night news hd 17

 

നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഹകരിക്കില്ലെന്നത് ഉറച്ചനിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. നാളെ രാവിലെ സഭാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിയാലോചനയിലും ഇതുതന്നെയാണു നിലപാടെന്നു സതീശന്‍

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലുള്ള ആശങ്കകളാണ് ലണ്ടനില്‍ നടന്ന സംവാദത്തില്‍ പങ്കുവെച്ചതെന്ന് രാഹുല്‍ ഗാന്ധി. മറ്റൊരു രാജ്യത്തോട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തന്നെ രാജ്യ വിരുദ്ധനായി ചിത്രീകരിക്കുന്നതു ഗൂഡോദ്ധേശ്യത്തോടെയാണ്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന പാര്‍ലമെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് രാഹുല്‍ നിലപാട് അറിയിച്ചത്.

ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകള്‍ തേടി കൊച്ചി കോര്‍പ്പേറഷന്‍. വിധിയ്ക്കതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും. എവിടെ ഹര്‍ജി നല്‍കണമെന്നു നിയമവിദഗ്ധരുടെ അഭിപ്രായം തേടി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും പിഴ കണക്കാക്കുന്നതില്‍ ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്നുമാണ് കോര്‍പ്പറേഷന്റെ വാദം.

സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പൊലീസ് എടുത്ത കലാപ, ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് ഇരുവര്‍ക്കുമേതിരെ ജാമ്യമില്ല വകുപ്പുകളനുസരിച്ചു കേസെടുത്തത്. സ്വപ്‌നക്കെതിരെ വിജേഷ് പിള്ള നല്‍കിയ പരാതി ക്രൈം ബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് അന്വേഷിക്കുന്നുണ്ട്.

സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമനടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആര്‍ എസ് പി നേതാവ് എന്‍ കെ.പ്രേമചന്ദ്രന്‍ എംപി. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മാനനഷ്ട കേസിനു വക്കീല്‍ നോട്ടീസ് അയച്ചു. പിണറായി മൗനം പാലിക്കുന്നത് ആരോപണം സമ്മതിക്കുന്നതിനു തുല്യമാമെന്നും അദ്ദേഹം പറഞ്ഞു.

തലശേരി ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപി യെ വിജയിപ്പിക്കുമെന്ന വാഗ്ദാനം സ്വാഗതാര്‍ഹമാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി എല്ലാക്കാലവും മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു.

സംസ്ഥാനത്ത് യുഡിഎഫിനെതിരേ സര്‍ക്കാര്‍ ഇത്രയേറെ കടന്നാക്രമണങ്ങള്‍ നടത്തിയിട്ടും ശക്തമായ പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യോഗംപോലും വിളിക്കാത്തത് അദ്ഭുതപ്പെടുത്തുന്നെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബ്രഹ്‌മപുരത്ത് തീയും വിഷപ്പുകയും അണയ്ക്കാന്‍ നിര്‍ബന്ധപൂര്‍വം കസ്റ്റഡിയിലെടുത്ത് എത്തിച്ചു പണിയെടുപ്പിച്ച ജെസിബി ഡ്രൈവര്‍മാര്‍ക്കു മതിയായ കൂലി നല്‍കിയില്ലെന്ന് ആരോപണം. ജെസിബി ഡ്രൈവര്‍മാര്‍ക്ക് പ്രതിദിന കൂലിയായി നല്‍കിയ 1,500 രൂപ അപര്യാപ്തമാണെന്നാണ് ആരോപണം. അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്തത് പ്രദേശത്തു മുറിയെടുത്തു താമസിച്ചും ഹോട്ടല്‍ ഭക്ഷണം എത്തിച്ചുമാണ്. കിട്ടിയ പണം അതിനുപോലും തികഞ്ഞില്ലെന്നാണ് പരാതി.

പിഡിപി നേതാവ് അബ്ദുല്‍ നാസിര്‍ മദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ ചെയ്തു. അഭിഭാഷകനായ വിവരം ഫോട്ടോയും കുറിപ്പും സഹിതം മദനി ഫേസ് ബുക്കില്‍ പങ്കുവച്ചു. നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകന്‍ ന്യായാന്യായങ്ങളെ വേര്‍തിരിക്കുവാനുള്ള കറുത്ത ഗൗണ്‍ ഇന്ന് അണിഞ്ഞുവെന്നാണ് മദനി ഫേസ്ബുക്കില്‍ കുറിച്ചത്.

സഹകരണ സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി രജിത്താണ് ആത്മഹത്യ ചെയ്തത്. പണം തട്ടിയെന്ന് ആരോപിച്ച് 2021 ല്‍ രജിത്ത് ചിറയന്‍കീഴ് പൊലീസില്‍ പരാതിയും നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

സാമൂഹ്യ മാധ്യമങ്ങളിലുള്ള കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരേ കോണ്‍ഗ്രസിലെ യുവനേതാക്കള്‍. ആക്രമണത്തിന് ഇരയായവരുടെ ഫോട്ടോയും പോസ്റ്റുകളും പങ്കുവച്ചാണ് നേതാക്കളായ വി.ടി. ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയത്. സിപിഎം സൈബര്‍ ക്രിമിനലുകള്‍ക്കു ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്നാണ് ആരോപണം.

മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. ഹയര്‍ സെക്കന്ററി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് മോഷണം നടന്നത്. മേശയിലുണ്ടായിരുന്ന പണം നഷ്ടമായെങ്കിലും അലമാരയില്‍ പൂട്ടി സൂക്ഷിച്ച ചോദ്യപേപ്പര്‍ നഷ്ടപ്പെട്ടില്ല.

പ്രഥമ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 25 ാം ചരമവാര്‍ഷികം സിപിഎം ആചരിച്ചു. തിരുവനന്തപുരം ഏകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പതാകയുയര്‍ത്തി. എകെ ബാലന്‍, എം സ്വരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് സ്‌ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രമര്‍പ്പിച്ചു.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്കുനേരെ മുട്ടയെറിഞ്ഞ ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്റ് ചെയ്തു.

അട്ടപ്പാടി വയലൂരില്‍ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനം വകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. വനം വകുപ്പ് പെട്രോളിംഗിനിടെ വെടിയൊച്ച കേട്ടപ്പോള്‍ വനത്തില്‍ തെരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയത്.

ഡല്‍ഹി പോലീസിന്റെ നോട്ടീസിന് പത്തു ദിവസത്തിനകം മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. വലിയൊരു ചോദ്യാവലിതന്നെ പോലീസ് രാഹുലിനു നല്‍കിയിട്ടുണ്ട്. സമാനമായ ഒരു യാത്ര ഭരണകക്ഷി നേതാക്കള്‍ നടത്തി ഇങ്ങനെ പറഞ്ഞെങ്കില്‍ പിന്നാലെ പോകുമായിരുന്നോയെന്നും രാഹുല്‍ പൊലീസിനോട് ചോദിച്ചു.

രാഹുല്‍ ഗാന്ധിയെതേടി ഡല്‍ഹി പൊലീസ് വീട്ടിലെത്തിയത് രാഷ്ട്രീയ വിരോധം തീര്‍ക്കാനെന്ന് കോണ്‍ഗ്രസ്. തന്നെ കണ്ട സ്ത്രീകളുടെ വിവരങ്ങള്‍ രാഹുല്‍ വ്യക്തമാക്കണമെന്ന വിചിത്രമായ ആവശ്യമാണ് പൊലീസിനുള്ളത്. ഭാരത് ജോഡോ യാത്രക്കിടെ ലക്ഷക്കണക്കിന് ആളുകളെ കണ്ടിട്ടുണ്ട്. അവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിശൂന്യതയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബുധനാഴ്ച പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ. കോലാറില്‍നിന്ന് മത്സരിക്കേണ്ടെന്ന് സിദ്ധരാമയ്യയോടു ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചെന്നാണു വിവരം. സുരക്ഷിത സീറ്റായ വരുണയില്‍നിന്നു സിദ്ധരാമയ്യ മത്സരിക്കാനാണ് സാധ്യത.

വ്യായാമത്തിന്റെ ഭാഗമായി റോഡരികിലൂടെ ജോഗിംഗ് നടത്തുകയായിരുന്ന ടെക് കമ്പനിയുടെ സിഇഒയായ യുവതി നിയന്ത്രണം വിട്ട് അമിത വേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. രാജലക്ഷ്മി വിജയ് ആണു മരിച്ചത്. മുംബൈ വര്‍ളി മില്‍ക് ഡയറിക്കു സമീപം നടന്ന അപകടത്തില്‍ കാറോടിച്ച സുമേര്‍ മെര്‍ച്ചന്റ് എന്ന 23 കാരനെ പ്രദേശത്തുണ്ടായിരുന്നവര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

മെട്രോ നിര്‍മ്മാണ പരിസരത്തു ബാഗില്‍ യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍. തെക്കു കിഴക്കന്‍ ഡല്‍ഹയിലെ സരായ് കാലേ ഖാനിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗ്ലാദേശില്‍ ദേശീയ പാതയിലെ കൈവരി ഇടിച്ചു തെറിപ്പിച്ച് റോഡരികിലെ കുഴിയിലക്കു ബസ് വീണ് 19 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. ഷിബ്ചാര്‍ ജില്ലയിലെ തെക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *