ഇടുക്കി ചിന്നക്കനാല്‍ മേഖലയിലെ കാട്ടാന അരിക്കൊമ്പനെ ദൗത്യസംഘം സിമന്റുപാലത്തിനരികില് മയക്കുവെടിവച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്ജന് ഡോ. അരുണ്‍ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവച്ചത്.
പുല്‍വാമയില്‍ സൈനികരെ കൊലയ്ക്കു കൊടുത്ത മോദി സര്‍ക്കാരിന്റെ വീഴ്ച അധികാരം നഷ്ടമാക്കുമെന്ന് കാഷ്മീരിലെ മുന്‍ സത്യപാല്‍ മല്ലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണം. ആരോപണം ഉന്നയിച്ചതിനു പ്രതികാരമായാണ് സിബിഐ അന്വേഷണവും സുരക്ഷ വെട്ടിക്കുറയ്ക്കലും. മോദി അഴിമതിക്കൊപ്പമാണ്. ഗോവയിലെ അഴിമതി തുറന്ന് പറഞ്ഞതിനാണ് മോദി തന്നെ മേഘാലയിലേക്കു മാറ്റിയത്. റിലയന്‍സ് പദ്ധതിക്കായി റാം മാധവ് സമ്മര്‍ദ്ദം ചെലുത്തിയ വിവരം സിബിഐക്കു മൊഴി നല്കിയെന്നു അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടി. ഷിഫ്റ്റ് സമ്പ്രദായത്തിലാണ് റേഷന്‍കടകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലെ കടകള്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവര്‍ത്തിക്കും.
സുഡാനില്‍നിന്ന് രക്ഷപ്പെടുത്തി ബംഗളുരുവില്‍ എത്തിച്ച വാക്സിന് എടുക്കാത്ത 25 മലയാളികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ക്വാറന്റീന് ഏര്‍പ്പെടുത്തി. കര്‍ണാടക സര്‍ക്കാരിന്റെ അംഗീകൃത ക്വാറന്റീന് സെന്ററുകളിലേക്ക് ഇവരെ മാറ്റി. അഞ്ച് ദിവസം ഇവിടെ ക്വാറന്റീനില്‍ കഴിയും.
മലയാളി ബൈജു രവീന്ദ്രന് സ്ഥാപിച്ച പ്രമുഖ എഡ്യൂ ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലാണു പരിശോധന നടത്തിയത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന.
സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി ഹരിപ്പാട് സ്വദേശി കെ ഹരികൃഷ്ണന് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. കായംകുളം രാമപുരത്തെ റെയില്‍വെ ലെവല്‍ ക്രോസില്‍ പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാറില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. വിജിലന്‍സ് കേസുകളിലെ പ്രതിയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വൈകുന്നു. നാലു ദിവസത്തെ സന്ദര്‍ശനത്തിന് മേയ് ഏഴിന് അബുദാബിയിലേക്കു പോകാനിരിക്കുകയാണ്. യുഎഇ സര്‍ക്കാരിന്റെ നിക്ഷേപക സംഗമ പരിപാടിയിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകാന്‍ തയാറായിരിക്കുന്നത്.
എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിനാമികളും വന്‍കിടക്കാരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായതുമൂലം മൃതദേഹം ചുമന്ന് താഴെയിറക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടി നല്‍കിയില്ല. നേരത്തെ പറഞ്ഞതാണെന്നായിരുന്നു പ്രതികരണം.
വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സെസിയെ എട്ടു ദിവസത്തേക്ക് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ഒളിവില്‍ കഴിഞ്ഞിരുന്ന ഇന്‍ഡോറില്‍ എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. 21 മാസമാണ് സെസി സേവ്യര്‍ ഇന്‍ഡോറിലും ഡല്‍ഹിയിലുമായി ഒളിവില്‍ കഴിഞ്ഞത്.
മണ്ണാര്‍ക്കാട് കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ഓരാള്‍ക്ക് പരുക്കേറ്റു. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകന് മൊയ്തീന് (24) ആണ് മരിച്ചത്.
മലപ്പുറം തിരൂരില്‍ ആയുര്‍വേദ ചികിത്സക്കെത്തി ജീവനക്കാരിയോടു ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കല്‍ ഫര്‍ഹാബ്(35) ഒത്താശ ചെയ്ത ജീവനക്കാരന് കൊപ്പം സ്വദേശി കുന്നക്കാട്ടില്‍ കുമാരന്(54) എന്നിവരെയാണ് അറസ്റ്റ ചെയ്തത്.
വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് യുവാവ് നിര്‍മാണത്തിലുള്ള വീട്ടില്‍ തീ കൊളുത്തി മരിച്ചു. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷാണ് (44) മരിച്ചത്.
യുവാവിനെ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കളുടെ പരാതി. ടാപ്പിംഗ് തൊഴിലാളി വാമനപുരം മേലാറ്റുമൂഴി മുളമന വീട്ടില്‍ അനീഷ്(32) നെ മാര്‍ച്ച് അഞ്ചിന് രാത്രി പത്തരയ്ക്കാണ് വയറ്റില്‍ ഗുരുതരമായി മുറിവേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ഉടന്‍ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അനീഷ് സ്വയം ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നു മരണമൊഴിയുണ്ടെന്നാണ് പോലീസ് പറയുന്നത്.
വിവാഹ വാഗ്ദാനം നല്കി നൂറനാട് സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ നൂറനാട് പാലമേല്‍ പത്താം വാര്‍ഡില്‍ മണലാടി കിഴക്കതില്‍ വീട്ടില്‍ അന്‍ഷാദ് (29) അറസ്റ്റിലായി.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ബംഗളൂരുവില്‍. രണ്ടു ദിവസം മൂന്നിടത്തെ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. റോഡ് ഷോയുമുണ്ട്. 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മേയ് പത്തിനാണ്.