അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകും. ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി സി.എ.പി.എ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ട് വരുമാനത്തില്‍ 26 ശതമാനം വര്‍ദ്ധനവുണ്ടായി 3.9 ബില്യണ്‍ ഡോളര്‍ ( എകദേശം 32,390 കോടി രൂപ) ആകും. 2023-24 വര്‍ഷത്തില്‍ ആഭ്യന്തര- അന്തര്‍ദേശീയ വിമാന യാത്രക്കാരുടെ എണ്ണം 395 ദശലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു, മൊത്തം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം 275-ല്‍ നിന്ന് 320 ദശലക്ഷമായി ഉയരും. ഈ കാലയളവില്‍ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 58-ല്‍ നിന്ന് 75 ദശലക്ഷമായി ഉയരും. 2030ഓടെ ആഭ്യന്തര എയര്‍പോര്‍ട്ട് പാക്സ് (എയര്‍പോര്‍ട്ട് യാത്രക്കാര്‍) 700 ദശലക്ഷമായും അന്താരാഷ്ട്ര എയര്‍പോര്‍ട്ട് പാക്സ് 160 ദശലക്ഷമായും ഉയരുമെന്നാണ് കണക്കാക്കുന്നത്. ഡല്‍ഹിയില്‍ നടന്ന സി.എ.പി.എ ഇന്ത്യ ഏവിയേഷന്‍ ഉച്ചകോടിയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. കൊവിഡ് പകര്‍ച്ചവ്യാധി കാലത്ത് വിമാനത്താവളങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) ഏഷ്യ പെസഫിക് ഡയറക്ടര്‍ ജനറല്‍ സ്റ്റെഫാനോ ബാര്‍കോണി പറഞ്ഞു.