yt cover 34

ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് അനുമതി. അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചെറുവള്ളിയില്‍ ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തോടെ വിഭാവനം ചെയ്ത പദ്ധതി രാജ്യന്തര വിമാനത്താവളമാക്കാനാണു നീക്കം.

മില്‍മ പാലിനു വീണ്ടും വില കൂട്ടി. പച്ച, മഞ്ഞ കവറുകളിലെ പാലിനാണു വില കൂട്ടുന്നത്. 29 രൂപയായിരുന്ന മില്‍മ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയാകും. കൂടുതല്‍ ഡിമാന്‍ഡുള്ള നീല കവര്‍ പാലിന്റെ വില കൂടില്ല. രണ്ടു മാസം മുമ്പ് നീല കവര്‍ പാലിന്റെ വില കൂട്ടിയിരുന്നു.

ട്രെയിന്‍ തീ വയ്പ്പ് കേസ് എന്‍ഐഎയ്ക്കു കൈമാറി. തീവ്രവാദ ബന്ധവും യുഎപിഎ വകുപ്പും നിലനില്‍ക്കുന്നതിനാലും പല സംസ്ഥാനങ്ങളിലായി അന്വേഷണം നടത്തേണ്ടതുള്ളതിനാലുമാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. പ്രതിക്കു കൂടുതല്‍ സഹായികളുണ്ടെന്നാണ് പോലീസിന്റേയും എന്‍ഐഎയുടേയും നിഗമനം.

മഹാരാഷ്ട്രയില്‍ ഒളിച്ചുകളിയുമായി രാഷ്ട്രീയം. എന്‍സിപിയിലെ 52 എംഎല്‍എമാരില്‍ 40 പേരുമായി അജിത് പവാര്‍ ബിജെപി പക്ഷത്തേക്കു മാറിയേക്കും. ഒന്നും സംഭവിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയോടും ചില കോണ്‍ഗ്രസ് നേതാക്കളോടും പ്രതികരിച്ചു. അജിത് പവാര്‍ 40 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് രഹസ്യ റിപ്പോര്‍ട്ടുകള്‍. അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയും വാഗ്ദാനം നല്‍കിയെന്നാണ് വിവരം.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

താമരശേരിയില്‍ പ്രവാസി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത് കൊടുവള്ളി സ്വദേശി സാലിയുടെ സംഘമാണെന്ന് പോലീസ്. ഗള്‍ഫിലെ പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. സഹോദരനെതിരെ വീഡിയോയില്‍ പറഞ്ഞത് ഭീഷണിക്കു വഴങ്ങിയാണെന്നും ഷാഫി പോലീസിനു മൊഴി നല്‍കി

കൊച്ചി വിമാനത്താവളം വഴി മൂന്നേകാല്‍ കോടി രൂപയുടെ വിദേശ പാഴ്സല്‍ കള്ളക്കടത്തിനു സഹായിച്ച ഫോറിന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തു. ഒരാഴ്ച മുമ്പ് മലപ്പുറം മുന്നിയൂരില്‍ നിന്ന് 6.3 കിലോ സ്വര്‍ണവുമായി ആറു പേര്‍ അറസ്റ്റിലായിരുന്നു. കൊച്ചിയില്‍നിന്ന് പരിശോധന കഴിഞ്ഞെത്തിയ പാഴ്‌സലുകളിലായിരുന്നു സ്വര്‍ണം. സ്വര്‍ണം ക്ലിയര്‍ ചെയ്ത് നല്‍കിയത് അശുതോഷാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമനം ചട്ടപ്രകാരമല്ലെന്നു ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

അരിക്കൊമ്പന്‍ വിഷയത്തില്‍ കോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രന്‍. അരിക്കൊമ്പനെ മാറ്റാന്‍ പുതിയ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പിനു നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പന്തീരാങ്കാവില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്. ഇയാള്‍ ഒന്നരമാസമായി ഇവിടെ കഴിയുകയായിരുന്നു.

ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്സിന്‍ മാറി കുത്തിവച്ചതിന് ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കും. വീഴ്ച സംഭവിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.

വന്ദേഭാരത് എക്സ്പ്രസ് രണ്ടു മിനിറ്റു വൈകിയതിനെത്തുടര്‍ന്ന് റെയില്‍വേയിലെ ഉദ്യോഗസ്ഥനു സസ്പെന്‍ഷന്‍. പിറവത്ത് വേണാട് എക്സ്പ്രസിന് ആദ്യ സിഗ്‌നല്‍ നല്‍കിയതിനാല്‍ വന്ദേഭാരത് രണ്ടു മിനിറ്റ് വൈകിയിരുന്നു. ഇതിന്റെ പേരിലാണ് നടപടി.

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബര്‍ള കൊച്ചിയില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കര്‍ദിനാളുമൊത്തു പ്രാതലും കഴിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് അദ്ദേഹം കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ചു.

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടിത്തം. ബസ് വെയിറ്റിംഗ് ഷെഡിനോടു ചേര്‍ന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയില്‍നിന്നാണു തീപടര്‍ന്നതെന്നാണ് വിവരം. നാലു കടകള്‍ കത്തി നശിച്ചു. അഗ്‌നിശമന സേന എത്തിയാണു തീയണച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയെന്നു വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ സ്ത്രീയും സുഹൃത്തും അറസ്റ്റിലായി. കൊല്ലം ചടമംഗലം സ്വദേശിനി ബിന്ദു (41), ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35) എന്നിവരാണു പിടിയിലായത്. ബിന്ദുവിന്റെ മകന്‍ മിഥുന്‍ മോഹന്‍ ഒളിവിലാണ്. പഠനാവശ്യത്തിനെന്ന പേരില്‍ ഒരാളില്‍നിന്ന് പത്തു ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് അഞ്ചു ലക്ഷം രൂപയുമാണു തട്ടിയെടുത്തത്.

ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തിനു പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു കത്തയച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നതിനെതിരേ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ അറിയിച്ചത്.

ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. കോര്‍പറേഷന്റെ ലൈസന്‍സിനു വിധേയമായി പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ കെട്ടിട ഉടമയ്ക്ക് അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. ബോസ്‌കോ കളമശ്ശേരിയും പോളി വടക്കനും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി.

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന ബിജെപിയുടെ കാപട്യം ക്രൈസ്തവര്‍ മറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എത്ര ബിജെപി നേതാക്കള്‍ മതമേലധ്യക്ഷരെ സന്ദര്‍ശിച്ചാലും അക്രമത്തിന്റെ കറ മായില്ലെന്നും സതീശന്‍.

ജാര്‍ഖണ്ഡില്‍ മലയാളി സിഐഎസ്എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എം അരവിന്ദാണ് മരിച്ചത്.

ഒമ്പതു വര്‍ഷം മുമ്പു വിവാഹമോചിതയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ഭര്‍ത്താവ് അറസ്റ്റില്‍. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തില്‍ പൊടിയന്‍ എന്ന് വിളിക്കുന്ന ഷൈന്‍ (36) ആണ് അറസ്റ്റിലായത്. മുന്‍ഭാര്യ പനയറ സ്വദേശിനി രജിതയെ ആക്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.

കൊല്ലം മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പോലീസുകാരന്‍ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മരിച്ചത്. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷാ ചുമതലയായിരുന്നു അനസിന്.

ആലുവയ്ക്കടുത്ത് ദേശീയ പാതയില്‍ പുളിഞ്ചുവടിന് സമീപം ബൈക്കും ഇന്നോവാ കാറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലുവ ഉളിയന്നൂര്‍ കടവത്ത് വീട്ടില്‍ മുജീബ് റഹ്‌മാനാണ് മരിച്ചത്.

വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് തകര്‍ന്നു. ബൈക്ക് യാത്രികനായ ഇളവുങ്കല്‍ സണ്ണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാറുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വിഴിഞ്ഞം ഉച്ചക്കട എസ് എസ് നിവാസില്‍ ആദര്‍ശ് എന്ന 21 കാരനാണു ജീവനൊടുക്കിയത്. അപകടമുണ്ടായപ്പോള്‍ 48,000 രൂപ നഷ്ടപരിഹാരമായി കാറുകാരന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തതന്നാണു കുടുംബത്തിന്റെ ആരോപണം.

പുല്‍വാമ വിഷയത്തില്‍ യോജിച്ച സമരത്തിന് പ്രതിപക്ഷം നീക്കം. കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രപതിക്കു പരാതി നല്‍കുന്നതടക്കം സംയുക്ത പ്രക്ഷോഭത്തിനാണ് ആലോചന. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ധവ് താക്കറെയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. മഹാരാഷ്ട്രയില്‍ അജിത് പവാര്‍ നടത്തുന്ന നീക്കവും ചര്‍ച്ച ചെയ്തു.

പുല്‍വാമ ആക്രമണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമുള്ളതാണ്. ഇന്റലിജന്‍സ് വീഴ്ച വ്യക്തമാണ്. മോദി സര്‍ക്കാര്‍ മൗനം വെടിയണം. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ടാല്‍ മുദ്രവച്ച ഒരു കവര്‍ സുപ്രീംകോടതിക്കും മറ്റൊരു കവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ലഭിക്കുമെന്ന് അതിഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്റഫ് പറഞ്ഞിരുന്നതായി അഭിഭാഷകന്‍. എന്നാല്‍ എന്താണ് കവറിലെ ഉള്ളടക്കമെന്ന് പറഞ്ഞിരുന്നില്ലെന്നും അഭിഭാഷകനായ വിജയ് മിശ്ര വ്യക്തമാക്കി. ജയിലില്‍നിന്ന് പുറത്തു വരുമ്പോള്‍ 15 ദിവസത്തിനകം കൊല്ലപ്പെടുമെന്ന് ഒരു പൊലീസുകാരന്‍ പറഞ്ഞിരുന്നതായി അഷ്റഫ് തങ്ങളോട് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

എന്‍സിപിയില്‍ പിളര്‍പ്പുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അജിത് പവാര്‍. എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന റിപ്പോര്‍ട്ടുകളും അജിത് പവാര്‍ തള്ളി. പൊതുപരിപാടികള്‍ റദ്ദാക്കിയത് നവിമുംബൈയിലുണ്ടായ സൂര്യാഘാത ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണെന്നും അജിത് വിശദീകരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്‍ കൊല്‍ക്കത്തയില്‍. മണിക്കൂറുകള്‍ക്കകം മുകുള്‍ റോയിയെ ഡല്‍ഹി വിമാനത്താവളത്തില്‍ കണ്ടെത്തി. ഇന്നലെ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്കു പോയ പിതാവിനേക്കുറിച്ച് വിവരമില്ലെന്നായിരുന്നു മകന്റെ പരാതി. മകനുമായി പിണങ്ങിയാണ് അദ്ദേഹം ഡല്‍ഹിക്കു പോയതെന്നാണ് ചില ബന്ധുക്കള്‍ പ്രതികരിച്ചത്.

വരുമാനത്തില്‍ വന്‍ കുതിപ്പുമായി റെയില്‍വേ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം 25 ശതമാനം വളര്‍ച്ച നേടി 2.40 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷത്തേക്കാള്‍ 49,000 കോടി രൂപ കൂടുതല്‍ നേടിയാണ് വന്‍ കുതിപ്പ് നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരക്ക് വരുമാനത്തിലും കുതിപ്പുണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം ഉയര്‍ന്ന് 1.62 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം. യാത്രക്കാരുടെ വരുമാനം എക്കാലത്തെയും ഉയര്‍ന്ന 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 63,300 കോടി രൂപയിലെത്തി. 2021-22ല്‍ ഇത് 39,214 കോടി രൂപയായിരുന്നു. 2022-23ല്‍ റെയില്‍വേയുടെ ആകെ ചെലവ് 2,37,375 കോടി രൂപയാണ്. ഈ കാലയളവിലെ പ്രവര്‍ത്തന അനുപാതം 98.14 ശതമാനമാണ്. 2022-23ല്‍ മറ്റ് കോച്ചിംഗ് വരുമാനമായി റെയില്‍വേ നേടിയത് 5,951 കോടി രൂപയാണ്, മുന്‍വര്‍ഷം ഇത് 4,899 കോടി രൂപയായിരുന്നു, 21 ശതമാനം കൂടുതലാണിത്.

പാക്കിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെ സ്ഥാപനങ്ങള്‍ പോലീസ് അടച്ചുപൂട്ടിച്ചു. ഭീമമായ വായ്പാ കുടിശികയില്‍ ഇളവു ലഭിക്കാന്‍ പാക്കിസ്ഥാന്‍ നടത്തുന്ന സമ്മര്‍ദ തന്ത്രമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നോമ്പുകാലത്ത് യഥാസമയം ജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച എന്‍ജിനിയറെ ഇന്നലെ പാക്കിസ്ഥാന്‍ പോലീസ് അറസറ്റു ചെയ്തിരുന്നു. അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ റോഡ് ഉപരോധ സമരം നടത്തിയതിനു പിറകേയാണ് അറസ്റ്റ്. പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യം മോശമായതിനാല്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ചൈന മുന്നറിയിപ്പു നല്‍കിയിരുന്നു.

ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി നാര്‍സോ ശ്രേണിയിലെ പുത്തന്‍ 4ജി മോഡലായ എന്‍ 55 വിപണിയിലിറക്കി. 4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും 6ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും എന്നിങ്ങനെ രണ്ട് പതിപ്പുകളുണ്ട്. പ്രൈം ബ്ലൂ, പ്രൈം ബ്ലാക്ക് നിറഭേദങ്ങളില്‍ ലഭിക്കും. 4ജിബി റാം മോഡലിന് 10,999 രൂപയും 6ജിബി മോഡലിന് 12,999 രൂപയുമാണ് വില.90 ഹെട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.72 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഐ.പി.എസ് ഡിസ്‌പ്ലേയാണുള്ളത്. ഗെയിമുകളും വീഡിയോകളും ആസ്വദിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഈ വലിയ സ്‌ക്രീന്‍. മീഡിയടെക് ഹീലിയോ ജി88 പ്രൊസസറാണുള്ളത്. ആന്‍ഡ്രോയിഡ് 13ല്‍ അധിഷ്ഠിതമാണ് യു.ഐ 4.0 ഓപ്പറേറ്റിംഗ് സംവിധാനം. പിന്നില്‍ 64 എം.പി ക്യാമറയും രണ്ട് എം.പി ഡെപ്ത്ത് സെന്‍സര്‍ ക്യാമറയും ഇടംനേടിയിട്ടുണ്ട്. 8 എം.പിയാണ് സെല്‍ഫി ക്യാമറ. 33 വാട്ട്‌സ് സൂപ്പര്‍വൂക്ക് അതിവേഗ ചാര്‍ജിംഗ് പിന്തുണയുള്ളതാണ് 5,000 എം.എ.എച്ച് ബാറ്ററി. 29 മിനുട്ടില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാമെന്ന് റിയല്‍മി അവകാശപ്പെടുന്നു. 7.89 എം.എം അള്‍ട്രാ സ്ലിം പ്രൈം ഡിസൈന്‍ ഫോണിന്റെ ആകര്‍ഷണമാണ്. ഡ്യുവല്‍-സിം സൗകര്യമുള്ള ഫോണിന്റെ വശത്താണ് ഫിംഗര്‍പ്രിന്റ് ലോക്ക് ഉള്ളത്.

ടൊവിനോ തോമസ് ചിത്രം ‘നീലവെളിച്ച’ത്തിലെ പുതിയ ഗാനം റിലീസ ചെയ്തു. പഴയ ചിത്രത്തിലെ ‘പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ടൊരു..’ എന്ന മനോഹര ഗാനത്തിന്റെ പുനഃരാവിഷ്‌കരണമാണ് ഈ ഗാനം. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി ഭാസ്‌കരന്‍ മാഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം എസ് ബാബുരാജ് ആണ്. എസ് ജാനകി ആയിരുന്നു പഴയ സിനിമയില്‍ ഈ ഗാനം ആലപിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 20ന് ചിത്രം തീയറ്ററുകളില്‍ എത്തും. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സൈജു കുറുപ്പ് നായകനായി വെബ് സീരീസ് വരുന്നൂ. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനല്‍ സീരീസിലാണ് സൈജു കുറുപ്പ് നായക വേഷത്തിലെത്തുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസിന്റെ സംവിധാനം. ‘ജയ് മഹേന്ദ്രന്‍’ എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാന്‍ മിടുക്കുള്ള ഓഫിസര്‍ ‘മഹേന്ദ്രനാ’ണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. എന്നാല്‍ ഇതേ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി ‘മഹേന്ദ്രനും’ മാറുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സല്‍പ്പേര് വീണ്ടെടുക്കാനും ‘മഹേന്ദ്രന്‍’ വല്ലാതെ കഷ്ടപ്പെടുന്നു. വേണ്ടിവന്നാല്‍ അതിന് സിസ്റ്റത്തെ മുഴുവന്‍ അട്ടിമറിക്കാനും അയാള്‍ തയ്യാറാകും. ഈ തീക്കളിയില്‍ ‘മഹേന്ദ്രന്‍’ ജയിക്കുമോ തോല്‍ക്കുമോ? ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഫിലിംമേക്കര്‍ രാഹുല്‍ റിജി നായരാണ് ‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതും നിര്‍മിക്കുന്നതും. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ ശിവ, രാഹുല്‍ റിജി നായര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ പതിപ്പ് 200-ാമത് ഇലക്ട്രിക് എക്‌സ് സി 40 റിചാര്‍ജ് പുറത്തിറങ്ങി. ഇന്ത്യയില്‍ പ്രാദേശികമായി സംയോജിപ്പിച്ച ആദ്യത്തെ ലക്ഷ്വറി എസ്യുവി കൂടിയാണിത്. 2022 നവംബറിലാണ് എക്‌സ് സി40 റിചാര്‍ജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മികച്ച ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, പാരിസ്ഥിതിക കാര്യക്ഷമത എന്നിവയില്‍ ഒന്നിലധികം ബഹുമതികള്‍ എക്‌സ് സി40 റിചാര്‍ജ് നേടിയിട്ടുണ്ട്. 2030 ഓടെ കലര്‍പ്പില്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നല്‍കാനും ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ ചൂടുപിടിക്കുന്ന എന്‍ജിന്‍ ഘട്ടംഘട്ടമായി ഉപേക്ഷിക്കാനും കമ്പനി ആഗ്രഹിക്കുന്നു. കാര്‍ബണ്‍ കുറക്കുകയെന്ന കമ്പനിയുടെ ആഗോള പരിസ്ഥിതി പദ്ധതിയുടെ ഭാഗമാണിത്. 200-ാം എക്‌സി40 റിചാര്‍ജിന്റെ വിതരണം സുപ്രധാന നാഴികക്കല്ലാണെന്ന് വോള്‍വൊ കാര്‍ ഇന്ത്യ മാനെജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. 2030 ഓടെ വോള്‍വോ ഓള്‍ ഇലക്ട്രിക് കമ്പനിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീപക്ഷജീവിതത്തിന്റെ സര്‍ഗ്ഗവൈഭവമാണ് മാനസിയുടെ കഥകള്‍. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ഈ കഥകളുടെ അന്തര്‍ധാരയാണ്. നിലവിലിരിക്കുന്ന സകല ചട്ടക്കൂടുകളേയും ഭേദിച്ചാണ് ബിംബങ്ങളും പ്രമേയങ്ങളും ആഖ്യാനശൈലിയും കഥകളില്‍ രൂപപ്പെടുത്തുന്നത്. നിര്‍വചനങ്ങള്‍ക്കതീതമായ സ്നേഹവും പ്രണയവും പ്രണയനഷ്ടവും വിവാഹേതരബന്ധവും നിലനിന്നിരുന്ന പാരമ്പര്യനിഷേധവും ഈ കഥകളുടെ പ്രമേയങ്ങളാണ്. മനുഷ്യജീവിതത്തിന്റെ വ്യാകുലതകളും അടിച്ചമര്‍ത്തലുകളും സ്വാതന്ത്ര്യനിഷേധവും പ്രതികാരേച്ഛയും പ്രതിഫലിക്കുന്ന ഈ കഥകള്‍ കൃത്യമായ സമചതുരങ്ങളില്ലാത്ത സൃഷ്ടികളാണ്. ‘മലയാളത്തിന്റെ സുവര്‍ണ കഥകള്‍’. മാനസി. ഗ്രീന്‍ ബുക്സ്. വില 210 രൂപ.

