കൊച്ചിയില്‍ പാകിസ്ഥാനില്‍ നിന്നെത്തിച്ച പന്തീരായിരം കോടി രൂപയുടെ മയക്കുമരുന്നു പിടികൂടി. ബോട്ടില്‍ കടത്തുകയായിരുന്ന 2500 കിലോ മെത്താഫെറ്റാമിന്‍ മയക്കുമരുന്നുമായി പാകിസ്ഥാന്‍ സ്വദേശിയെ അറസ്റ്റു ചെയ്തു. നേവിയും എന്‍സിബിയും ചേര്‍ന്നാണ് മയക്കുമരുന്നു വേട്ട നടത്തിയത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ടുവന്ന മയക്കുമരുന്നാണു പിടികൂടിയത്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭരണം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 136 സീറ്റുകള്‍. ബിജെപി 65 സീറ്റിലായി ഒതുങ്ങി. ജനതാദള്‍ എസിനു 19 സീറ്റു മാത്രം. മറ്റുള്ളവരുടെ ഗണത്തില്‍ നാലു പേര്‍കൂടി ജയിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും. വിജയശില്‍പിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും.
ദേശീയ രാഷ്ട്രീയത്തില്‍ സുപ്രധാന സൂചനകളുമായാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയം. പ്രതിപക്ഷ ഐക്യത്തിനു നേതത്വം നല്‍കാന്‍ കോണ്‍ഗ്രസിനു കൂടുതല്‍ കരുത്തു പകരുന്ന വിജയമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിനു ജനങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്ന സന്ദേശംകൂടിയാണ് തെരഞ്ഞെടുപ്പു ഫലം നല്‍കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വര്‍ധിക്കുകയും ചെയ്തു. മോദിയും അമിത് ഷായും പലതവണ റോഡ്‌ഷോകളും പ്രസംഗങ്ങളുമെല്ലാം പയറ്റിയെങ്കിലും ജനം അതെല്ലാം തിരസ്‌കരിച്ചു.
കര്‍ണാടകത്തിലെ വിജയം രാഹുല്‍ഗാന്ധി ഒരുക്കിയ വിജയമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി 51 നിയോജക മണ്ഡലങ്ങളിലൂടെ നടന്നു. പ്രചാരണ റാലികള്‍ നടത്തിയത് 22 മണ്ഡലങ്ങളിലാണ്. 51 ല്‍ 38 മണ്ഡലങ്ങളിലും പ്രചാരണ റാലികള്‍ നടത്തിയ 22 മണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചെന്നു ഷാഫി ഫേസ് ബുക്കില്‍ കുറിച്ചു. കര്‍ണാടകയില്‍ രാഹുല്‍ സ്‌നേഹത്തിന്റെ കട തുറന്നെന്നും സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ ഏറ്റവും യോഗ്യന്‍ അയാള്‍ തന്നെയാണെന്നും ഷാഫി കുറിച്ചു.
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയരുന്ന ജനവിധിയാണ് കര്‍ണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മോദി അര ഡസന്‍ റോഡ് ഷോ നടത്തി. ജയിച്ച കോണ്‍ഗ്രസും ചില പാഠങ്ങള്‍ പഠിക്കണം. പ്ലാവില കണ്ടാല്‍ പിറകെ പോകുന്ന ആട്ടിന്‍പറ്റങ്ങളെ പോലെ നേരത്തെ കോണ്‍ഗ്രസുകാരെ കണ്ടിട്ടുണ്ട്. രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തില്‍ വരരുതെന്ന വികാരം ശക്തമാണെന്നും പിണറായി പറഞ്ഞു.
എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയപല്ലന്‍തുരുത്തില്‍ മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങി. പല്ലംതുരുത്ത് സ്വദേശിയായ ശ്രീവേദ (10), വടക്കന്‍ പറവൂര്‍ മന്നം സ്വദേശി അഭിനവ് (12), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) എന്നിവരെയാണ് കാണാതായത്.
കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ നാളെ മുതല്‍ 17 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റിനും സാധ്യത.
കണ്ണൂര്‍ ഇരിട്ടി അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകള്‍ എത്തി. കളി തട്ടുംപാറയിലാണ് സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സായുധ സംഘം എത്തിയത്. മണ്ണുരാം പറമ്പില്‍ ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ സാമഗ്രികള്‍ വാങ്ങി കാട്ടിലേക്കു മടങ്ങി.
കൊച്ചി ജിയോ ഇന്‍ഫോപാര്‍ക്കില്‍ തീപിടുത്തം. പൊലീസ് സ്റ്റേഷനു സമീപത്തെ ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഫാസിസ്റ്റ് തേര്‍വാഴ്ചക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കേന്ദ്ര ഭരണത്തിന്റെ സര്‍വ സംവിധാനങ്ങളും ദുരുപയോഗം ചെയ്താണ് ബിജെപി കര്‍ണാടകയില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ണാടകയില്‍ സാധാരണക്കാരുടെ ശക്തി വിജയിച്ചെന്നും വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കും. സാധാരണക്കാരനൊപ്പം പാര്‍ട്ടിയുണ്ടാകുമെന്ന് രാഹുല്‍ വ്യക്തമാക്കി.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസാ. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍. പിന്തുണച്ചവര്‍ക്ക് നന്ദി. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. മോദി കുറിച്ചു.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വിജയശില്‍പി കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലുവും. പ്രശാന്ത് കിഷോറിന്റെ വലംകൈയായിരുന്നു സുനില്‍ കനുഗൊലു. ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരേയാണ് കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തിയത്. ഭാരത് ജോഡോ യാത്രയോടെ ആരംഭിച്ച പ്രചാരണത്തിന്റെ പിന്നണിയിലും സുനില്‍ കനുഗൊലുവായിരുന്നു.
പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി. 1998 ന് ശേഷം ആദ്യമായി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ആംആദ്മി പാര്‍ടി സ്ഥാനാര്‍ത്ഥി 58,647 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഇവിടെ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സുശീല്‍ കുമാര്‍ റിങ്കുവാണ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചത്.
സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും വേട്ടയാടി ജയിലില്‍ അടച്ചപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ തന്നെ കാണാനെത്തിയ സോണിയാഗാന്ധിക്കു നല്‍കിയത് ഒറ്റ വാക്കായിരുന്നു. എന്തു ത്യാഗം സഹിച്ചും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുമെന്നായിരുന്നു ആ വാക്ക്. തെരഞ്ഞെടുപ്പിലെ ചാണക്യനായ ശിവകുമാര്‍ കനകപുര മണ്ഡലത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയാണു ജയിച്ചത്. ഒരുലക്ഷത്തി ഇരുപത്തിരണ്ടായിരത്തിലേറെ വോട്ടാണു ഭൂരിപക്ഷം.
കനറാ ബാങ്കിന് റിസര്‍വ് ബാങ്ക് 2.92 കോടി രൂപ പിഴ ചുമത്തി. പലിശ നിരക്കുകള്‍ ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ചെന്നും യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുകള്‍ തുറന്നതും ഉള്‍പ്പെടെയുള്ള ചട്ടലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.