അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14 പ്രതികളില്‍ 12 പേരും കുറ്റക്കാരെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. നരഹത്യക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മറ്റു പ്രതികളായ ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയും മണ്ണാര്‍ക്കാട് പ്രത്യേക കോടതി കോടതി മാറ്റി നിര്‍ത്തി.
അരുണാചല്‍ പ്രദേശ് ചൈനയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ ടിബറ്റാണെന്ന അവകാശവാദവുമായി ചൈന. ഇതിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ നല്‍കി. ഈ പ്രദേശത്തെ ‘ടിബറ്റിന്റെ തെക്കന്‍ സാങ്നാന്‍’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനീസ് മന്ത്രിസഭയായ സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥലപേരുകള്‍ ആഭ്യന്തരകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. രണ്ടു ഭൂപ്രദേശങ്ങള്‍, രണ്ടു ജനവാസ മേഖലകള്‍, അഞ്ചു പര്‍വതങ്ങള്‍, രണ്ടു നദികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. ഇതു മൂന്നാം തവണയാണ് അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്കു ചൈന പേരിടുന്നത്. 2017 ല്‍ ആറു സ്ഥലങ്ങള്‍ക്കും 2021 ല്‍ 15 സ്ഥലങ്ങള്‍ക്കും ചൈന അവകാശവാദംമുന്നയിച്ചു പേരിട്ടിരുന്നു.
കോഴിക്കോട് ട്രെയിനില്‍ തീയിട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍നിന്ന് പിടികൂടിയെന്ന് റിപ്പോര്‍ട്ട്. പ്രതിയെ പിടികൂടാന്‍ പൊലീസ് നെട്ടോട്ടമായിരുന്നു. കേരള പോലീസ് ഡല്‍ഹിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. റെയില്‍വേ പൊലീസ് ഉത്തര്‍പ്രദേശിലെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കണ്ണൂരിലും കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തി. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. കണ്ണൂരില്‍ എന്‍ഐഎ സംഘം എത്തിയിട്ടുണ്ട്.
റെയില്‍വേയില്‍ അതിക്രമങ്ങള്‍ തടയാന്‍ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ പ്രൊട്ടക് ഷന്‍ ഫോഴ്‌സ് ഐജി ടി.എം. ഈശ്വരറാവു. എല്ലാ സ്‌റ്റേഷനുകളിലും സ്‌കാനറുകളും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധുകൊലക്കേസില്‍ പ്രതികളായ രണ്ടുപേരെ വെറുതെവിട്ട കോടതി വിധിക്കെതിരേ സുപ്രീം കോടതിവരെ പോകുമെന്ന് മധുവിന്റെ അമ്മയും സഹോദരിയും. 12 പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതിയോടു നന്ദി പറയുകയാണെന്നും അവര്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ വീടിനു പൊലീസ് ശക്തമായ കാവല്‍. കൊലപതകം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. കേസില്‍ 16 പ്രതികളും മധുവിന്റെ നാട്ടുകാരാണ്. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറു മാറിയിരുന്നു.
കൊച്ചി കാന്‍സര്‍ സെന്റര്‍ ഏഴു മാസത്തിനകം ഭാഗികമായി യാഥാര്‍ത്ഥ്യമാകും. 100 കിടക്കകളുമായാണ് ചികിത്സ തുടങ്ങുക. ഇറക്കുമതി ചെയ്യേണ്ടതുള്‍പ്പടെ 210 കോടി രൂപയുടെ ഉപകരണങ്ങള്‍ എത്തിക്കണം. പണവും കണ്ടെത്തണം. ഇതിനായി ആരോഗ്യമന്ത്രി, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കമുള്ളവരുമായി ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിദ്യാര്‍ത്ഥി – അധ്യാപക അനുപാതമനുസരിച്ച് ബാച്ച് പുനക്രമീകരണം വേണമെന്ന് അധ്യാപക സംഘടനകള്‍. താത്കാലിക ബാച്ച് അനുവദിച്ചതു കൊണ്ട് പ്രയോജനമില്ലെന്നും കോഴിക്കോട്ട് നടന്ന വിദഗ്ധ സമിതി സിറ്റിംഗില്‍ അധ്യാപകര്‍ ചൂണ്ടിക്കാട്ടി. വിധഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അടുത്തയാഴ്ച സര്‍ക്കാരിനു സമര്‍പ്പിക്കും.
