പാക് കപ്പലില്‍നിന്നു കൊച്ചി തീരുത്തു പിടികൂടിയ പന്തീരായിരം കോടി രൂപയുടെ രാസലഹരി പാക്കിസ്ഥാനിലെ ഹാജി സലിം ലഹരി മാഫിയാ സംഘത്തിന്റേതാണെന്നു റിപ്പോര്‍ട്ട്. സംഘം കടലില്‍ മുക്കിയ ലഹരിശേഖരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താനും കടന്നു കളഞ്ഞ മാഫിയാ സംഘാംഗങ്ങളെ പിടികൂടാനും നാവികസേനയുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. കപ്പലില്‍നിന്ന് 134 ചാക്ക് മെത്താഫെറ്റമിന്‍ രാസലഹരിയാണു പിടികൂടിയത്. പിടിയിലായ പാക് സ്വദേശിയെ ചോദ്യം ചെയ്തുവരികയാണ്.
ഐസിഎസ്ഇ, ഐഎസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രസിദ്ധീകരിച്ചു. രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പത്താം ക്ലാസിനു കേരളത്തിലെ വിജയശതമാനം 99.97 ശതമാനമാണ്. ദേശീയതലത്തില്‍ 98.94 ശതമാനം. പ്ലസ് ടുവില്‍ ദേശീയ വിജയശതമാനം 96.94 ശതമാനവും കേരളത്തിലത് 99.88 ശതമാനവുമാണ്.
വീണ്ടും ചൂട് കൂടുന്നു. 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. എന്നാല്‍ നാല്പതിലേറെ ഡിഗ്രി താപനിലയുണ്ടെന്നു തോന്നുന്നത്രയും ചൂട് അനുഭവപ്പെടും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയെ കണ്ടു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട്ടില്‍ സന്ദര്‍ശനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വന്ദനയുടെ കുടുംബാംഗങ്ങള്‍ ചില കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി.
ഇന്ത്യയെ ഫാസിസത്തിലേക്ക് ആദ്യം നയിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അടിയന്തരാവസ്ഥ ഇതിന്റെ ഭാഗമായിരുന്നു. മത സൗഹാര്‍ദ്ദവും ജനകീയ ഐക്യവും എങ്ങനെ തകര്‍ക്കാമെന്നതിന്റെ ഗവേഷണമാണ് ഫാസിസ്റ്റുകള്‍ നടത്തുന്നത്. കേരളം ഒരു അഗ്നിപര്‍വ്വതത്തിന് മുകളിലാണ്. ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ മാത്രമെന്ന അഹന്ത പിന്തുടര്ന്നാല് അടുത്ത ലോക്സഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടാമ്പി വള്ളൂർ മേലെകുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. കൊടലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ (12) വളാഞ്ചേരി പന്നിക്കോട്ടിൽ സുനിൽ കുമാർ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്.
എറണാകുളം മറൈൻഡ്രൈവിൽ അമിതമായി യാത്രക്കാരെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ. നിഖിൽ, ഗണേഷ് എന്നീ ബോട്ട് ജീവനക്കാരെ അറസ്റ്റുചെയ്തു. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് പിടികൂടിയത്. 13 പേർക്ക് അനുമതിയുള്ള ബോട്ടിൽ 40 പേരെയാണ് കയറ്റിയത്.
താനൂരിൽ മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്നു പറഞ്ഞ കെഎം ഷാജിയുടെ വീട്ടിൽ കടന്നുകയറുമെന്നു പ്രകോപനപരമായ ഭീഷണി യുമായി മന്ത്രി അബ്ദുറഹ്മാൻ. ‘മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാർട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് നയിക്കണമെന്ന് സിപിഎം നേതാവും മന്ത്രിയുമായ സജി ചെറിയാൻ. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. ജനങ്ങൾ മാറി ചിന്തിക്കുമ്പോൾ സ്വാഭാവികമായി പ്രതിപക്ഷ ഐക്യം വരുമെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകും. എഐസിസി മൂന്നു നിരീക്ഷകരെ ബംഗളൂരുവിലേക്ക് അയച്ചു. സുശീല്‍ കുമാര്‍ ഷിൻഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബറിയ എന്നിവരാണു നിരീക്ഷകര്‍. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന ഇവര്‍ വിവരങ്ങള്‍ ഹൈക്കാന്‍ഡിനെ ധരിപ്പിക്കും. ബുധനാഴ്ചയോടെ ഹൈക്കമാന്‍ഡാകും തീരുമാനം പ്രഖ്യാപിക്കുക.
കര്‍ണാടക പൊലീസ് മേധാവി പ്രവീണ്‍ സൂദിനെ സിബിഐ മേധാവിയായി നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണു നിയമനം. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീണ്‍ സൂദിനെതിരേ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.
തമിഴ്നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വ്യാജമദ്യം കുടിച്ച് മൂന്നു മരണം. മദ്യപിച്ചശേഷം കുഴഞ്ഞുവീണ നിരവധി പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 പേരാണ് ചികിത്സയിലുള്ളത്. എട്ടു പേരുടെ നില ഗുരുതരമാണ്.
കര്‍ണാടകത്തിലേതു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയമല്ലെന്ന് രാജിവച്ച മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെ. മോദി ദേശീയ നേതാവാണ്. കോണ്‍ഗ്രസിനെ രാജ്യമൊന്നാകെ തിരസ്കരിച്ചതാണ്. തോല്‍വിയുടെ പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കട്ടീര് രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ അവകാശികളെ കണ്ടെത്താൻ പദ്ധതിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ ജില്ലകളിലും ബാങ്കുകൾ ഇത്തരം നിക്ഷേപങ്ങൾ കണ്ടെത്തി തീർപ്പാക്കുന്നതിന് ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ പ്രത്യേക കാംപയിൻ ആരംഭിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ഡൽഹി ജന്ദർമന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ തേടി ബി ജെ പിയിലെ സ്മൃതി ഇറാനി അടക്കമുള്ള വനിതാ എംപിമാർക്ക് കത്തയക്കുമെന്നു ഗുസ്തി താരങ്ങൾ. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയർത്തുന്ന ബി ജെ പിയുടെ ഒരു വനിത നേതാവ് പോലും ഞങ്ങളെ വിളിച്ചില്ലെന്നും ഇവർ പറഞ്ഞു.