P2 yt cover

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ഏഴു വര്‍ഷംവരെ തടവു ശിക്ഷ നല്‍കുന്ന ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കുറഞ്ഞ ശിക്ഷ ആറു മാസമാക്കി. നഴ്സിംഗ് കോളജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതികള്‍ക്കെതിരെ സമയബന്ധിത നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്.

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി. മന്ത്രിസഭയിലേക്കില്ലെന്നു ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രിയാകണമെന്നു സിദ്ധരാമയ്യയും എഐസിസി നേതാക്കളും. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ശിവകുമാറും മുഖ്യമന്ത്രി സ്ഥാനം പങ്കിടാനാണു ധാരണ. ശിവകുമാറിന്റെ വിശ്വസ്തര്‍ക്കു മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കും. സത്യപ്രതിജ്ഞ നാളെ. വൈകുന്നേരം പ്രഖ്യാപനം.

എസ്എഫ്ഐയുടെ യുയുസി ആള്‍മാറാട്ട രേഖ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ പ്രിന്‍സിപ്പല്‍ തിരുത്തി. യുയുസിയുടെ പേര് നല്‍കിയതില്‍ പിശക് പറ്റിയെന്ന് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജു കേരള സര്‍വ്വകലാശാലയെ അറിയിച്ചു. തെരെഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജിവച്ചെന്നാണു റിപ്പോര്‍ട്ടിലുള്ളത്. സര്‍വ്വകലാശാലക്ക് അയച്ച പേരില്‍ പിശക് പറ്റി തിരുത്തി അയച്ചെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ജയിച്ച അനഘക്കു പകരം കോളജില്‍ നിന്ന് നല്‍കിയത് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു. ആള്‍മാറാട്ടത്തിനെതിരേ കെഎസ് യു ഡിജിപിക്കു പരാതി നല്‍കി.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയേക്കും. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച കമ്മീഷന്‍ സര്‍ക്കാറിന് ഇന്നു റിപ്പോര്‍ട്ട് നല്‍കും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80: 20 എന്ന നിലയില്‍ മുസ്ലീം വിഭാഗങ്ങള്‍ കയ്യടക്കുന്നുവെന്ന പരാതി ക്രൈസ്തവ വിഭാഗം ഉയര്‍ത്തിയിരുന്നു.

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി. മദ്യനയ അഴിമതി ആരോപിച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ചത്തീസ്ഗഡ് സര്‍ക്കാരിന്റെ പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. രണ്ടായിരം കോടി രൂപയുടെ അഴിമതി ആരോപിച്ച് സര്‍ക്കാരിനെ വേട്ടയാടുകയാണെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

സെക്രട്ടേറിയേറ്റിലെ ഫയല്‍ തീര്‍പ്പാക്കലിനു വേണ്ടത്ര പുരോഗതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറ്റമുണ്ടെങ്കിലും ശരിയായ രീതിയിലായോയെന്ന് സ്വയം പരിശോധിക്കണം. ജനങ്ങള്‍ ആണ് പരമാധികാരികള്‍. അവര്‍ക്കു സേവനം വേഗം കിട്ടുകയാണു വേണ്ടത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര മണിക്കൂര്‍ ഡ്യൂട്ടി സമയം സമ്മേളനത്തിനായി ചെലവിട്ടെന്നു പരിശോധിച്ച് സമൂഹത്തിന് അത്രയും സമയത്തെ ജോലി തിരിച്ചു നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി ജൂലൈയിലേക്കു മാറ്റി. ഇടക്കാല ജാമ്യത്തിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാനും നിര്‍ദ്ദേശം നല്‍കി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സാന്റിയാഗോ മാര്‍ട്ടിന്‍ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരായി. മാര്‍ട്ടിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുളള 457 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ട്ടിന്‍ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ എത്തിയത്.

എഐക്യാമറ ഇടപാടില്‍ അഴിമതിയുടെ മുഖ്യ സൂത്രധാരനും ഗുണഭോക്താവും മുഖ്യമന്ത്രിയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എല്ലാ അഴിമതി പണവും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ദേശീയ പാത വികസനത്തിന് കേരളത്തിന് നിഷേധാത്മക നിലപാടാണുള്ളത്. പാലക്കാട് നടന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖല വന്‍ തകര്‍ച്ചയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എട്ട് സര്‍വകലാശാലകളില്‍ വിസിമാരില്ല. ഇഷ്ടക്കാരുടെ ഇന്‍ചാര്‍ജ് ഭരണമാണ് നടക്കുന്നത്. 66 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പി എസ് സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് മന്ത്രിയുടെ മേശപ്പുറത്തിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നാടുവിടുകയാണ്. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടം വിചിത്രമെന്നും എസ്എഫ്ഐയുടെ ഭീഷണിക്കു വഴങ്ങിയാണ് ഇങ്ങനെ ആള്‍മാറാട്ടമെന്നും സതീശന്‍.

ശശി തരൂരിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അദാലത്ത് ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ശശി തരൂര്‍ എം പി പങ്കെടുക്കാത്തതിനെതിരേയാണ് വിമര്‍ശനം. എംപി ഫണ്ട് എവിടെ ചെലവാക്കുന്നു എന്നറിയില്ലെന്നും ഒന്നും ചെയ്തില്ലെങ്കിലും ജയിക്കുമെന്ന തോന്നലാണ് തരൂരിനെന്നും ശിവന്‍കുട്ടി പറഞ്ഞു.

തിരുവനന്തപുരം പുത്തന്‍തോപ്പില്‍ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്. പുത്തന്‍തോപ്പ് റോജാ ഡെയ്ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു ഇന്നലെത്തന്നെ മരിച്ചിരുന്നു. കൊലപാതകമെന്നാരോപിച്ച് യുവതിയുടെ അച്ഛന്‍ പ്രമോദ് പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിനു പ്രതികാരമാണെന്നാണ് അച്ഛന്റെ ആരോപണം.

വയനാട്ടില്‍ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തതിനെ തുടര്‍ന്ന് ലിഫ്റ്റ് കൊടുത്ത വിനോദസഞ്ചാരികളും അറസ്റ്റിലായി. വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് മുത്തങ്ങയില്‍ വാഹന പരിശോധനയ്ക്കിടെ അറസ്റ്റിലായത്. അജീഷിന്റെ ബാഗില്‍നിന്നാണ് അരക്കിലോ തൂക്കമുള്ള ആനപ്പല്ല് കണ്ടെടുത്തത്. വനത്തില്‍നിന്നു കിട്ടിയതാണ് ആനപ്പല്ലെന്ന് അജീഷ് മൊഴി നല്‍കി.

മലമ്പുഴ പടലിക്കാട് യുവാവും പതിനാറുകാരിയും തൂങ്ങിമരിച്ച നിലയില്‍. രഞ്ജിത്ത് എന്ന 24 കാരനേയും പെണ്‍കുട്ടിയേയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു.

ആനക്കട്ടി സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. രാജസ്ഥാന്‍ സ്വദേശി വിശാല്‍ ശ്രീമാല ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് വിദ്യാര്‍ത്ഥി കാട്ടാനയുടെ മുന്നിലകപ്പെട്ടത്.

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.17 കോടി രൂപ വിലവരുന്ന 1,884 ഗ്രാം സ്വര്‍ണവുമായി യുവതി പൊലീസിന്റെ പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്ന (33)യാണ് എയര്‍പോര്‍ട്ടിന് പുറത്തുവച്ച് പിടിയിലായത്. മിശ്രിത രൂപത്തില്‍ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

പയ്യന്നൂരില്‍ അനധികൃത മണ്ണെടുപ്പു ചോദ്യം ചെയ്ത സിപിഎം വനിതാ പഞ്ചായത്ത് അംഗത്തെ ബ്രാഞ്ച് അംഗം കൈയേറ്റം ചെയ്തെന്നു പരാതി. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് അംഗവും സിപിഎം പ്രവര്‍ത്തകയുമായ ഷീബ ദിവാകരനാണ് പരാതിക്കാരി. അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ചില പ്രാദേശിക നേതാക്കള്‍ ഇടപെട്ട് കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു. പ്രാദേശിക നേതാക്കളുടെ പകപോക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് ഷീബ ജില്ലാ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് സുപ്രീം കോടതി മൂന്നു മാസം കൂടി അനുവദിച്ചു. അന്വേഷണം ഓഗസ്റ്റ് 14 നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സെബിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഉത്തരേന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയിഡ്. ആറു സംസ്ഥാനങ്ങളിലായി നൂറിടങ്ങളിലാണ് പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.

