സുപ്രീം കോടതിക്കെതിരേ കേന്ദ്ര നിയമമന്ത്രി. സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു. നിയമങ്ങളില്‍ കലോചിതമായ മാറ്റം അനിവാര്യമാണെന്നു കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നും അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് കോടതി അടിച്ചേല്പിക്കരുതെന്നാണു കിരണ്‍ റിജിജു പറഞ്ഞത്.
സുഡാനില്‍ വെടിയേറ്റു മരിച്ച മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല, മകള്‍ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഓപ്പറേഷന് കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറ് ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് രക്ഷിച്ചു. ദൗത്യം തുടരും.
പ്രേക്ഷക സഹസ്രങ്ങളെ ചിരിപ്പിച്ച നടന് മാമുക്കോയയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. വീട്ടില്‍ പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്കിയ ശേഷമാണ് മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോയത്. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘര്‍ഷം ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളും നിയമവിരുദ്ധമായി ചിത്രീകരിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ചിത്രകരിച്ചതിന് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നോട്ടീസ് അയച്ചതിനെ സ്പീക്കര്‍ ന്യായീകരിച്ചു. നിയമസഭാ മന്ദിരം അതീവ സുരക്ഷാ മേഖലയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സംസ്ഥാനത്ത് ഇന്നും മഴയ്ക്കു സാധ്യത. ഇടിമിന്നലും കാറ്റും ഉണ്ടാകാം. എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്കു വിറ്റ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.
ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള മോക്ക്ഡ്രില്‍ ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് മോക്ക് ഡ്രില്‍. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
എ ഐ ക്യാമറ വിഷയത്തില്‍ ജനങ്ങളുടെ സൗകര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യം സര്‍ക്കാര്‍ പരിശോധിക്കണം. അഴിമതി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കാനം പ്രതികരിച്ചു.
പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ചുകൊണ്ടിരുന്ന കുഴിയില്‍ അതിഥി തൊഴിലാളി വീണു. കൊല്‍ക്കത്ത സ്വദേശി നസീര്‍ (23) ആണ് 15 അടി താഴ്ചയുള്ള കുഴിയിലേക്കു വീണത്.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യലിറ്റി ആശുപത്രിയിലെ ജീവനക്കാരെ രോഗിയും സഹായിയും ചേര്‍ന്ന് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധം. ജീവനക്കാര്‍ ആശുപത്രിയ്ക്കു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കര്‍ണാടകയിലെ അമ്പതു ലക്ഷത്തോളം ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വല്‍ റാലിയിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തില്‍ ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് മോദി അവകാശപ്പെട്ടു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്താകെ വര്‍ഗീയ കലാപമുണ്ടാകുമെന്നു പ്രസ്താവിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയത്.