മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം എന്ന വിശേഷണത്തിന് ഇനി പുതിയ അവകാശി. കഴിഞ്ഞ ആറര വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ കൈയാളിയിരുന്ന റെക്കോര്‍ഡ് ആണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘2018’ മറികടന്നിരിക്കുന്നത്. വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 137 കോടിക്ക് മുകളിലാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് പുലിമുരുകന്റെ ലൈഫ് ടൈം കളക്ഷന്‍ 2018 മറികടന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഇത് സാധ്യമാക്കിയത്. 64 കോടി രൂപയോളമാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 65.25 കോടിയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 8.4 കോടിയും. എന്നാല്‍ കേരള ബോക്‌സ് ഓഫീസ് മാത്രം എടുത്ത് നോക്കിയാല്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് പുലിമുരുകന്‍ തന്നെയാണ്. 78.50 കോടിയാണ് പുലിമുരുകന്റെ നേട്ടം. കേരളത്തിലെ കളക്ഷനില്‍ കഴിഞ്ഞ ദിവസം ലൂസിഫറിനെ മറികടന്നിരുന്ന 2018 നിലവില്‍ നാലാം സ്ഥാനത്താണ്. പുലിമുരുകനൊപ്പം ബാഹുബലി 2 (73 കോടി), കെജിഎഫ് ചാപ്റ്റര്‍ 2 (68.50 കോടി) എന്നിവയാണ് മുന്നിലുള്ള മൂന്ന് ചിത്രങ്ങള്‍.