രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വൈകുന്നേരം കേരളത്തിലെത്തും. വൈകുന്നേരം അഞ്ചിനു കൊച്ചി നാവികവിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലം മുതല്‍ തേവര എസ് എച്ച് കോളജ് വരെ റോഡി ഷോയില്‍ പങ്കെടുക്കും. റോഡിന് ഇരുവശവും ബാരിക്കേഡുകള്പ്പുറത്തുള്ള ആളുകളെ അഭിവാദ്യം ചെയ്യും. തുടര്‍ന്നു കോളജില്‍ നടക്കുന്ന യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. രാത്രി ഏഴിനാണ് കര്‍ദിനാള്‍മാര്‍ അടക്കം എട്ടു ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ച. ഉച്ചയ്ക്കു രണ്ടു മുതല്‍ കൊച്ചി സിറ്റിയില്‍ ഗതാഗത നിയന്ത്രണം. വന്ദേഭാരത് ട്രെയിന്‍, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങിയവയുടെ ഉദ്ഘാടനം നാളെ രാവിലെ തിരുവനന്തപുരത്തു നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ശക്തമായ സുരക്ഷാ സന്നാഹം.
ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രം. തിരുവനന്തപുരത്തുനിന്നുള്ള മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയില്നിന്നാണു പുറപ്പെടുക. ചെന്നൈ മെയില്‍ ഇന്നും നാളെയും കൊച്ചുവേളി വരെയേ സര്‍വ്വീസ് നടത്തൂ. പുറപ്പെടുന്നതും കൊച്ചുവേളിയില്‍ നിന്നാകും. അമൃത എക്സ്പ്രസും ശബരി എക്സ്പ്രസും ഇന്ന് കൊച്ചുവേളിയില്‍ സര്‍വ്വീസ് നിര്‍ത്തും. നാഗര്‍കോവില്‍ – കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമത്ത് സര്‍വ്വീസ് നിര്‍ത്തും. കൊല്ലം – തിരുവനന്തപുരം സ്പെഷ്യല്‍ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സര്‍വ്വീസ് അവസാനിപ്പിക്കും. പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന്നാകും. കൊച്ചുവേളി – നാഗര്‍കോവില്‍ സ്പെഷ്യല്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിക്ക് പകരം രണ്ടരയ്ക്ക് നെയ്യാറ്റിന്‍കരയില്‍നിന്ന് പുറപ്പെടും. ബുധനാഴ്ച 4.55 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട സില്‍ചര്‍ അരോണയ് പ്രതിവാര എക്സ്പ്രസ് 6.25 നാകും പുറപ്പെടുക. നാളെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പവര്‍ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായിരിക്കും യാത്രക്കാര്‍ക്കു പ്രവേശനം. ടിക്കറ്റ് കൗണ്ടറുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് അഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം കോടതിയില്‍ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ 12 കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എന്‍ ആര് ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്കര്‍ ബാബു, ബഷീര്‍ എന്നിവര്‍ അടക്കമുള്ളവരെയാണ് പുലര്‍ച്ചെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ ലക്ഷത്തിലേറെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംഘാടകരായ വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫൈയിങ് കേരള എന്ന സന്നദ്ധ സംഘടന. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള വിദഗ്ധരടക്കം പരിപാടിയില്‍ പങ്കെടുക്കും. ബിജെപിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനുള്ള പരിപാടിയില്‍ സ്റ്റീഫന്‍ ദേവസിയുടെ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊച്ചിയില്‍നിന്നു മടങ്ങി. പ്രധാനമന്ത്രിയ്ക്കു കൊച്ചിയില്‍ ഔദ്യോഗിക പരിപാടികള്‍ ഇല്ലാത്തതിനാലാണു മടങ്ങുന്നതെന്നും തിരുവനന്തപുരത്തു പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസാണ്. കൊച്ചിയേയും പത്തു ദ്വീപുകളേയും ആധുനിക സൗകര്യങ്ങളുള്ള മെട്രോ ബോട്ട് സര്‍വീസിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. 2016 ല്‍ നിര്‍മാണം ആരംഭിച്ചതാണ്. ആദ്യഘട്ടത്തില്‍ എട്ട് ബോട്ടുകളാണു സര്‍വീസ് നടത്തുക. ഹൈക്കോടതി ടെര്‍മിനല്‍ മുതല്‍ വൈപ്പിന്‍ വരെയാകും ആദ്യ സര്‍വീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക്, കൂടിയത് 40 രൂപ.
അധികാരത്തിനുവേണ്ടി മതത്തെ ചവിട്ടുപടിയാക്കുന്നവര്‍ക്ക് എന്തു മതേതരത്വമെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയുടെ തുറന്ന കത്ത്. മതവും രാഷ്ട്രീയവും ബിജെപി കൂട്ടിക്കലര്‍ത്തുകയാണ്. കൊച്ചിയിലെ മൈത്രീ കൂടിക്കാഴ്ചയില്‍നിന്ന് മുസ്ലിംങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്? ലൈഫ് മിഷന്, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യപ്രതിയാകേണ്ട മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രം സംരക്ഷിക്കുകയാണ്. ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ത്തതിന്റെ പ്രതിഫലമാണത്. സുധാകരന് വിമര്‍ശിച്ചു.
കോളിളക്കം സൃഷ്ടിച്ച മലങ്കര വര്‍ഗീസ് വധക്കേസില്‍ 17 പ്രതികളെയും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്. ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസ് 2002 ഡിസംബര്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. സഭാ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റിനു പകരം ആസ്തി വികസന ഫണ്ടില്‍നിന്ന് പുതിയത് നല്കാന് തയ്യാറാണെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളെ ചുമട്ടുകാരുടെ സഹായത്തോടെ ചുമന്ന് ഇറക്കുകയും കയറ്റുകയും ചെയ്യേണ്ട ദുരവസ്ഥയിലാണ്. താന്‍ എഴുതിത്തന്നാലും ധനവകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ ലിഫ്റ്റിനുള്ള പണം പാസാകൂവെന്നും എംഎല്‍എ.
തൃശൂര്‍ പൂരം കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും മദ്ധ്യേയും പാറമേക്കാവില്‍ ഉച്ചയ്ക്കു പന്ത്രണ്ടോടെയുമാണ് കൊടിയേറ്റം. ഘടകക്ഷേത്രങ്ങളായ ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂരക്കൊടി ഉയര്‍ന്നു. ഞായറാഴ്ചയാണു തൃശൂര്‍ പൂരം.
ക്യാമറ ഇടപാടില്‍ നടന്നത് വന്‍ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മന്ത്രിമാര്‍ക്കു പോലും കരാര്‍ കമ്പനികളെക്കുറിച്ച് അറിയില്ല. കരാര്‍ കിട്ടിയ കമ്പനി ഉപകരാര്‍ കൊടുത്തു. കണ്ണൂരിലെ ചില കറക്കു കമ്പനികളാണിവര്‍. കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കിയ അഴിമതിക്ക് പിന്നില്‍ സിപിഎമ്മാണ്. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എ ഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഒരു ബന്ധവും ഇല്ലെന്നു സിപിഎം നേതാക്കള്‍ നിയന്ത്രിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടുന്ന ആരോപണങ്ങളിലെ പേരുകാരാരും കമ്പനിയുടെ ഡയറക്ടര്‍മാരല്ല. കെല്‍ട്രോണില്‍നിന്ന് ഉപകരാറെടുത്ത എസ്.ആര്.ഐ.റ്റി എന്ന കമ്പനിയുമായും ബന്ധമില്ലെന്നും ഊരാളുങ്കല്‍.
അട്ടപ്പാടി തേക്കുപ്പനയില്‍ ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു. ബപ്പയ്യന്‍ എന്ന രങ്കന് ആണ് കൊല്ലപ്പെട്ടത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കുടുക്കാന്‍ ആദായ നികുതി പരിശോധന. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയര്‍ റിലേഷന്‍സിന്റെ ചെന്നെ, കോയമ്പത്തൂര്‍ അടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന. സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണിതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. എം കെ സ്റ്റാലിന്റെ മരുമകന് ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
കോണ്‍ഗ്രസ് നേതാവും ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയുടെ സെക്സ് വീഡിയോ ചാറ്റ് പുറത്തായി. സ്ത്രീയുമായി നടത്തുന്ന വീഡിയോ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം. ശരദ് പവാറും ഉദ്ദവുമാണ് സഖ്യത്തിലെ പ്രധാന നേതാക്കളെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍, സഖ്യം തുടരണമോ എന്ന കാര്യത്തില്‍ ശരദ് പവാര്‍ ഉറപ്പ് പറയുന്നില്ല. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ അനുനയമുണ്ടാവണമെന്നാണ് ശരദ് പവാര്‍ പറയുന്നത്.