സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അദാനി ഗ്രൂപ്പിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. ചില വിദേശ കമ്പനികളുമായുള്ള ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. ഗൗതം അദാനിയുടെ ജ്യേഷ്ഠന്‍ വിനോദ് അദാനിയുടെ ഉടമസ്ഥതതയിലുള്ളതെന്നു കരുതപ്പെടുന്ന മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ ‘ബന്ധപ്പെട്ട കക്ഷി’ നിയമങ്ങളുടെ ലംഘനം നടന്നതായി സംശയിച്ചുകൊണ്ടാണ് അന്വേഷണം. മൗറിഷ്യസ് ആസ്ഥാനമായുള്ള ക്രുനാല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ്, ഗാര്‍ഡേനിയ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ്, ദുബായ് ആസ്ഥാനമായുള്ള ഇലക്ട്രോജന്‍ ഇന്‍ഫ്രാ എന്നിവയാണ് സ്ഥാപനങ്ങള്‍. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച്, ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ അടുത്ത ബന്ധുക്കള്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ബന്ധപ്പെട്ട കക്ഷികളായി കണക്കാക്കപ്പെടുന്നതാണ്. അത്തരം സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരുമായുള്ള ഇടപാടുകള്‍ പബ്ലിക് ഫയലിംഗുകളില്‍ വെളിപ്പെടുത്തുകയും ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഓഹരി പങ്കാളിത്തത്തിന് സെബിയുടെ അംഗീകാരം നേടേണ്ടതുമാണ്. അത്തരം മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെങ്കില്‍, ബന്ധപ്പെട്ട കമ്പനികളോട് പിഴ അടയ്ക്കാന്‍ സെബിക്ക് ആവശ്യപ്പെടാം. നിയമ നടപടികള്‍ നേരിടേണ്ടിയും വരും.