ട്രെയിന്‍ തീവയ്പു സംഭവത്തില്‍ മരിച്ച നൗഫീഖിന്റെ കുടുംബത്തെ സഹായിക്കാന്‍ റെയില്‍വേയും സര്‍ക്കാരും തയ്യാറാകണമെന്ന് സഹോദരങ്ങള്‍. നൗഫീഖിന്റെ മരണത്തോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. മൂന്നു കൊചചു മക്കളുമുണ്ട്. കുടുംബത്തെ സഹായിക്കാന്‍ പദ്ധതി ഒരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കൊച്ചി പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍. ഗൃഹനാഥനായ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തി മണിയന്‍ ജീവനൊടുക്കിയെന്നാണ് സംശയം. മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്ക് അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
എറണാകുളം തോപ്പുംപടിയില്‍ റോഡിലെ വളവില്‍ അപകടകരമായ സാഹചര്യത്തില്‍ വാഹന പരിശോധന നടത്തിയതു ചോദ്യം ചെയ്ത യുവാവിനെ പൊലീസുകാര്‍ കൈകാര്യം ചെയ്തു. എറണാകുളം പള്ളുരുത്തി സ്വദേശി വിജേഷാണു പോലീസിനെതിരേ പരാതിപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജേഷിന് കുടിവെള്ളം നിഷേധിച്ചെന്നും ആരോപണമുണ്ട്.
80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചത് ആഘോഷിക്കാന്‍ മദ്യസത്കാരം നടത്തിയ സജീവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് മായാവി സന്തോഷ് കസ്റ്റഡിയില്‍. സന്തോഷ് സജീവിനെ തള്ളിയിട്ട് കൊന്നെന്നാണ് ബന്ധുക്കളുടെ മൊഴി. മറ്റൊരു സുഹൃത്തായ രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ മണ്‍തിട്ടയില്‍ നിന്ന് വീണാണ് സജീവ് മരിച്ചത്.
വന്യജീവി ആക്രണത്തിനെതിരേ പരാതിയുമായി വയനാട് ജില്ലയില്‍ നിന്നുള്ള എല്‍ഡിഎഫ് നേതാക്കള്‍ സി കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടു. വന്യജീവികളുടെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും വന്‍തോതില്‍ കൃഷിനാശം സംഭവിച്ചെന്നും ചൂണ്ടിക്കാണിച്ചും പരിഹാരം ആവശ്യപ്പെട്ടുമുള്ള നിവേദനവും അവര്‍ കൈമാറി.
തലസ്ഥാനത്ത് കാട്ടാല്‍ ഭദ്രകാളി ക്ഷേത്ര ഉത്സവത്തിനിടെ കല്ലേറില്‍ ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വെള്ളറട സ്വദേശി രാജേന്ദ്രന്റെ മൂക്കിന്റെ പാലം തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് പിടികൂടിയ യുവാക്കളില്‍ ഏറേയും പൊലീസിനെ ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരല്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കൊല്ലം ചടയമംഗലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചിതറ സ്വദേശി ഫെബിമോന്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ എന്നിവരാണു ചടയമംഗലം പൊലീസിന്റെ പിടിയിലായത്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സിലബസില്‍നിന്ന് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള പാഠ്യഭാഗങ്ങള്‍ നീക്കം ചെയ്തു. ചരിത്രപാഠപുസ്തകം ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’- പാര്‍ട്ട് രണ്ടിലാണു ചരിത്രത്തിന് എന്‍സിഇആര്‍ടി കത്രികവച്ചത്. 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതാക്കളേയും മുഖ്യമന്ത്രിമാരേയും ഒരേ വേദിയിലെത്തിച്ച് ഡിഎംകെ. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ സംഗമിച്ചത്. കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്, ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ഇ ടി മുഹമ്മദ് ബഷീര്‍, വൈക്കോ തുടങ്ങിയവര്‍ യോഗത്തിനെത്തി.
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങള്‍ക്കു കറന്‍സി നോട്ടുകളെറിഞ്ഞതിനു കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരെ കേസ്. മാര്‍ച്ച് 29 ന് മാണ്ഡ്യയില്‍ നടന്ന സംഭവത്തില്‍ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബെംഗളൂരുവില്‍നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. സാങ്കേതിക തകരാര്‍ മൂലമാണ് 137 യാത്രക്കാരുണ്ടായിരുന്ന വിമാനം ലാന്‍ഡു ചെയ്തത്.
മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യുന്നത് നന്നല്ലെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. ഭരണരംഗത്തെ നേട്ടങ്ങളെക്കുറിച്ചാണ് വിലയിരുത്തേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു 2014 ല്‍ ജനങ്ങള്‍ വോട്ടു ചെയ്തത് ബിരുദം നോക്കിയല്ല, വ്യക്തിമഹത്വത്തിനാണെന്നും അജിത്കുമാര്‍.
കുനോ ദേശീയ ഉദ്യാനത്തില്‍ പിറന്ന ചീറ്റക്കുഞ്ഞുങ്ങള്‍ക്കു പേരിടാന്‍ പൊതുജനള്‍ക്ക് അവസരം. നമീബീയയില്‍ നിന്നെത്തിച്ച സിയ എന്ന ചീറ്റ ജന്മം നല്‍കിയ നാലു കുഞ്ഞുങ്ങള്‍ക്കാണു പേരിടുന്നത്. പേര് നിര്‍ദേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്നാണു നിര്‍ദേശം.