കോവിഡ് മഹാമാരിക്ക് മുന്‍പ് ഉയര്‍ന്ന തോതിലുള്ള വായു മലിനീകരണത്തിന് വിധേയരായവരില്‍ കോവിഡ്-19 വാക്സീനുകള്‍ ഉളവാക്കുന്ന ആന്റിബോഡി പ്രതികരണം കുറവായിരിക്കുമെന്ന് പഠനം. ഫൈന്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍(പിഎം2.5), നൈട്രജന്‍ ഡയോക്സൈഡ്, ബ്ലാക്ക് കാര്‍ബണ്‍ പോലുള്ള വായുവിലെ മാലിന്യങ്ങളുമായുള്ള സമ്പര്‍ക്കം IgG, IgM ആന്റിബോഡി പ്രതികരണങ്ങളില്‍ 10 ശതമാനം കുറവ് വരുത്തുമെന്നും സ്പെയ്നില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. സ്പെയ്നിലെ ബാര്‍സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ 40നും 65നും ഇടയില്‍ പ്രായമുള്ള 927 പേര്‍ പങ്കെടുത്തു. 2020ലും 21ലും ഇവരില്‍ നിന്ന് രക്തസാംപിളുകള്‍ ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു. ഇവരെല്ലാവരും ആസ്ട്രസെനക, ഫൈസര്‍, മൊഡേണ തുടങ്ങിയവ നിര്‍മിച്ച വാക്സീനുകള്‍ ഒന്നോ രണ്ടോ ഡോസ് എടുത്തവരാണ്. ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നിവയുമെല്ലാമായി വായു മലിനീകരണം ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഇതുണ്ടാക്കുന്ന നിരന്തരമായ നീര്‍ക്കെട്ട് വാക്സീന്‍ കാര്യക്ഷമതയെയും ബാധിക്കാം. ദീര്‍ഘകാലമുള്ള വായു മലിനീകരണം വാക്സീനുകളും രോഗബാധയും മൂലമുള്ള ഹൈബ്രിഡ് പ്രതിരോധശേഷിയെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.05, പൗണ്ട് – 102.03, യൂറോ – 90.01, സ്വിസ് ഫ്രാങ്ക് – 91.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.25, ബഹറിന്‍ ദിനാര്‍ – 217.64, കുവൈത്ത് ദിനാര്‍ -267.83, ഒമാനി റിയാല്‍ – 213.15, സൗദി റിയാല്‍ – 21.88, യു.എ.ഇ ദിര്‍ഹം – 22.34, ഖത്തര്‍ റിയാല്‍ – 22.54, കനേഡിയന്‍ ഡോളര്‍ – 61.37.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *