yt cover 46

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളേയും കേരളത്തില്‍. ഇന്നു വൈകുന്നേരം കൊച്ചിയില്‍ എത്തുന്ന നരേന്ദ്ര മോദി ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിനും വാട്ടര്‍മെട്രോയും അടക്കം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഇന്നു വൈകുന്നേരം വെണ്ടുരുത്തി പാലം മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് വരെയുള്ള ബിജെപി റോഡ് ഷോയില്‍ മോദി ജനങ്ങളെ അഭിവാദ്യം ചെയ്യും. തുടര്‍ന്ന് അഞ്ചരയ്ക്ക് കോളജില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കള്‍ക്കായി ‘യുവം’ സംഗമം. രാത്രി ക്രൈസ്തവ മത മേലധ്യക്ഷരുമായുള്ള കൂടിക്കാഴ്ചയും നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലേക്കു വരുന്ന താന്‍ ആകാംക്ഷാഭരിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററില്‍ മലയാളത്തിലാണ് മോദി ഇങ്ങനെ കുറിച്ചത്. 11 ജില്ലകള്‍ക്കു പ്രയോജനം ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെ ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ ജിദ്ദയില്‍. നാവിക സേനാ കപ്പലായ ഐഎന്‍എസ് സുമേധ സുഡാന്‍ തുറമുഖത്ത് എത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിലവിലുള്ള രണ്ടു ദിവസത്തിനകം പരമാവധി പേരെ പുറത്തെത്തിക്കാനാണ് ശ്രമം.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

ലൈംഗിക പീഡനം ആരോപിക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണല്‍ ശരണ്‍ സിംഗിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. പ്രായപൂര്‍ത്തിയാകാത്ത താരവും ഇക്കൂട്ടത്തിലുണ്ട്. ബ്രിജ് ഭൂഷണിനെതിരേ ഏഴു വനിതാ താരങ്ങള്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തിട്ടില്ല. ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിനോടു വിശദീകരണം തേടി.

ഇന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില്‍നിന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ പേരു നല്‍കുകയും ഗവര്‍ണര്‍ കൊച്ചില്‍ എത്തുകയും ചെയ്തിരുന്നു. കൊച്ചിയില്‍ എത്തുന്നത് ബിജെപി പരിപാടിക്കായതിനാലാണ് ഗവര്‍ണറെ ഒഴിവാക്കിയതെന്നാണ് വിശദീകണം. തിരുവനന്തപുരത്ത് പ്രധാന മന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവര്‍ണറുണ്ട്. ഇന്നു കൊച്ചിയില്‍ പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് സ്വീകരിക്കും.

സംസ്ഥാനത്ത് അതിദരിദ്രരായി 64,006 കുടുംബങ്ങള്‍ മാത്രമെന്നു സര്‍ക്കാര്‍. ഇവര്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4 ശതമാനം മലപ്പുറം ജില്ലയിലും 11.4 ശതമാനം തിരുവനന്തപുരം ജില്ലയിലുമാണ്. ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ മെയ് 17 ന് കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കുന്നംകുളം പന്നിത്തടത്ത് ജൈവസംസ്‌കൃതി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനം സാധ്യമാക്കിയത് അരക്കോടി സ്ത്രീകളുള്ള കുടുംബശ്രീ ആണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി ഒരാഴ്ചക്കുള്ളില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്

കാമറ ഇടപാടില്‍ ക്രമക്കേടില്ലെന്ന് കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തി. പദ്ധതി തുക ചര്‍ച്ചയ്ക്കുശേഷം 232 കോടിയാക്കി കുറച്ചതാണ്. എസ്ആര്‍ഐടി എന്ന കമ്പനിക്ക് 151 കോടി രൂപയുടെ ഉപകരാര്‍ നല്‍കി. ഒരു ക്യാമറ സിറ്റത്തിന്റെ വില ഒമ്പതര ലക്ഷം രൂപയാണ്. 74 കോടിരൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. സാങ്കേതിക സംവിധാനം, സര്‍വര്‍ റൂം, പലിശ തുടങ്ങിയവയ്ക്കും ചെലവുണ്ട്. തെറ്റായി പിഴ ചുമത്താതിരിക്കാനാണ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ കാമറാ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കെഎസ്യു സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 12 ഭാരവാഹികള്‍ പുറത്തേക്ക്. സംസ്ഥാന ഉപാധ്യക്ഷന്മാരായ വിശാഖ് പത്തിയൂരും അനന്തനാരായണനും രാജിവച്ചു. പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും ഒഴിയണമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍ദേശിച്ചിരുന്നു.

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്ന് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭ്രാന്തുപിടിച്ച വിജ്ഞാന വിരോധംമൂലമാണെന്ന് മന്ത്രി എംബി രാജേഷ്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ചെയ്യുന്നതിനു സമാനമായ കാര്യങ്ങളാണ് മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ചെയ്യുന്നതെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കല്‍പറ്റ പിണങ്ങോട് റോഡില്‍ പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ വീട്ടില്‍ ജിഷ്ണമേരി ജോസഫ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്‌നേഹ ജോസഫ്, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ് ചെന്നെളില്‍ വീട്ടില്‍ അഡോണ്‍ ബെസ്റ്റി എന്നിവരാണ് മരിച്ചത്. കല്‍പ്പറ്റ – പടിഞ്ഞാറത്തറ റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് താഴ്ചയിലേക്കു മറിഞ്ഞത്.

വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോള്‍ വന്ദേ ഭാരതിന് അര മണിക്കൂര്‍ മാത്രമാണ് സമയ ലാഭം. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ ആറാം നിലയില്‍നിന്ന് താഴേക്കിറക്കിയത് ചുമട്ടു തൊഴിലാളികള്‍. ഒരു മാസമായി തകരാറിലായ ലിഫ്റ്റ് നന്നാക്കാത്തതിനാലാണ് ഓട്ടോ ഡ്രൈവറായ രോഗിയെ സ്ട്രെച്ചറില്‍ ചുമന്ന് താഴെ ഇറക്കേണ്ടിവന്നത്. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. രണ്ടു ദിവസംമുമ്പേ ഡിസ്ചാര്‍ജായെങ്കിലും രണ്ടു ദിവസത്തിനകം ലിഫ്റ്റ് ശരിയാകുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. ഒടുവില്‍ ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളുടെ സഹായം തേടുകയായിരുന്നു.

തൃശൂര്‍ പൂരത്തിന് ഇന്നു കൊടിയേറും. ഉച്ചയോടെയാണു കൊടിയേറ്റം. 28 നു വൈകുന്നേരം സാമ്പിള്‍ വെടിക്കെട്ട്. ഞായറാഴ്ചയാണു തൃശൂര്‍ പൂരം.

ജംബോ, ജമിനി സര്‍ക്കസ് സ്ഥാപകന്‍ ജമിനി ശങ്കരന്‍ എന്ന മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ കണ്ണൂരില്‍ അന്തരിച്ചു. 99 വയസായിരുന്നു.

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ബോട്ടപകടത്തില്‍ മലയാളി മരിച്ചു. കാസര്‍ക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് മരിച്ചത്. 38 വയസായിരുന്നു. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു മലയാളികള്‍ക്ക് പരുക്കേറ്റു.

തിരുവനന്തപുരം മൃഗശാലയിലെ ഇലക്ട്രിക് വാഹനം അപകടത്തില്‍പെട്ട് രണ്ടു പേര്‍ക്കു പരിക്ക്. ജീവനക്കാര്‍ താക്കോലെടുക്കാന്‍ മറന്നു പോയ വാഹനത്തില്‍ കുട്ടികള്‍ കയറി കളിച്ചതിനിടെ വാഹനം സ്റ്റാര്‍ട്ടായി മുന്നോട്ടുപോയി രണ്ടു പേരെ ഇടിക്കുകയായിരുന്നു.

തായമ്പകയില്‍ റിക്കാര്‍ഡ് മേളം തീര്‍ത്ത് കോഴിക്കോട്ടെ വാദ്യകലാകാരന്‍ മനു നല്ലൂര്‍. ആറുപകലും അഞ്ചു രാത്രിയുമായി തായമ്പകയില്‍ 125 മണിക്കൂറും 18 മിനിറ്റുമാണ് മനു നല്ലൂര്‍ കൊട്ടിക്കയറി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് സ്വന്തമാക്കിയത്.

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്താന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാളെ കൊല്‍ക്കത്തയിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താമെന്ന് നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുമായി ധാരണയില്‍ എത്തിയിരുന്നു.

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കേ, ഇന്ത്യ ചൈന കമാന്‍ഡര്‍തല ചര്‍ച്ച നടന്നു. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള 18ാം റൗണ്ട് ചര്‍ച്ചയാണിത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യയില്‍ എത്താനിരിക്കെയാണ് ചര്‍ച്ച.

ഖാലിസ്ഥാന്‍ തീവ്രവാദി അമൃത്പാല്‍ സിംഗിനെ കുടുക്കാനായത് ഭാര്യ കിരണ്‍ദീപ് കൗറിനെ പോലീസ് സമ്മര്‍ദത്തിലാക്കിയതുമൂലം. ചോദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും തളര്‍ന്ന കിരണ്‍ദീപ് സിംഗിനെ അറസ്റ്റു ചെയ്തു ജയിലിലാക്കുമെന്നു ഭയന്ന അമൃത്പാല്‍ സിംഗ് കീഴടങ്ങുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗര്‍ ബ്രിട്ടനിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ അമൃത്പാല്‍ സിംഗിനെ പ്രത്യേക വിമാനത്തില്‍ ആസാമില്‍ എത്തിച്ച് ദിബ്രുഗഡ് ജയിലിലേക്കു മാറ്റി.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ ഒന്നുകൂടി ചത്തു. ഉദയ് എന്ന ചീറ്റയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ടു ചീറ്റകളില്‍ ഒരെണ്ണം കഴിഞ്ഞ മാസം ചത്തിരുന്നു.

ബിജെപിയുടെ അഴിമതിയെ ചോദ്യം ചെയ്തു സമരം നടത്തിയത് എങ്ങനെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാകുന്നതെന്നു രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അഴിമതിക്കെതിരെ നടപടി വേണം. ആറു മാസം മാത്രമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പിനുള്ളത്. വിശദീകരണം തേടിയുള്ള എഐസിസിയുടെ നോട്ടീസ് തന്നെ അത്ഭുതപ്പെടുത്തിയെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍. ബിജെപിയില്‍നിന്ന് ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ലിംഗായത്തുകാരുടെ വൈകാരിക കേന്ദ്രമായ കൂടലസംഗമയില്‍ ബസവേശ്വരജയന്തി ആഘോഷങ്ങളില്‍ രാഹുല്‍ പങ്കെടുക്കും.

ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റണ്‍സ് തോല്‍വി. 62 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിന്റേയും 77 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്ലിന്റേയും മികവില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

വീണ്ടും രഹാനെ മാജിക്. ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 49 റണ്‍സിന്റെ ആധികാരിക ജയം. 29 ബോളില്‍ 71 റണ്‍സ് നേടിയ അജിങ്ക്യ രഹാനേയുടെ മികവില്‍ ചെന്നൈ ഉയര്‍ത്തിയ 236 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ നാലാംപാദത്തില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായത്തില്‍ 29.96 ശതമാനം വര്‍ദ്ധന. അറ്റാദായം 9122 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 7018 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 31896 കോടി രൂപയായി. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 23339 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 40.2 ശതമാനം വര്‍ദ്ധിച്ച് 12605 കോടി രൂപയില്‍ നിന്നും 17667 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ മുന്‍ വര്‍ഷം സമാന പാദത്തിലുണ്ടായിരുന്ന നാല് ശതമാനത്തില്‍ നിന്ന് 4.90 ശതമാനമായി. നിക്ഷേപ വളര്‍ച്ചയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10.9 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. നിക്ഷേപം 10.6 ലക്ഷം കോടി രൂപയില്‍ നിന്ന് 11.8 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ കാസ അനുപാതം 43.6 ശതമാനമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിഷ്‌ക്രിയ ആസ്തി 2.81 ശതമാനമായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 3.60 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 0.76 ശതമാനത്തില്‍ നിന്ന് 0.48 ശതമാനമായി. റീട്ടെയില്‍ വായ്പ പോര്‍ട്ടഫോളിയോ വാര്‍ഷികാടിസ്ഥാനത്തില്‍ 22.7 ശതമാനം വര്‍ധിച്ചു. ബിസിനസ് ബാങ്കിങ് പോര്‍ട്ടഫോളിയോ 34.9 ശതമാനം വര്‍ധിച്ചപ്പോള്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ വളര്‍ച്ച 19.2 ശതമാനമായി. ഗ്രാമീണ മേഖലയിലുള്ള ബാങ്കിന്റെ പോര്‍ട്ടഫോളിയോ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 13.8 ശതമാനവും, പാദാടിസ്ഥാനത്തില്‍ 5.5 ശതമാനവും രേഖപ്പെടുത്തി.

നാഗ ചൈതന്യ ചിത്രം ‘കസ്റ്റഡി’ വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. വെങ്കട് പ്രഭുവിന്റേതാണ് തിരക്കഥയും. ‘കസ്റ്റഡി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിലുള്ള ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘കസ്റ്റഡി’ എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതില്‍ മകന്‍ യുവനും ഇളയരാജയ്ക്കൊപ്പമുണ്ട്. അബ്ബുരി രവിയാണ് സംഭാഷണം എഴുതുന്നത്. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേന്‍, വെന്നെല കിഷോര്‍, പ്രേമി വിശ്വാനാഥ് തുടങ്ങിയവരും വേഷമിടുന്നു. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്.

കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘2018 എവരി വണ്‍ ഈസ് ഹീറോ’ എന്ന ചിത്രത്തിന്‍െ ട്രെയിലര്‍ പുറത്തിറങ്ങി. അതിജീവനം, ധൈര്യം, മാനവികത, പ്രത്യാശ, പ്രചോദനം എന്നിവയുടെ നേര്‍സക്ഷ്യമാകും സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം മെയ് 5ന് തിയറ്ററുകളില്‍ എത്തും. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ ജാഫര്‍ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും നിവിന്‍ പോളിക്കും കുഞ്ചാക്കോ ബോബനും ശേഷം ബിജു മേനോനും വെല്‍ഫയറിന്റെ ആഡംബരത്തിലാണ്. കഴിഞ്ഞ ദിവസമാണ് ബിജു മേനോന്‍ പുതിയ വാഹനം സ്വന്തമാക്കിയത്. നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് താരം കറുപ്പ് നിറത്തിലുള്ള പുതിയ വെല്‍ഫയര്‍ ഗാരിജിലെത്തിച്ചത്. രണ്ടു മോഡലുകളില്‍ ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 94.95 ലക്ഷം രൂപയും 96.55 ലക്ഷം രൂപയുമാണ്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.

വാദിബനീ ഖാലിദിലെ വ്യാപാരി, മന്ത്രവാദിയും മകനും, ഫാദിലിന്റെ കുതിര, മുത്തച്ഛന്‍ പറഞ്ഞ കഥ, ആശാരിയുടെ മകള്‍, ഈത്തപ്പഴക്കല്ല്, വൃക്ഷത്തെ വിവാഹം കഴിച്ച പെണ്‍കുട്ടി, പ്രിയപ്പെട്ട മകന്‍… ഒമാനിലെ ജനതയ്ക്കിടയില്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും വാമൊഴിയായി പ്രചരിപ്പിക്കപ്പെടുകയും

ചെയ്യുന്ന രസകരമായ നാടോടിക്കഥകള്‍. ‘ഒമാനിലെ നാടോടിക്കഥകള്‍’. ഹാറൂണ്‍ റഷീദ്. ചിത്രീകരണം – ടി.വി. ഗിരീഷ്‌കുമാര്‍. മാതൃഭൂമി. വില 150 രൂപ.

18 വയസ്സ് മുതല്‍ 50 വയസ്സ് വരെയുളള സ്ത്രീകള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 5 പ്രധാന വിറ്റാമിനുകള്‍ ഏതെന്ന് അറിയാം. ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ നിന്ന് രക്തം നഷ്ടപ്പെടുന്നു. എന്നാല്‍ ശരീരത്തിലേക്ക് ഓക്‌സിജന്‍ കൈമാറാന്‍ അയണ്‍ അനിവാര്യമാണ്. അതിനാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം ഏറെ പ്രധാനമാണ്. സ്ത്രീകളുടെ ഹൃദയം, പേശികള്‍, ഞരമ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും കാത്സ്യം ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിലെ രക്തം, നാഡീകോശങ്ങള്‍, ഡിഎന്‍എ എന്നിവയുടെ ആരോഗ്യം വിറ്റാമിന്‍ ബി 12 നെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ അഭാവം മൂലം സ്ത്രീകളില്‍ വിളര്‍ച്ചയുണ്ടാകാം. മുടിയുടെ വളര്‍ച്ചയ്ക്കും തിളക്കത്തിനും ബയോട്ടിന്‍ എന്ന പോഷകം വളരെ പ്രധാനമാണ്. കൂടാതെ, കരള്‍, നാഡീവ്യൂഹം, കണ്ണുകള്‍, ചര്‍മ്മം, നഖങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന കാത്സ്യം കുറവ് ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കും. വൈറ്റമിന്‍ ഡിയുടെ കുറവ് സ്ത്രീകളിലെ പ്രത്യുല്‍പാദന ശേഷിയെയും ബാധിക്കാം. സൂര്യന്റെ ഇളം വെയില്‍ കൊളളുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളും ലഭിക്കും. ഈ വിറ്റാമിനുകളെല്ലാം ഉള്‍പ്പെടുന്ന രീതിയില്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *