night news hd 12

 

വാര്‍ധക്യ, വിധവാ, ഭിന്നശേഷി വിഭാഗങ്ങളിലെ നാലേമുക്കാല്‍ ലക്ഷം പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ വിഹിതം കുറയും. കേന്ദ്ര വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണു കാരണം. സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപയില്‍ 200 മുതല്‍ 500 വരെ രൂപ കുറയും. കേന്ദ്ര വിഹിതം രണ്ടു വര്‍ഷമായി കുടിശികയാണ്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തളളി. ശിവശങ്കര്‍ ഏറെ സ്വാധീനശേഷിയുളള വ്യക്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കേരളത്തിലെ ഭരണകക്ഷിയില്‍ പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും ശിവശങ്കറിന് അടുപ്പവും സ്വാധീനവുമുണ്ടെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ഫെബ്രുവരി 15 ന് അറസ്റ്റിലായ ശിവശങ്കര്‍ കാക്കനാട് ജയിലിലാണ്.

പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ പോലീസ് തട്ടിക്കൂട്ടിയ കുറ്റപത്രം കോടതി മടക്കി. രേഖകള്‍ വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതല്‍ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ട്. പോലീസിലേക്കുള്ള പിഎസ്സി പരീക്ഷയിലാണ് എസ്എഫ്‌ഐ നേതാക്കള്‍ 2018 ല്‍ തട്ടിപ്പു നടത്തിയത്.

കേരളം പൊള്ളുന്നു. താപനില 45 ഡിഗ്രി കടന്നു. പാലക്കാട് എരിമയൂരിലാണ് താപനില 45.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. തൃശൂരിലെ വെള്ളാനിക്കരയിലും പീച്ചിയിലും 42 ഡിഗ്രി ആയി. പാലക്കാട് മലമ്പുഴയില്‍ 42.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നു മുന്നറിയിപ്പ്.

‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ട കേസില്‍ വിചാരണ കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജിയില്‍ 20 ന് വിധി പ്രസ്താവിക്കും. സിജെഎം കോടതിയുടെ ശിക്ഷാവിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. പ്രസംഗത്തിലെ വാക്കുകള്‍ അടര്‍ത്തി മാറ്റി ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. വയനാട്ടില്‍ വലിയ വിജയത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. എന്നാല്‍ അമേഠിയില്‍ തോറ്റെന്നും അപകീര്‍ത്തി കുറ്റത്തിന് അതുമായി ബന്ധമില്ലെന്നും മറുപക്ഷം വാദിച്ചു.

വ്യക്തിപരമായ അക്രമങ്ങളെ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളെന്നു വ്യാഖ്യാനിച്ച് കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എല്ലാ മതവിശ്വാസികള്‍ക്കും നിയമ പ്രകാരമുള്ള തുല്യ പരിരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ തെറ്റെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. രണ്ടാം പ്രതി വഫയെ കേസില്‍നിന്ന് ഒഴിവാക്കി. വാഹനം അമിത വേഗതയിലായിരുന്നു. മദ്യപിച്ചാണു വാഹനമോടിച്ചതെന്നു പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്.

നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘര്‍ഷം കാമറയില്‍ പകര്‍ത്തിയതിനു മാധ്യമങ്ങള്‍ക്കെതിരേ സ്പീക്കറുടെ ഓഫീസിന്റെ നോട്ടീസ്. അതീവ സുരക്ഷാ മേഖലയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

വിരമിച്ച കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഈ മാസം പതിനെട്ടിനകം പെന്‍ഷന്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറി ഓണ്‍ലൈനിലൂടെ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 140 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുണ്ട്.

രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. 2014 ല്‍ തിരുവനന്തപുരത്ത് ഡോ. ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതു ചോദ്യം ചെയ്ത് ലോകായുക്തയിലുള്ള കേസിലാണ് ഹൈക്കോടതി ഇടപെടല്‍. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പല അഴിമതി കേസുകളിലും ബന്ധമുള്ളയാളാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്‌മപുരത്ത് മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ബയോ മൈനിംഗ് നടക്കുന്നേയില്ല. സംസ്ഥാന സര്‍ക്കാര്‍ സോണ്ട കമ്പനിക്കെതിരെ ഒരു കേസ് പോലും നല്‍കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കെഎസ്ആര്‍ടിസി ടേക്ക് ഓവര്‍ റൂട്ടുകളില്‍ മുപ്പതു ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച്. സ്വകാര്യ ബസുകളുടെ മല്‍സരം നേരിടാനാണ് കെഎസ്ആര്‍ടിസി 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. തൊഴിലാളികള്‍ ആവശ്യപ്പെട്ട പതിനേഴ് ശതമാനം ബോണസ് പമ്പുടമകള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവര്‍ക്കെതിരെ സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ വിമര്‍ശനം. ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കടുത്ത ആക്രമണത്തിന് വിധേയമാകുമ്പോള്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് വിമര്‍ശനം.

ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ മതമേലദ്ധ്യക്ഷന്‍മാരെ അപമാനിച്ചത് അപലപനീയമാണ്. ആക്ഷേപിച്ച് മതപുരോഹിതന്‍മാരെ പിന്തിരിപ്പിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിന്‍ തീവയ്പു കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കു ജാമ്യം തേടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സലിലെ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ പീതാംബരന്‍ ജാമ്യാപേക്ഷ നല്‍കി. ഈ മാസം 18 ന് ജാമ്യാപേക്ഷ പരിഗണിക്കും.

മകന്‍ ഓടിച്ച വാഹനത്തിലിടിച്ച് മണിമലയില്‍ മരിച്ച സഹോദരങ്ങളുടെ വീട്ടില്‍ ജോസ് കെ മാണി എം പി എത്തി. മരിച്ച ജിന്‍സിന്റെയും ജീസിന്റെയും വീട്ടില്‍ അരമണിക്കൂറോളം തങ്ങി. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നെന്ന് അദ്ദേഹം അറിയിച്ചു.

തൃശൂര്‍ പഴുന്നാന ചെമ്മന്തിട്ടയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിംഗ് തകര്‍ന്നുവീണ് ഡോക്ടര്‍ക്കും രോഗിയ്ക്കും പരുക്കേറ്റു. ഡോ. മെറിനും രോഗിയായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കുമാണു പരിക്കേറ്റത്. രോഗികള്‍ പുറത്തേക്ക് ഇറങ്ങിയോടി.

വാഹനമുടമയ്ക്കു ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. നിലമ്പൂര്‍ അമരമ്പലം സ്വദേശിനിയായ ഏലിയാമ്മ ‘ഫ്യൂച്ചര്‍ ജനറല്‍’ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഭര്‍ത്താവ് കുര്യന്‍ 2015 ല്‍ ചോക്കാട് കല്ലാമൂലയിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചിരുന്നു. ഇന്‍ഷുറന്‍സ് പോളിസി പ്രകാരമുള്ള രണ്ടു ലക്ഷം രൂപ കമ്പനി നല്‍കിയില്ല. വാഹനം ഓടിച്ചയാള്‍ക്കു ലൈസന്‍സുണ്ടെങ്കില്‍ തുക ഉടനേ നേല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോട് അടുപ്പമോ വിരോധമോ ഇല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് ത്രിതിയന്‍ കാതോലിക്കാബാവാ. മതേതരത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഭയുടെ സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു.

ചര്‍ച്ച് ബില്‍ പോസ്റ്റര്‍ വിവാദത്തില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന കുന്നംകുളം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ വിമര്‍ശനം വെറും വ്യക്തിപരമെന്നും സഭയുടേതല്ലെന്നും വ്യാഖ്യാനിച്ച് മന്ത്രി വീണ ജോര്‍ജ്ജ്. വ്യക്തികള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു പോസ്റ്ററിന്റെ പേരില്‍ ഒരാളുടെ വീട്ടില്‍ 70 പോലീസുകാര്‍ എത്തി വേട്ടയാടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ പ്രതികരണം.

കട്ടപ്പനയില്‍ എം ഡി എം എ കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവ് മരിച്ച നിലയില്‍. കട്ടപ്പന കല്ലംകുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിന്‍ (24) ആണ് മരിച്ചത്. ഇടുക്കി അണക്കെട്ടിന്റെ അഞ്ചുരുളി തടാകത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴയടക്കാന്‍ വിധി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് 30,250 രൂപ പിഴയടക്കാന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയില്‍ നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച തമിഴ്‌നാട് സ്വദേശി ഷിഹാബുദ്ദീനെ (27) പോലീസ് പിടികൂടി.

വെള്ളമെടുക്കാന്‍ റെയില്‍ പാത കുറുകേ കടക്കുന്നതിനിടെ ട്രയിനിടിച്ചു യുവതി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്.

കണ്ണൂരില്‍ കസ്തൂരി ഇടപാടിനിടെ മൂന്നു പേര്‍ പിടിയില്‍. എറണാകുളം സ്വദേശി ഹഫ്സല്‍, തൃശൂര്‍ സ്വദേശി ഷാനവാസ് കണ്ണൂര്‍ ആലക്കോട് സ്വദേശി തോമസ് എന്നിവരെയാണ് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ പിടികൂടിയത്.

അതിരപ്പിള്ളിയില്‍ വിനോദ യാത്രയ്‌ക്കെത്തിയ തമിഴ്‌നാട്ടില്‍നിന്നുള്ള കുടുംബത്തിലെ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു. അതിരപ്പിള്ളി വെറ്റിപ്പാറ പാലത്തിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് കൃഷ്ണഗിരി സ്വദേശി മോനീശ്വരന്‍ മുങ്ങി മരിച്ചത്.

യുപിയില്‍ എംഎല്‍എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ആതിക് അഹമ്മദിന്റെ മകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പട്ടത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുപി സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതി ഗുലാമും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ബിജെപി കോടതികളില്‍ വിശ്വസിക്കാതെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ പ്രതികളെ കൊല്ലുകയാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഏറ്റുമുട്ടലിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. തെറ്റും ശരിയും തീരുമാനിക്കാന്‍ അധികാരത്തിന് അവകാശമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

മുസ്ലീം വിഭാഗത്തിനുള്ള നാലു ശതമാനം സംവരണം ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരേ സുപ്രീം കോടതി. തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം നിലനില്‍ക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

രാജ്യത്തെ കയറ്റുമതി ആറു ശതമാനം വര്‍ധിച്ചു. 2022-23 ല്‍ കയറ്റുമതി 44,700 കോടി ഡോളറായി. പെട്രോളിയം, ഫാര്‍മ, കെമിക്കല്‍സ്, മറൈന്‍ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളര്‍ച്ചയാണ് വര്‍ദ്ധനവിന് കാരണമായത്.
അതേസമയം, ഇറക്കുമതിയും വര്‍ധിച്ചു. 2021-22 ലെ 61,300 കോടി ഡോളറില്‍ നിന്ന് പതിനാറര ശതമാനം വര്‍ധിച്ച് 71,400 കോടി ഡോളറായി.

പടിഞ്ഞാറന്‍ ടെക്‌സാസിലെ ഒരു ഡയറി ഫാമിലുണ്ടായ തീ പിടിത്തത്തില്‍ 18,000 പശുക്കള്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റ ഒരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *