night news hd 21

 

കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രതിരോധത്തില്‍. അപകീര്‍ത്തി കേസില്‍ രാഹുലിനു രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂററ്റ് സിജെഎം കോടതിതന്നെ മുപ്പതു ദിവസത്തേക്കു സ്‌റ്റേ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷ നിലനില്‍ക്കുന്നുണ്ട്. മേല്‍ക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാനായില്ലെങ്കില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം അവതാളത്തിലാകുമെന്നു മാത്രമല്ല ജയിലില്‍ പോകേണ്ടി വരികയും ചെയ്യും. ഇന്ത്യയില്‍ ജനാധിപത്യം വെല്ലുവിളികള്‍ നേരിടുകയാണെന്നു ലണ്ടനില്‍ പ്രസംഗിച്ചതിന് രാഹുലിനെതിരേ നല്‍കിയ കേസ് വാരാണസി കോടതി തള്ളിയതാണ് കോണ്‍ഗ്രസിന് അല്‍പം ആശ്വാസമേകുന്നത്. സൂററ്റില്‍നിന്ന് തിരിച്ചെത്തിയ രാഹുലിന് ഡല്‍ഹിയില്‍ ആവേശകരമായ സ്വകീരണമാണ് നേതാക്കളും പ്രവര്‍ത്തകരും ഒരുക്കിയത്. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തി എത്തിയ രാഹുലിനെ ഏതുവിധേനേയും കുടുക്കാനുള്ള ആസൂത്രണത്തിലാണ് ബിജെപി. ഇതേസമയം, ജഡ്ജിമാരെ മാറ്റി രാഷ്ട്രീയമായി അനുകൂല വിധി ബിജെപി സമ്പാദിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു.

തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു സമീപം സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 200 കോടി രൂപ നിക്ഷേപിച്ച് രണ്ടു ബ്ലോക്കുകളായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണു ഓരോ സയന്‍സ് പാര്‍ക്കും നിര്‍മിക്കുക. അതതു പ്രദേശത്തെ യൂണിവേഴ്‌സിറ്റികളായിരിക്കും പ്രിന്‍സിപ്പല്‍ അസോസിയേറ്റ്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തുംയ

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സെക്രട്ടറിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വിരുന്നു നല്‍കുന്നു. കേരളവും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ 47 മുതിര്‍ന്ന കേന്ദ്ര സെക്രട്ടറിമാരെയാണു കേരള ഹൗസിലെ വിരുന്നിലേക്കു ക്ഷണിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും പ്രഫ. കെ.വി. തോമസും നാളെ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കും. ഉപരാഷ്ട്രപതിയുമായും മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും.

പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് ആര്‍കിടെക് വിഭാഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ ജീവനക്കാരുടെ കസേരകളെല്ലാം കാലി. രാവിലെ പതിനൊന്നോടെയാണ് മന്ത്രി ഓഫീസില്‍ എത്തിയത്. ജീവനക്കാരില്‍ പകുതി പോലും ഓഫീസില്‍ എത്തിയിരുന്നില്ല. മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇതു വൈകിയതോടെ മന്ത്രി ക്ഷുഭിനായി.

കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി കേസില്‍ മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്യും. പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കാന്‍ അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിജീവിതയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചു പേരേയും സസ്‌പെന്‍ഡു ചെയ്തു. ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകളനുസരിച്ചാണ് കേസ്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ സിപിഎം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നേടിയ ഇയാളെ പിന്നീട് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെന്നും സതീശന്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ യൂണിയനില്‍ പ്രവര്‍ത്തിച്ച ശശീന്ദ്രന്‍ ഈ വര്‍ഷം അംഗത്വം പുതുക്കിയിട്ടില്ലെന്നാണ് എന്‍ജിഒ യൂണിയന്‍ പറയുന്നത്.

കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി സഭാ യോഗത്തില്‍ വിശദീകരിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

കള്ളു ഷാപ്പിലിരുന്നു കള്ളു കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനു തൃശൂരില്‍ യുവതിയെ എക്‌സൈസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ കള്ളു കുടിക്കുന്ന വീഡിയോ പ്രചരിപ്പിച്ച ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.

റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ നിലയില്‍ ചികിത്സയില്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പോലീസാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആണ്‍സുഹൃത്തുമായുളള തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്നാണ് വിവരം.

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തിന് ക്യാമ്പിലെ സിമ്മിംഗ് പൂളിന്റെ ലാഭ വിഹിതം ചട്ടവിരുദ്ധമായി നല്‍കിയതു വിവാദമായി. മുന്‍കാല ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിനാണ് തുക അനുവദിച്ചത്.

റബര്‍ വിലസ്ഥിരതാ പദ്ധതിക്കു ‘കെ എം മാണി റബര്‍ വിലസ്ഥിരതാ പദ്ധതി’ എന്നു പുനര്‍നാമകരണം ചെയ്യണമെന്ന് കേരളാ യൂത്ത്ഫ്രണ്ട് എം ആവശ്യപ്പെട്ടു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം ദുരിതമനുഭവിച്ചപ്പോള്‍ കൈത്താങ്ങാകാനാണ് കെ എം മാണി റബര്‍ വിലസ്ഥിരതാ പദ്ധതി ആവിഷ്‌കരിച്ചതെന്ന് യൂത്ത് ഫ്രണ്ട് ചൂണ്ടിക്കാട്ടി.

നിലമ്പൂരില്‍ പുള്ളിമാനെ വെടിവച്ചു കൊന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു.

വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52 കാരന്‍ മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പുതു വേലായി മകന്‍ പ്രകാശന്‍ (52) ആണ് മരിച്ചത്.

കായംകുളം നഗരസഭയില്‍ ബജറ്റ് അവതരണത്തോടനുബന്ധിച്ചു ഹോട്ടലില്‍നിന്നു വരുത്തിച്ച ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭാ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്.

മാനന്തവാടിയില്‍ പൊലീസുകാരെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ഗാന്ധിപുരം സ്വദേശി പ്രമോദാണ് പിടിയിലായത്. വള്ളിയൂര്‍ക്കാവ് ഉത്സവത്തിനു കച്ചവടത്തിനെത്തിയ പ്രമോദ് ആഘോഷ കമ്മിറ്റി ഭാരവാഹിയെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ പൊലീസുകാരെയാണ് ആക്രമിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി വാരാണസി കോടതി തള്ളി. രാഹുല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.

കര്‍ണാടകത്തില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കലബുറഗി മണ്ഡലത്തില്‍ തോല്‍പിക്കാന്‍ നിര്‍ണായക പങ്കു വഹിച്ച ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംഎല്‍സിയായ ബാബുറാവു ചിന്‍ചന്‍സുര്‍ ആണ് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ വച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

കോടതി വിധിക്കു പിറകേ സൂറത്തില്‍നിന്നു മടങ്ങിയെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെ സ്വീകരണം. നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

വിമാനത്തില്‍ ഇരുന്നു മദ്യപിച്ച് വഴക്കുണ്ടാക്കിയ രണ്ടുയാത്രക്കാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മഹാരാഷ്ട്രക്കാരായ ജോണ്‍ ഡിസൂസ, ദത്താത്രയ ബാപ്പര്‍ദേക്കര്‍ എന്നീവരാണ് പിടിയിലായത്. ബാഗിലുണ്ടായിരുന്ന മദ്യം ഇരുവരും വിമാനത്തിനകത്തിരുന്ന് മദ്യപിക്കുന്നതു ചോദ്യം ചെയ്ത യാത്രക്കാരനോട് അസഭ്യം വിളിച്ച് വഴക്കുണ്ടാക്കുകയായിരുന്നു.

ഉസ്‌ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ച മാരിയോണ്‍ ബയോടെക് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശ് ഡ്രഗ്‌സ് കണ്‍ട്രോളിംഗ് ലൈസന്‍സിംഗ് അതോറിറ്റിയാണു നടപടിയെടുത്തത്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന മരുന്നുകള്‍ കഴിച്ച കുട്ടികളാണ് മരിച്ചത്.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ വീട്ടിലൊളിപ്പിച്ചെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്‍ജിത് കൗറിനെയാണ് അറസ്റ്റ് ചെയ്തത്.

പിഴയിനത്തില്‍ യാത്രക്കാരില്‍നിന്ന് ഒരു കോടി രൂപയിലധികം പിരിച്ചെടുത്ത വനിതാ ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയില്‍വേ മന്ത്രാലയം. ദക്ഷിണ റെയില്‍വേയിലെ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായ റോസലിന്‍ ആരോഗ്യ മേരിയാണ് ടിക്കറ്റില്ലാത്ത യാത്രക്കാരില്‍നിന്ന് 1.03 കോടി രൂപ ഈടാക്കിയത്.

വിദേശത്ത് ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങള്‍ക്കെതിരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രകോപനം. ലണ്ടനിലും സാന്‍ഫ്രാന്‍സിസ്‌കോയിലും കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ വീണ്ടും പ്രകടനം. കോണ്‍സുലേറ്റുകള്‍ക്ക് എതിരായ നീക്കങ്ങളെ അപലപിക്കുന്നതായി അമേരിക്കയും ബ്രിട്ടനും ആവര്‍ത്തിച്ചു

സമുദ്രാതിര്‍ത്തി കടന്ന് മീന്‍ പിടിച്ചെന്ന് ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. പുതുക്കോട്ട, ജഗതപട്ടണം, കോട്ടപ്പട്ടണം എന്നിവിടങ്ങളില്‍നിന്ന് കടലില്‍ പോയവരാണ് പിടിയിലായത്. ഇവരുടെ രണ്ട് ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തു.

ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിനെതിരേ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. ബ്ലോക്കിന്റെ സാമ്പത്തിക ക്രമക്കേടുകളാണ് പുതിയ റിപ്പോര്‍ട്ടില്‍. സ്‌ക്വയര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വര്‍ധിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.

യുദ്ധക്കെടുതിയില്‍നിന്ന് കരകയറാനും രാജ്യം പുനര്‍നിര്‍മ്മിക്കാനും ഉക്രൈന് 41,100 കോടി ഡോളര്‍ വേണ്ടിവരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനകം പുനര്‍നിര്‍മ്മാണത്തിനുള്ള ചെലവാണിത്. നഗരങ്ങളില്‍ തകര്‍ന്നു കിടക്കുന്നവയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രം 500 കോടി ഡോളര്‍ ചെലവാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *