ഹൃദ്രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നത് ജീവിതരീതികളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ശരീരം തരുന്ന പല മുന്നറിയിപ്പുകളും വകവയ്ക്കാതെ മുന്നോട്ടുനീങ്ങുന്നവര്‍ ഈ അപകടം മുന്നില്‍കാണണം. 60 വയസ്സിന് മുകളിലുള്ളവരില്‍ ഹൃദയാഘാത സൂചന നല്കുന്ന പല മുന്നറിയിപ്പുകളുമുണ്ട്. അതുകൊണ്ട് ശരീരത്തെ അല്പം ശ്രദ്ധിക്കുന്നത് ജീവന് തിരിച്ചുപിടിക്കാന്‍ പോലും സഹായിക്കും. ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോഴാണ് മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന് എന്നറിയപ്പെടുന്ന ഹൃദയാഘാതം സംഭവിക്കുന്നത്. കൊറോണറി ആര്‍ട്ടറി ഡിസീസ് ആണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. ഹൃദയധമനികള്‍ക്ക് ആവശ്യമായ രക്തവും ഓക്സിജനും പോഷകങ്ങളും ഹൃദയത്തിലേക്ക് നല്കാന് കഴിയാതെ വരുന്ന അവസ്ഥാണിത്. നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കില്‍ നെഞ്ചുവേദനയാണ് പ്രധാന മുന്നറിയിപ്പുകളിലൊന്ന്. അറുപത് കഴിഞ്ഞവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുടുതലാണ്. താടിയെല്ലിനും പൊക്കിളിനുമിടയില്‍ അനുഭവപ്പെടുന്ന ഏതൊരു വേദനയും ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണമാണ്. സമയം കഴിയുന്തോറും അല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോള്‍ ഈ വേദന വര്‍ദ്ധിച്ചേക്കാം. ചിലരില്‍ വിയര്‍പ്പ്, ഓക്കാനം, തലകറക്കം പോലെയുള്ള മറ്റെന്തെങ്കിലും ലക്ഷണങ്ങളും ഉണ്ടാകും. സാധാരണ വളരെ നന്നായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കൊണ്ടുമാത്രം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തുന്നതും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ കൊണ്ടാണ്. ഓടുന്നതിനും പടികള്‍ കയറുന്നതിനുമെല്ലാം ബുദ്ധിമുട്ട് തോന്നാം. ഇതുമൂലം ബോധം നഷ്ടപ്പെടാന്‍ പോലും സാധ്യതയുണ്ട്. മറ്റൊരു ലക്ഷണവുമില്ലാതെ തലകറങ്ങി വീഴുന്നതും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ മൂലമാകാം.