അദാനി ഗ്രൂപ്പിന്റെ കടബാധ്യത കഴിഞ്ഞ വര്‍ഷം 21 ശതമാനം വര്‍ധിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ആഗോള ബാങ്കുകളില്‍ നിന്നുള്ള വായ്പാ വിഹിതം ഏകദേശം മൂന്നിലൊന്നായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവില്‍ ഗ്രൂപ്പിന്റെ 29 ശതമാനം വായ്പകളും രാജ്യാന്തര ബാങ്കുകളില്‍ നിന്നാണ്. ഏഴ് വര്‍ഷം മുമ്പു വരെ ആഗോള ബാങ്കുകളെ വായ്പയ്ക്കായി അദാനി ഗ്രൂപ്പ് ആശ്രയിച്ചിരുന്നില്ല. അതേസമയം, കടം തിരിച്ചടയ്ക്കാനുള്ള ഗ്രൂപ്പിന്റെ ശേഷി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് അദാനി ഗ്രൂപ്പിനു കീഴിലുള്ള ഏഴ് ലിസ്റ്റഡ് കമ്പനികളുടെ മൊത്തം കടം 20.7 ശതമാനം ഉയര്‍ന്ന് 2.30 ലക്ഷം കോടി രൂപയായി. കമ്പനി വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു തുടങ്ങിയതോടെ 2019 മുതല്‍ കടം കുത്തനെ കൂടിയിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള ഗ്രൂപ്പിന്റെ കടത്തിന്റെ 39 ശതമാനവും ബോണ്ടുകളാണെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് കാണിക്കുന്നത്. 2016 ല്‍ 14 ശതമാനമായിരുന്നു ഇത്. മാര്‍ച്ചില്‍ അവസാനിച്ച 2023 സാമ്പത്തിക വര്‍ഷത്തില്‍ പലിശ, നികുതി, ഡിപ്രീസിയേഷന്‍, കടം തിരിച്ചടയ്ക്കല്‍ എന്നിവയ്ക്ക് മുമ്പുള്ള ഗ്രൂപ്പിന്റെ അറ്റ കടം അനുപാതം 2013 സെപ്റ്റബറില്‍ 7.6 ശതമാനമായിരുന്നത് 2023 സാമ്പത്തിക വര്‍ഷത്തില്‍ 3.2ശതമാനമായി കുറഞ്ഞിട്ടുണ്ട്. സിമന്റ്, മീഡിയ തുടങ്ങിയ മേഖലകളിലേക്ക് കമ്പനിയുടെ വിപുലീകരണം ശക്തമാകുന്നതോടെ ഗ്രൂപ്പിന്റെ ആസ്തി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്.