night news hd 12

 

സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കല്‍ നിയമത്തില്‍ ഇളവ് വരുത്തും. 50 സെന്റ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നല്‍കാനാണ് വനം- റവന്യുമന്ത്രിമാരുടെ യോഗം തീരുമാനിച്ചത്. 26 സെന്റ് വരെയുള്ള ഭൂമിക്കു ഇളവു നല്‍കാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള 1971 ലെ നിയമത്തിലാണു ഭേദഗതി വരുത്തുന്നത്.

അമേരിക്കയില്‍ ഒരു ബാങ്കു കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്കാണ് അടച്ചുപൂട്ടിയത്. 11,000 കോടി രൂപയുടെ ആസ്തിയുള്ള ബാങ്കാണിത്. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ മറ്റൊരു ബാങ്ക് കൂടി തകര്‍ന്നത് ലോകമെങ്ങും ബാങ്കിംഗ് ഓഹരികളുടെ വിലയിടിയാന്‍ കാരണമായി. ഒരാഴ്ചക്കിടെ രണ്ട് അമേരിക്കന്‍ ബാങ്കുകള്‍ തകര്‍ന്ന് ആഗോള സാമ്പത്തിക രംഗത്തെ കൂടുതല്‍ മാന്ദ്യ ഭീതിയിലാക്കി.

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കും. നിയമവിധേയമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് ഇനി പരിഗണിക്കുക. ഹര്‍ജികള്‍ ഏപ്രില്‍ 18 ന് പരിഗണിക്കും. വാദം തത്സമയം ജനങ്ങളെ കാണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ പിടുത്തത്തില്‍ വിദഗ്‌ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അണയ്ക്കുന്നതിനായി പ്രവര്‍ത്തിച്ച അഗ്നിശമന സേനാംഗങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ബ്രഹ്‌മപുരം വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി മന്‍സുഖ് മാണ്ഡവ്യയെ കണ്ടു. എംപിമാര്‍ മന്ത്രിക്കു നിവേദനം നല്‍കി. ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, എം കെ രാഘവന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് നിവേദനം നല്‍കിയത്.

ബ്രഹ്‌മപുരം വിഷയം പരിഗണിച്ചപ്പോള്‍ നേരിട്ട് എത്താത്തതിന് എറണാകുളം ജില്ലാ കളക്ടര്‍ക്കു ഹൈക്കോടതിയുടെ വിമര്‍ശനം. ഓണ്‍ലൈനിലാണ് കളക്ടര്‍ ഹാജരായത്. കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി കളക്ടറെ ഓര്‍മിപ്പിച്ചു. അതേസമയം, ബ്രഹ്‌മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനശേഷി മോശമാണെന്നും കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

എംപിമാരായ കെ. മുരളീധരനും എം.കെ. രാഘവനും എതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി താക്കീതു കത്തു നല്‍കിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കോണ്‍ഗ്രസ് എംപിമാര്‍. ഏഴ് എംപിമാര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനു പരാതി നല്‍കി. രമേശ് ചെന്നിത്തലയും എം.എം. ഹസനും അക്കമുള്ള നേതാക്കള്‍ കെപിസിസി നടപടിക്കെതിരേ നിശിതമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

കഞ്ചിക്കോട് വാഹനം തട്ടിക്കൊണ്ടുപോയ കേസില്‍ ഏഴു പ്രതികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി ഷിഫാസ്, അജീഷ്, ഗോകുല്‍ രാജ്, സനല്‍, വിജിത്, വരന്തരപ്പിള്ളി സ്വദേശി കണ്ണന്‍ എന്നിവരാണ് പിടിയിലായത്. എറണാകളും, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളില്‍ ചിലര്‍ക്ക് ആലപ്പുഴ കള്ളനോട്ട് കേസുമായുള്ള ബന്ധം പൊലീസ് പരിശോധിക്കുന്നുണ്ട്.

വനിതാ കൃഷി ഓഫീസര്‍ എം. ജിഷമോള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ നാലു പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്നു സൂചന.

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ മേയറുടെ ഓഫീസിനു മുന്നില്‍ ബിജെപി, കോണ്‍ഗ്രസ് പ്രതിഷേധം. മേയറെ ഉപരോധിച്ചു. ഒടുവില്‍ പ്രതിഷേധം സംഘര്‍ഷത്തിലും കൈയാങ്കളിയിലും കലാശിച്ചു. കനത്ത പൊലീസ് കാവലിലാണ് മേയര്‍ യോഗത്തിനെത്തിയത്.

ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില അതീവ ഗുരുതരമാണ്. കുന്നംകുളം പെരുമ്പിലാവിലുണ്ടായ അപകടത്തില്‍ കോതമംഗലം സ്വദേശികളാണ് മരിച്ചത്.

സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്‍ പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ. സുപ്രീംകോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബില്ലിനെതിരെ തിരുവനന്തപുരം സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം നടത്തി

കിടപ്പു രോഗികള്‍ക്കു സൗജന്യമായി ജീവിതാന്ത്യ പരിചരണം നല്‍കുന്നതിന് ആല്‍ഫ പാലിയേറ്റീവ് കെയര്‍ തൃശൂര്‍ ജില്ലയിലെ എടമുട്ടത്തു നിര്‍മിക്കുന്ന ആല്‍ഫ ഹോസ്പീസിന്റെ ശിലാസ്ഥാനം ബുധനാഴ്ച മൂന്നിനു നടക്കും. അഞ്ച് ഏക്കര്‍ സ്ഥലത്ത് 140 രോഗികള്‍ക്കു കിടത്തി ചികില്‍സ സൗജന്യമായി നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ പാലിയേറ്റീവ് കെയര്‍ ഹോസ്പീസാണ് സജ്ജമാക്കുന്നത്. ഉദാരമതികളില്‍നിന്നു ലഭിക്കുന്ന സംഭാവനകള്‍ ഉപയോഗിച്ചാണ് 114 കോടി രൂപ ചെലവു വരുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തളിപ്പറമ്പില്‍ കോടതി ജീവനക്കാരി കൂവോട് സ്വദേശി സാഹിതക്കു നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ സാഹിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ച യുവതിയുടെ രണ്ടാം ഭര്‍ത്താവ് അഷ്‌ക്കര്‍ മാട്ടൂലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവി (32)യാണ് പിടിയിലായത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശികളായ റനീസ്, റസനാസ് എന്നിവരില്‍ നിന്നാണു വിദേശ കറന്‍സി പിടികൂടിയത്.

സിപിഐ സംഘടനാ നേതാവിന്റെ റേഷന്‍ കടയില്‍ 21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പ്. കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കേരളാ റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ലൈസന്‍സിയായുള്ള കുന്നത്തൂര്‍ താലൂക്കിലെ കടയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അട്ടപ്പാടിയിലെ ആദിവസി ദമ്പതികളുടെ നവജാതശിശു മരിച്ചു. ഷോളയൂര്‍ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. അമ്മ സുധ അരിവാള്‍ രോഗിയാണ്.

മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കണ്ണു പരിശോധകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടില്‍ അബ്ദുല്‍ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണ് പരിശോധനക്കെത്തിയ 14 വയസുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.

മകളെ ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയ പ്രതികാരവുമായി വീട്ടില്‍ കയറി ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കോട്ടുകാല്‍ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസില്‍ അരുണിനെയാണ് (24) വിഴിഞ്ഞം പൊലീസ് പിടികൂടിയത്.

പ്ലംബിംഗ് ജോലിക്കെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. കോഴിക്കോട് വടകരയില്‍ വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റു ചെയ്തത്.

മൂന്നു വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 58 കാരന് 35 വര്‍ഷം തടവും 80,000 രൂപ പിഴയും. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചു നീക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മൂന്നു മാസത്തിനകം മസ്ജിദ് നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാം. കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2017 ല്‍ ഉത്തരവിട്ടിരുന്നു.

ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി അരുണ്‍ പിള്ളയെ മൂന്നു ദിവസത്തേക്കുകൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. തന്റെ മൊഴിയില്‍ ഇഡി കൃത്രിമത്വം കാട്ടിയെന്ന അരുണിന്റെ ആരോപണം ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഇഡി നിഷേധിച്ചു. ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നൂറു കോടി രൂപ നല്‍കിയെന്നാണ് ഇഡി ഹാജരാക്കിയ മൊഴി. പണത്തിന്റെ ഉറവിടംതേടി ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അരുണ്‍ കവിതയുടെ ബിനാമിയാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

ഡല്‍ഹിയില്‍നിന്ന് ദോഹയിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാന യാത്രക്കാരനു ദേഹാസ്വാസ്ഥ്യംമൂലം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി. യാത്രക്കാരന് ജീവന്‍രക്ഷാ പരിചരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

പഞ്ചാബില്‍ വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് ബെയ്ന്‍സ് ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ജ്യോതി യാദവിനെ വിവാഹം കഴിയ്ക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞു. മാന്‍സയിലെ പൊലീസ് സൂപ്രണ്ട് ആണ് ഡോ. ജ്യോതി യാദവ്.

എന്തിനാണ് വാങ്കുവിളിക്കാന്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് എന്തിനെന്നും അല്ലാഹുവിന് ചെവി കേള്‍ക്കാന്‍ പാടില്ലേയെന്നും വിവാദ പ്രസംഗവുമായി കര്‍ണാടകയിലെ ബിജെപി നേതാവ് കെ.എസ്. ഈശ്വരപ്പ. ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ വാങ്കു വിളിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.

അഞ്ചു വര്‍ഷത്തോളമുള്ള പ്രണയബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. അഞ്ചുവര്‍ഷം ഒരുമിച്ച് ജീവിക്കുകയും പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്നും യുവാവ് പിന്‍മാറുകയും ചെയ്‌തെന്ന് ആരോപിച്ചുള്ള കേസിലാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു.

ചൈനയില്‍ ‘പുഴു മഴ?’ ചൈനീസ് പ്രവിശ്യയായ ലിയോണിംഗിലാണ് പുഴുക്കള്‍ മഴ പോലെ പെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വഴിയോരത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളില്‍ പുഴുക്കള്‍ കിടക്കുന്നതിന്റെയും വീടിന്റെ മേല്‍ക്കൂരകള്‍ പുഴുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതുമായ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *