഞ്ഞു ഖജനാവു നിറയ്ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. എഐ അഴിമതി ക്യാമറയില്‍ ആദ്യം ദിനം 38,520 ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുകയും ജനങ്ങളില്‍നിന്ന് നാലു കോടി രൂപയോളം രൂപ പിരിച്ചെടുക്കാന്‍ നോട്ടീസയക്കുകയും ചെയ്തു. ആവശ്യത്തിന് ട്രാഫിക് സിഗ്നലുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിക്കാതെയാണ് ഈ നടപടിയെന്നും ചെന്നിത്തല.
അപ്പര്‍ കോടയാര്‍ വനത്തിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന് ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്. ദൗത്യം പൂര്‍ത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങിപ്പോയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. കുതിരവെട്ടി ഗസ്റ്റ് ഹൗസിലാണ് ഉദ്യോഗസ്ഥര്‍ തുടരുന്നത്.
രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഡെപ്യൂട്ടേഷനില്‍ ഒരു പിഎയെയും ഡ്രൈവറെയുമാണ് അനുവദിച്ചിരുന്നത്. എംപി സ്ഥാനം നഷ്ടമായതോടെയാണ് രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാന്‍ പൊതുഭരണ വകുപ്പ് ഉത്തരവിട്ടത്.
സമസ്ത- സിഐസി തര്‍ക്കം തീരുന്നു. തര്‍ക്ക പരിഹാര ഫോര്‍മുല സെനറ്റ് യോഗത്തില്‍ അവതരിപ്പിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ സെനറ്റ് അംഗീകരിച്ചു. സെനറ്റ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സമസ്ത ചര്‍ച്ച ചെയ്യുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സംസ്ഥാന യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്കി. വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുന്ന കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
അമല്‍ജ്യോതി കോളജിലെ പ്രശ്നം പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും സഹകരണ മന്ത്രി വിഎന്‍ വാസവനും നാളെ രാവിലെ കോളേജില്‍ എത്തും. കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തും. സാങ്കേതിക സര്‍വകലാശാലയില്‍നിന്നു രണ്ടംഗ അന്വേഷണ കമ്മീഷനും കോളേജിലെത്തി തെളിവെടുപ്പ് നടത്തും.
അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥി സമരത്തിനു പിന്നില്‍ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമര്‍ശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത. ശ്രദ്ധ 16 തിയറി പേപ്പറുകളില്‍ 13 എണ്ണത്തിലും തോറ്റിരുന്നു. ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിനാലാണ് ഫോണ്‍ പിടിച്ചു വച്ചത്. ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നു. സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചിട്ടും സംസാരിക്കാന്‍ ശ്രദ്ധ തയാറായില്ലെന്നും രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.
പാലക്കാട് വടക്കഞ്ചേരി ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടറെയും ജീവനക്കാരെയും മര്‍ദിച്ചതിനു രോഗിയുടെ കൂടെ എത്തിയയാളെ അറസ്റ്റു ചെയ്തു. പന്നിയങ്കര അമ്പലപറമ്പ് സ്വദേശി അജീഷിനെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിംഗ് നിര്‍ത്തിവയ്പിച്ചു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയശേഷമേ സര്‍വീസ് ആരംഭിക്കാവൂവെന്ന് മൂന്നാര്‍ പൊലീസ് നോട്ടീസ് നല്കി. കഴിഞ്ഞ ദിവസം ബോട്ടില്‍ വെള്ളം കയറിയതിനാലാണ് നടപടി.
ഇന്ത്യയില്‍ 40 കോടി രൂപ വരുമാനത്തിന്റെ നികുതി അടച്ചിട്ടില്ലെന്നു ബിബിസി സമ്മതിച്ചതായി റിപ്പോര്‍ട്ട്. പിഴയും പലിശയും ബിബിസി അടക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ മോദി വിരുദ്ധ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിനു പിറകേ റെയ്ഡ് നടത്തിയത് ലോകമെങ്ങും ചര്‍ച്ചയായിരുന്നു.