റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പോരും ആരോപണങ്ങളും. എഐസിസി അംഗങ്ങളെ നിശ്ചയിച്ചത് ആരോടും കൂടിയാലോചിക്കാതെയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എതിരേയാണ് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ള നേതാക്കള്‍ പരസ്യമായി പ്രതികരിച്ചത്.
പാര്‍ട്ടിയെക്കാള്‍ വലിയ ഗ്രൂപ്പ് അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്. പാര്‍ട്ടിയാണ് വലുത്. ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല. തീരുമാനങ്ങള്‍ എല്ലാവരോടും ആലോചിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസിയില്‍ താന്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കൂടിയാലോചനകള്‍ നടത്തിയെന്ന വി.ഡി സതീശന്റെ ന്യായീകരണം ശരിയല്ലെന്നും കൊടിക്കുന്നില്‍.
കെഎസ്ആര്‍ടിസിയില്‍ വോളണ്ടറി റിട്ടയര്‍മെന്റിന് 7,200 പേരുടെ പട്ടിക തയാറാക്കിയിട്ടില്ലെന്ന് മാനേജുമെന്റ്. നിര്‍ബന്ധിത വിആര്‍എസ് ഇല്ല. പട്ടിക തയ്യാറാക്കിയിട്ടില്ല. ജോലിക്ക് ഹാജരാകാത്ത 1,243 ജീവനക്കാരുണ്ട്. ഇവര്‍ പിരിഞ്ഞുപോകാന്‍ രണ്ടു വര്‍ഷം മുന്‍പ് 200 കോടി ചോദിച്ചിരുന്നു. മാനേജുമെന്റ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു സഹായം കിട്ടാന്‍ അര്‍ഹനായ ആള്‍ക്കാണു ശുപാര്‍ശ ചെയ്ത് ഒപ്പിട്ടു നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. രണ്ടു വൃക്കകളും തകരാറിലായയാളെ വ്യക്തിപരമായി അറിയാം. വരുമാനം രണ്ടു ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എംഎല്‍എ എന്ന നിലയിലാണ് സഹായംതേടി തന്നെ സമീപിച്ചതെന്നും സതീശന് പറഞ്ഞു.
ടൈറ്റാനിയം ജോലി തട്ടിപ്പുകേസിലെ പ്രതി ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന് തമ്പിയെ അറസ്റ്റു ചെയ്തു. രാവിലെ കണ്ടോണ്മെന്റ് പൊലീസ് സ്റ്റേഷനില്ി കീഴടങ്ങിയ പ്രതിക്കെതിരേ 15 കേസുകളാണുള്ളത്.
സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ സ്കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര മുതുകാട് പ്ലാന്റേഷന് ഹൈസ്കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു പരാതി നല്കി.
യുഡിഎഫിനു ഭൂരിപക്ഷമുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ പ്രസിഡന്റായി. സിപിഎം അഗം മാധവനാണു പ്രസിഡന്റായത്. മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിനു വേണ്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചു നടത്തിയ തെരഞ്ഞെടുപ്പില്‍ ഒരു ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് നറുക്കെടുപ്പു വേണ്ടിവന്നത്. 19 അംഗങ്ങളില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പതും അംഗങ്ങളാണുള്ളത്.
ഇരുപത്തയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലപ്പുറം എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രനാണ് അറസ്റ്റിലായത്. സ്വന്തം പുരയിടത്തില്‍നിന്ന് ചെങ്കല്‍ വെട്ടിയെടുക്കാന്‍ രണ്ടത്താണി സ്വദേശി മുസ്തഫയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.
കോട്ടയത്തുനിന്നു കാണാതായ പൊലീസ് ഉദ്യോഗസ്ഥന് ബഷീര്‍ തമിഴ്നാട്ടിലെ ഏര്‍വാടിയിലുണ്ടെന്ന് കുടുംബത്തെ അറിയിച്ചു. രണ്ടു ദിവസത്തിനുശേഷം തിരിച്ചു വരുമെന്ന് മുഹമ്മദ് ബഷീര്‍ ബന്ധുക്കളോടു പറഞ്ഞെന്നു പോലീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ എഡിറ്റു ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു ജാമ്യം. സിബിന് ജോണ്‍സണാണ് വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചത്.
യുവതിയെ തട്ടിക്കൊണ്ടുപോയശേഷം പിടിക്കപ്പെട്ടപ്പോള്‍ വിവാഹം ചെയ്യാമെന്ന് പൊലീസ് സ്റ്റേഷനില്‍ ഉറപ്പു നല്കിയ യുവാവ് വിവാഹ ദിവസം മുങ്ങി. വിവാഹം മുടങ്ങിയ 23 കാരി ജീവനൊടുക്കി. കൊല്ലം കടയ്ക്കല്‍ ഇട്ടിവ വട്ടപ്പാട് മധു ഭവനില്‍ ധന്യ (23) ആണ് മരിച്ചത്. കൊല്ലം അഞ്ചല്‍ അതിശയമംഗലം സ്വദേശി അഖിലുമായി ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നെന്നു പോലീസ്.
പുന്നപ്രയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീക്കുട്ടന് എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് കൊല്ലപ്പെട്ടത്.
നീയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന് മരിച്ചു. വീയപുരം രണ്ടാം വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ പുത്തന്‍പുരയില്‍ ഇലഞ്ഞിക്കല്‍ ട്രാവല്‍സ് ഉടമ ഇട്ടി ചെറിയാ ഫിലിപ്പ് (ഫിലിപ്പോച്ചന്-68) ആണ് മരിച്ചത്.
തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നര വയസുകാരന് മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന് മുഹമ്മദ് ജലാലാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന സഹോദരിക്കു കൂട്ടിരിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഇടവ സ്വദേശി ഷെമീറിനെയാണ് അറസ്റ്റ് ചെയ്തത്.
ജനവിരുദ്ധ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ തെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. കേന്ദ്രം ഭരിക്കുന്നവരുടെ ഡിഎന്‍എ പാവപ്പെട്ടവര്‍ക്കെതിരാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യും. പാര്‍ലമെന്റന്റെ രേഖകളില്‍നിന്നു നീക്കംചെയ്ത കവിത ആലപിച്ച ഖര്‍ഗെ കോണ്‍ഗ്രസ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും പറഞ്ഞു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാല്‍ ബിജെപിക്കു നൂറു സീറ്റുപോലും കിട്ടില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ജാതിയുടേയും മതത്തിന്റേയും പേരില്‍ രാജ്യത്തെ വിഭജിക്കാനാണു ബിജെപി ശ്രമിക്കുന്നത്. പാട്നയ്ക്കടുത്ത പുര്‍ണിയയില്‍ നടത്തിയ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാറില്‍ വീണ്ടും ജംഗിള്‍ രാജ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നു കേന്ദ്രമന്ത്രി അമിത്ഷാ. നിതീഷ് കുമാറിനു മുന്നില്‍ എന്‍ഡിഎയുടെ വാതില്‍ എന്നന്നേക്കുമായി അടഞ്ഞെന്നും വെസ്റ്റ് ചെംപാരനില്‍ നടത്തിയ റാലിയില്‍ അമിത് ഷാ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ റാലിയില്‍ പങ്കെടുത്ത് മടങ്ങിയ പ്രവര്‍ത്തകരുടെ ബസ് അപകടത്തില്‍ പെട്ട് 14 പേര് മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ മര്‍ക്കദ വില്ലേജിനടുത്ത് സിദ്ധിയില്‍ സിമന്റ് കയറ്റി വന്ന ലോറി വഴിയരികില്‍ നിര്‍ത്തിയിട്ട മൂന്നു ബസുകളില്‍ ഇടിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ റായ്പൂരില്‍ വരവേറ്റത് റോസ് കാര്‍പെറ്റ്. സിറ്റി എയര്‍പോര്‍ട്ടിനു മുന്നിലുള്ള റോഡിന്റെ ഒരു വശത്താണ് പ്രിയങ്ക ഗാന്ധിക്കായി റോഡില്‍ റോസാപ്പൂക്കള്‍ വിതാനിച്ചത്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി എത്തിയത്. ആറായിരം കിലോഗ്രാം റോസാപ്പൂക്കളാണ് ഉപയോഗിച്ച് രണ്ടുകിലോമീറ്റര്‍ ദൂരത്തോളമാണ് റോസ് കാര്‍പെറ്റ് തയ്യാറാക്കിയത്.
മാര്‍ക്കു ലിസ്റ്റ് വൈകിയതിനു പൂര്‍വ വിദ്യാര്‍ത്ഥി പെട്രോളൊഴിച്ചു കത്തിച്ച വനിതാ പ്രിന്‍സിപ്പല്‍ മരിച്ചു. ഇന്ഡോഫിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക് ശര്‍മയാണ് (54) മരിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥി അശുതോശ് ശ്രീവാസ്തവയെ അറസ്റ്റു ചെയ്തിട്ടുണ്ട്.