കര്‍ണാടകത്തില്‍ 2019 ല്‍ കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്കും പങ്കുണ്ടായിരുന്നെന്ന് അന്നത്തെ കോണ്‍ഗ്രസ് വിമത നേതാവും മുന്‍ മന്ത്രിയുമായ കെ. സുധാകര്‍. ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

സഹപ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന് മുന്‍കൂര്‍ ജാമ്യം. ആസാം പൊലീസെടുത്ത കേസില്‍ ശ്രീനിവാസ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയിലെത്തുകയായിരുന്നു. അന്‍പതിനായിരം രൂപ ജാമ്യ തുക നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നു വെളിപ്പെടുത്തിയ മുന്‍ ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ സഹായിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. സത്യപാല്‍ മാലിക് സാക്ഷിയായ ഇന്‍ഷുറന്‍സ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഡല്‍ഹിയില്‍ ഒമ്പതിടങ്ങളിലും റെയ്ഡ് തുടരുകയാണ്.

ഐപിഎല്ലില്‍ ഇന്ന് നിലവിലെ എട്ടാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സ് അവസാന സ്ഥാനക്കാരായ ഡല്‍ഹി കാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം.

ലാ ലിഗ കിരീടം നേടിയ ബാഴ്‌സലോണ ക്ലബ്ബിന്റെ കിരീട നേട്ടം ആഘോഷിക്കാന്‍ ബാഴ്‌സലോണയിലെ തെരുവുകളില്‍ അണിനിരന്നത് എണ്‍പതിനായിരത്തോളം ആരാധകര്‍. മൂന്ന് വര്‍ഷത്തിനു ശേഷം സ്പാനിഷ് ലീഗ് കിരീടം നേടിയ പുരുഷ ടീമിന്റെയും ആഴ്ചകള്‍ക്ക് മുമ്പു തന്നെ ലീഗ് കിരീടം ഉറപ്പിച്ച വനിതാ ടീമിന്റെയും വിക്ടറി പരേഡാണ് ബാഴ്‌സലോണ ഒന്നിച്ച് നടത്തിയത്.

പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നാലാംപാദ ലാഭഫലം പുറത്ത് വന്നു. അറ്റാദായത്തില്‍ 53 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 10,841 കോടിയാണ് മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഐ.ഒ.സിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 7,089 കോടിയായിരുന്നു ലാഭം.കമ്പനിയുടെ ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2.30 ലക്ഷം കോടിയാണ് കമ്പനിയുടെ ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 2.09 ലക്ഷം കോടിയായിരുന്നു വരുമാനം. ഇക്വിറ്റി ഷെയറൊന്നിന് മൂന്ന് രൂപ ലാഭവിഹിതമായി നല്‍കാനും ഐ.ഒ.സി തീരുമാനിച്ചു. എ.ജി.എമ്മില്‍ ഓഹരി ഉടമകള്‍ കൂടി അംഗീകരിച്ചതിന് ശേഷമായിരിക്കും ഡിവിഡന്റ് നല്‍കുക. യോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ഡിവിഡന്റ് വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം 2.20 ലക്ഷം കോടിയാണ്. 11 ശതമാനം വര്‍ധനയാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വരുമാനത്തിലൂടെയുണ്ടായത്. 1.99 ലക്ഷമായിരുന്നു മൂന്നാംപാദത്തിലെ പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം. അതേസമയം, പെട്രോ കെമിക്കല്‍സ് വില്‍പനയില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞിട്ടുണ്ട്. 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വരുമാനം 8009 കോടിയില്‍ നിന്ന് 6282 കോടിയായി ഇടിഞ്ഞു.

ചാറ്റ് ലോക്ക് ഫീച്ചറും ഗ്രൂപ്പ് കോള്‍ ഫീച്ചറും അവതരിപ്പിച്ച് വാട്‌സ്ആപ്പ്. തെരഞ്ഞെടുക്കപ്പെട്ട ചാറ്റുകള്‍ പ്രൈവറ്റ് ഫോള്‍ഡറിലേക്ക് മാറ്റി സ്വകാര്യത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍. വ്യക്തിഗത ചാറ്റുകള്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകളും ഇത്തരത്തില്‍ രഹസ്യമാക്കിവെയ്ക്കാന്‍ സാധിക്കും. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഫീച്ചര്‍. ഇത്തരം ലോക്ക്ഡ് ചാറ്റുകളുടെ നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്ക് ഫോണ്‍ കൈമാറുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഗ്രൂപ്പ്, കോണ്‍ടാക്ട് നെയിമുകളില്‍ ടാപ്പ് ചെയ്ത് വേണം ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍. തുടര്‍ന്ന് ചാറ്റ് ലോക്ക് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. കോണ്‍ടാക്ട് ഡീറ്റെയില്‍സ് പേജിന് താഴെയാണ് ചാറ്റ് ലോക്ക് ഓപ്ഷന്‍. ബയോമെട്രിക് വിശദാംശങ്ങള്‍, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ചാണ് ചാറ്റുകള്‍ ലോക്ക് ചെയ്യേണ്ടത്. അതുപോലെ മറ്റൊരു അപ്ഡേഷനും വാട്‌സ്ആപ്പ് കൊണ്ടുവരുന്നുണ്ട്. പല ഗ്രൂപ്പില്‍നിന്നുള്ളവരെ സെലക്ട് ചെയ്ത് കോള്‍ ചെയ്യാവുന്ന വിധത്തില്‍ പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചറാണിത്. തുടക്കത്തില്‍ എട്ടു പേരെ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ ഗ്രൂപ്പ് കോള്‍ ചെയ്യാനാവുക. ഇത് പിന്നീട് 32 ആയി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മാക് ഒഎസിലാണ് തുടക്കത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഒരു ഗ്രൂപ്പില്‍നിന്നു തന്നെ സെലക്ട് ചെയ്യുന്ന അംഗങ്ങള്‍ക്ക് ഗ്രൂപ്പ് കോള്‍ ചെയ്യാം. പല ഗ്രൂപ്പുകളില്‍നിന്നു സെലക്ട് ചെയ്യുന്നവരെ കോളിലേക്ക് ആഡ് ചെയ്യാനും ആവും. ഓഡിയോ, വിഡിയോ കോളുകള്‍ ഇത്തരത്തില്‍ ചെയ്യാനാവും.

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടായിരുന്നു തെലുങ്ക് നടന്‍ നരേഷും കന്നഡ നടി പവിത്ര ലോകേഷും വിവാഹിതരായത്. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വിവാദ സംഭവങ്ങളെ ആസ്പദമാക്കി തങ്ങളുടെ പ്രണയവിവാഹം വെള്ളിത്തിരയില്‍ സിനിമയാക്കുകയാണ് നരേഷും ലോകേഷും. എം.എസ്. രാജു സംവിധാനം ചെയ്യുന്ന ‘മല്ലി പെല്ലി’ എന്ന സിനിമയില്‍ നരേഷും പവിത്രയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വനിത വിജയകുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയാണ് വനിതയുടെ കഥാപാത്രത്തിന് പ്രചോദനമെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നരേഷും പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്ന രമ്യ രഘുപതി ഇരുവരെയും പിന്തുടര്‍ന്ന് ഹോട്ടലിലെത്തി ചെരുപ്പൂരി തല്ലാനൊരുങ്ങിയ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ രംഗം ഈ ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേഷ് തന്നെയാണ് സിനിമയുടെ നിര്‍മാണവും. ചിത്രം തിയറ്റര്‍ റിലീസാണ്. ചിത്രം മെയ് 26ന് തിയറ്ററുകളിലെത്തും. 63 കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും.

അബ്രാം ഖുറേഷിയുടെ മറ്റൊരു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏതാനും നാളുകള്‍ക്ക് മുമ്പ് ലോക്കേഷന്‍ ഹണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടിയിരുന്നു. ഇപ്പോഴെത്തുന്ന പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കും. ചിത്രത്തിന് വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം അടുത്തയാഴ്ച്ചയോടെ ആരംഭിച്ച് എത്രയും വേഗം ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലൂസിഫറിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു. എന്നാല്‍ എമ്പുരാനില്‍ സഹ നിര്‍മ്മാതാക്കളായി ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന എമ്പുരാന്‍ പാന്‍-ഇന്ത്യന്‍ അല്ല, മറിച്ച് പാന്‍-വേള്‍ഡ് ചിത്രമായിരിക്കുമെന്നാണ് പുറത്ത് വരുന്ന ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാകുന്നത്. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുന്നതിന് വേണ്ടി ചെലവഴിക്കുക. എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു. പൂര്‍ണ്ണമായും കൊമേഴ്സ്യല്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷയുമായി ഹ്യുണ്ടേയ് എക്സ്റ്റര്‍. ഡ്രൈവര്‍, പാസഞ്ചര്‍, കര്‍ട്ടന്‍, സൈഡ് എയര്‍ബാഗുകളുടെ സുരക്ഷയാണ് എക്സ്റ്ററിന്റെ എല്ലാ മോഡലുകള്‍ക്കും ലഭിക്കുക. എഎസ്സി, വെഹിക്കിള്‍ സ്റ്റബിലിറ്റ് മാനേജ്മെന്റ്, ഹില്‍ അസിസ്റ്റ് കണ്ട്രോള്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റ് ആന്‍ഡ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ് വിത്ത് ഇബിഡി, സെഗ്മെന്റില്‍ ആദ്യമായി ബര്‍ഗ്ലര്‍ അലാം തുടങ്ങി 26 സുരക്ഷാ ഫീച്ചറുകളും പുതിയ എസ്യുവിക്ക് ഹ്യുണ്ടേയ് നല്‍കുന്നുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ‘ഇ’, ‘എസ്’ എന്നീ മോഡലുകള്‍ക്ക് ഓപ്ഷനായിട്ടാണ് ഇവ നല്‍കുന്നത്. കൂടാതെ സെഗ്മെന്റില്‍ തന്നെ ആദ്യമായി ഡാഷ്‌ക്യാം വിത്ത് ഡ്യുവല്‍ കാമറ, ടിപിഎംഎസ്, ഐഎസ്ഒഎഫ്ഐഎക്സ്, ഹെഡ്‌ലാംപ് എസ്‌കോര്‍ട്ട് ഫങ്ഷന്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ തുടങ്ങി 40 ല്‍ അധികം അഡ്വാന്‍സിഡ് സുരക്ഷ സംവിധാനങ്ങളും എക്സ്റ്ററിലുണ്ട്. നേരത്തെ എക്സ്റ്ററിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. ജൂലൈയില്‍ നിര്‍മാണം ആരംഭിക്കുന്ന മൈക്രോ എസ്യുവി ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

കടലുണ്ടിപ്പുഴയുടെ തീരത്ത് താമസമാക്കിയ ദേശാടനക്കിളികളുടെ കൂട്ടത്തിലെ കിളിക്കുഞ്ഞാണ് പിങ്കു. പറക്കാന്‍ അവന് ചിറകുകള്‍ മുളച്ചുവരുന്ന അവസരത്തിലാണ് സ്വന്തം നാട്ടിലേക്ക് കിളിക്കൂട്ടം തിരിച്ചു പോകാന്‍ തീരുമാനിക്കുന്നത്. യാത്രാ മധ്യേ പിങ്കുവിന് അമ്മയെയും മറ്റു കിളികളെയും നഷ്ടമാകുന്നു. അമ്മയെത്തേടിയുള്ള പിങ്കുവിന്റെ യാത്ര ഏറെ രസകരമായി അവതരിപ്പിക്കുന്നു. കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാനും വായിച്ചുല്ലസിക്കാനുമുള്ള നോവല്‍. ‘പിങ്കുവിന്റെ ആദ്യത്തെ ആകാശ യാത്ര’. ശ്രീലാല്‍ എ.ജി. മാതൃഭൂമി ബുക്സ്. വില 127 രൂപ.

അമിതവണ്ണം, അമിത മദ്യപാനം, പുകവലി, രക്തസമ്മര്‍ദത്തിന്റെ കുടുംബചരിത്രം, അലസമായ ജീവിതശൈലി എന്നിവയെല്ലാമാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ പൊതുവായ കാരണങ്ങള്‍. എന്നാല്‍ ഇവയല്ലാത്ത ചില കാരണങ്ങളും രക്തസമ്മര്‍ദം ഉയരുന്ന അവസ്ഥയിലേക്ക് നയിക്കും. ചികിത്സിക്കാതെ വിട്ടാല്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കനാശം, മറവിരോഗം എന്നിവയിലേക്ക് എല്ലാം നയിക്കാവുന്ന രോഗാവസ്ഥയാണ് ഇത്. 140/90 എംഎംഎച്ച്ജിയിലും ഉയര്‍ന്ന രക്തസമ്മര്‍ദം അപകടകരവും അടിയന്തരമായി പരിഹാരം കാണേണ്ടതുമാണ്. എന്നാല്‍ ജീവിതശൈലിയിലെയും ഭക്ഷണ ക്രമത്തിലെയും ചില മാറ്റങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. വൈറ്റമിന്‍ ഡി അഭാവം ഹൃദയത്തിന്റെ ആരോഗ്യവുമായും രക്തസമ്മര്‍ദവുമായുമെല്ലാം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വൈറ്റമിന്‍ ഡിയുടെ തോത് ആവശ്യമായ അളവില്‍ നിലനിര്‍ത്തുന്നത് സമ്മര്‍ദ്ദമകറ്റാനും ഭാരം നിയന്ത്രിക്കാനുമെല്ലാം സഹായിക്കും. ഇത് രക്തസമ്മര്‍ദത്തെയും വരുതിയില്‍ നിര്‍ത്തും. പായ്ക്ക് ചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷണം സ്ഥിരം കഴിക്കുന്നതും രക്ത സമ്മര്‍ദം ഉയര്‍ത്തും. രക്തത്തിലെ ഉപ്പിന്റെ അളവ് കൂടുമ്പോള്‍ അത് രക്തക്കുഴലുകള്‍ക്ക് ചുറ്റുമുള്ള കോശങ്ങളില്‍ നിന്ന് വെള്ളം വലിച്ചെടുക്കും. ഇത് രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുകയും ചെയ്യും. പ്രതിദിനം 2300 മില്ലിഗ്രാം സോഡിയം ആണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. ചെറിയ തലവേദനയോ സന്ധിവേദനയോ വന്നാല്‍ പോലും ഉടനെ മരുന്ന് കഴിക്കുന്ന ശീലവും അത്ര നല്ലതല്ല. ചില മരുന്നുകള്‍ രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതും രക്തക്കുഴലുകളെ ചുരുക്കുന്നതുമായിരിക്കും. മുതിര്‍ന്ന ഒരാള്‍ ഒരു രാത്രി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ആറ് മണിക്കൂറില്‍ താഴെ രാത്രിയില്‍ ഉറങ്ങുന്നത് സമ്മര്‍ദം വര്‍ധിപ്പിക്കുകയും മൂഡ് മാറ്റങ്ങള്‍ ഉണ്ടാക്കി ഹോര്‍മോണല്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ചയാപചയത്തെയും ഇത് ബാധിക്കുക വഴി രക്തസമ്മര്‍ദം ഉയര്‍ത്തും. ദീര്‍ഘകാലത്തേക്ക് സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്നത് ശരീരത്തില്‍ സമ്മര്‍ദ ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും. ഇത് വിഷാദത്തിലേക്ക് നയിക്കുകയും രക്തസമ്മര്‍ദത്തെ ഉയര്‍ത്തുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.40, പൗണ്ട് – 102.45, യൂറോ – 89.30, സ്വിസ് ഫ്രാങ്ക് – 91.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.69, ബഹറിന്‍ ദിനാര്‍ – 218.58, കുവൈത്ത് ദിനാര്‍ -268.30, ഒമാനി റിയാല്‍ – 214.30, സൗദി റിയാല്‍ – 21.97, യു.എ.ഇ ദിര്‍ഹം – 22.44, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 60.96.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *