yt cover 17

ഇന്ന് ബലിപെരുനാള്‍. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ബലി പെരുനാള്‍ ആശംസകള്‍.

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു. പ്രസിഡന്റ് ഗോത്തബായ രാജപക്സെയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ കയ്യടക്കിയ ജനം പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കു തീയിട്ടു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനാണ് രാജിവച്ചതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തു. പ്രസിഡന്റ് ഗോത്തബായ രാജിവയ്ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ പ്രസിഡന്റ് രാജ്യംവിട്ടെന്നാണ് വിവരം. പട്ടിണിയും വിലക്കയറ്റവുംമൂലം പൊറുതിമുട്ടിയ ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിനു സാധ്യത. അരാജകത്വം മുതലെടുക്കാന്‍ ചൈന ശ്രമിക്കുമോയെന്നു ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് ഇന്ത്യ.

ഇന്ത്യയടക്കമുള്ള അഞ്ചു രാജ്യങ്ങളിലെ അംബാസഡര്‍മാരെ യുക്രെയിന്‍ പുറത്താക്കി. പ്രസിഡന്റ് വ്ളാഡ്മിര്‍ സെലെന്‍സ്‌കിയുടെ വെബ്‌സൈറ്റിലാണ് ഈ അറിയിപ്പ്. കാരണം എന്തെന്നു വ്യക്തമാക്കിയിട്ടില്ല. ജര്‍മ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈന്‍ അംബാസഡര്‍മാരെയാണു പുറത്താക്കിയത്. റഷ്യന്‍ അധിനിവേശത്തിനെതിരേ നിലപാടെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരേ യുക്രെയിന്‍ നീരസം പ്രകടിപ്പിച്ചിരുന്നു.

അദാനിയും ടെലികോം മേഖലയിലേക്ക്. ഫൈവ് ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ അദാനിയുടെ കമ്പനിയടക്കം നാലു കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയാണ് അപേക്ഷ നല്‍കിയത്. അദാനിയുടെ കമ്പനിയുടെ പേര് വെളിപെടുത്തിയിട്ടില്ല.

വയനാട് കല്‍പ്പറ്റ ബൈപ്പാസ് നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അസിസ്റ്റന്‍ഡ് എഞ്ചിനിയറെയും അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനിയറെയുമാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. നിര്‍മ്മാണത്തിലെ പിഴവുകള്‍ക്കു കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നാണു വയനാട് ജില്ലാ കളക്ടറുടെ നോട്ടീസ്.

ജയില്‍ ചാടിയ കൊലക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ നാലാം പ്രതിയായ ബിനു മോനാണ് ജയില്‍ ചാടിയതിനു പിറകേ പിടിയിലായത്. ഇന്നലെ രാവിലെ കോട്ടയം ജില്ലാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി വൈകീട്ട് സ്വന്തം വീട്ടിലെത്തി. ഇതറിഞ്ഞ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

ത്യാഗത്തിന്റേയും സഹനത്തിന്റേയും സ്മരണയില്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്നു ബലിപെരുന്നാള്‍. പെരുന്നാള്‍ നമസ്‌കാരം നടത്തിയും കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് മൃഗബലി നടത്തിയുമാണ് പെരുന്നാള്‍ ആഘോഷം. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് ബലിപെരുന്നാള്‍.

ഇന്നും വ്യാപക മഴ തുടരും. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആലോചിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. നാലു വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് സതീശന്റെ പ്രസ്താവന. മുരളീധരന്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിമൂലം അരാജകത്വം നടമാടുന്ന ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിനു സാധ്യതയെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആലപ്പുഴയില്‍ സിപിഎം- സിപിഐ പോര്. തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയ പഞ്ചായത്ത് പ്രസിഡന്റുമായി മണലെടുപ്പു തടയാന്‍ പോയ സിപിഎം എംഎല്‍എ എച്ച് സലാം അല്‍പമെങ്കിലും പക്വത കാണിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. കരിമണല്‍ ഖനനത്തിനെതിരേ ‘കൈവെട്ടും, കാല്‍വെട്ടും, തലവെട്ടി ചെങ്കൊടി നാട്ടും’ മുദ്രാവാക്യവുമായി സലാമിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തിയതും വിവാദമായിരുന്നു. എംഎല്‍എയുടെ നടപടി ചിരിദിനത്തോട് ഉപമിച്ച് ആഞ്ചലോസ് ഫേസ്ബുക്ക് പോസ്റ്റിട്ടു. ‘ക്ഷമിക്കണേ, സിംഹമേ’ എന്നാണു സലാം തിരിച്ചടിച്ചത്.

നഴ്സിന്റെ കൈയ്യില്‍നിന്ന് നാലു ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു. നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയിലാണ് സംഭവം. സുരേഷ് കുമാര്‍ – ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്ത് വീണത്. തലയ്ക്കു പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 856 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറില്‍ നിന്നാണ് 44 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.

സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുന്ന കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ സുരേന്ദ്രന്‍ പിടിയിലായി. ആലത്തൂരില്‍ വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച് രണ്ടര പവന്റെ സ്വര്‍ണമാലയുമായി ഓടി രക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

ആലുവയില്‍ ഇരുചക്രവാഹനത്തില്‍ ഒളിപ്പിച്ചിരുന്ന 380 ഗ്രാം എംഡിഎംഎയുമായി അഞ്ചു പേര്‍ പിടിയിലായി. ആലുവ പൈപ്പ് ലൈന്‍ റോഡില്‍ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗ്ലൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. കണ്ണൂര്‍ സ്വദേശി മുനീസ്, ആലുവ കുഴിവേലി പടി സ്വദേശി മുഹമ്മദ് അന്‍സാര്‍, മലയിടംതുരുത്ത് സ്വദേശി അഫ്സല്‍, പുന്നപ്ര സ്വദേശി ചാള്‍സ് ഡേവിസ് എന്നിവരാണ് അറസ്റ്റിലായത്.

ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് തിരുച്ചിറപ്പള്ളി ലാല്‍ഗുഡി സ്വദേശി നാഗരാജ് എന്ന അരുണ്‍കുമാര്‍ എന്ന അരുണ്‍രാജാണ് പിടിയിലായത്. നാഗരാജിന്റെ സഹോദരന്‍ തിരുച്ചിറപ്പള്ളി സ്വദേശി ധര്‍മരാജിനെ നേരത്തെ പിടികൂടിയിരുന്നു.

ഉദുമ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ വീട്ടുമുറ്റത്തെ ചന്ദനമരം മുറിച്ച് കടത്തിയവര്‍ പിടിയില്‍. നാലംഗ സംഘത്തിലെ രണ്ടു പേരെയാണ് അറസ്റ്റു ചെയ്തത്. ഉരുപ്പടികളാക്കിയ ചന്ദനമുട്ടികള്‍ അമ്പലത്തറയില്‍ നിന്ന് കണ്ടെടുത്തു. മുപ്പതു വര്‍ഷം പ്രായമുള്ള ചന്ദന മരം കടത്തിയ ചട്ടഞ്ചാല്‍ സ്വദേശി കുറ്റി റഷീദ്, കൊളവയിലെ അബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്.

രണ്ടര കിലോഗ്രാം കഞ്ചാവുമായി ബഹ്റിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി ഇന്ത്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ. 65 വയസുകാരനാണു ശിക്ഷിക്കപ്പെട്ടത്.

ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ മറ്റൊരു കേസില്‍ കൂടി വാറന്റ്. ഉത്തര്‍പ്രദേശ് പൊലീസിന്റേതാണ് നടപടി. ലഖീംപൂര്‍ ഖേരിയില്‍ ഒരു വര്‍ഷം മുമ്പ് ലഭിച്ച പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വാറന്റ്. ഇതിനിടെ ഓള്‍ട്ട് ന്യൂസിനായി വിദേശത്തുനിന്ന് സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് പേയ്മെന്റ് ഗേറ്റ് വേ ആയ റേസര്‍പേ വ്യക്തമാക്കി.

ആയിരത്തഞ്ഞൂറു രൂപയ്ക്ക് വിമാനയാത്ര. ഗോ ഫസ്റ്റ് എയര്‍ലൈനാണ് 1,499 രൂപ മുതലുള്ള നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 2023 മാര്‍ച്ച് 31 വരെ ഓഫര്‍ ലഭ്യമാകും. ആഭ്യന്തര യാത്രകള്‍ക്കു മാത്രമാണ് ഓഫര്‍.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറും സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും കൂടിക്കാഴ്ച നടത്തി. ഇന്തൊനേഷ്യയിലെ ബാലി ദ്വീപില്‍ നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

പ്രണയത്തെ എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ വാടകക്കൊലയാളികള്‍ക്കു രത്‌നമോതിരം സമ്മാനിച്ച യുവതിയും കാമുകനും അടക്കം 11 പേര്‍ പിടിയിലായി. ഝാര്‍ഖണ്ഡിലെ ആദിത്യപൂരിലെ പ്രമുഖ ബിസിനസുകാരനും മുന്‍ എം.എല്‍.എ അരവിന്ദ് സിംഗിന്റെ സഹോദരി ഭര്‍ത്താവുമായ കനയ്യ സിംഗാണ് വെടിയേറ്റു മരിച്ചത്. മകള്‍ അപര്‍ണ, കാമുകനായ രാജ്‌വീര്‍ സിംഗ്, വാടകക്കൊലയാളി സംഘത്തലവന്‍ നിഖില്‍ ഗുപ്ത, ആയുധം ഏര്‍പ്പാടാക്കി കൊടുത്ത കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചോത്‌റായി കിസ്‌കുവിന്റെ മകന്‍ സൗരഭ് എന്നിവരടക്കമുള്ളവരാണു പിടിയിലായത്.

ഭക്ഷണവും മരുന്നും ഇന്ധനവും ഇല്ലാതെ വീര്‍പ്പുമുട്ടിയ ശ്രീലങ്കയിലെ ജനമാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തത്. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ വന്‍സുരക്ഷാ സേനാവ്യൂഹത്തെ ഭേദിച്ചാണ് കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയത്. നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിക്കുകയും അടുക്കള മുതല്‍ ബെഡ് റൂമുകള്‍ വരെയുള്ള മുറികളില്‍ കയറിയിറങ്ങി വിലസുകയും ചെയ്തു. ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. പ്രസിഡന്റ് ഗോതബയ രജപക്സെ രാജ്യം വിട്ടോടിയെന്നാണു കരുതുന്നത്. നാലേക്കര്‍ സ്ഥലത്തെ കൊട്ടാരത്തിനു മുകളില്‍ പതാക ഉയര്‍ത്തി.

ലങ്കയില്‍ സൈനികരുമായി ഏറ്റുമുട്ടി അമ്പതോളം പേര്‍ക്കു പരിക്ക്. സുരക്ഷാ സേന ആകാശത്തേക്കു വെടിവച്ചു. സേന കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. കാന്‍ഡി റെയില്‍വേ സ്റ്റേഷന്‍ സമരക്കാര്‍ പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു.

ശ്രീലങ്കന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയും . തെരുവിലിറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്.

ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്ക്ക് ശ്രീലങ്കയില്‍ സ്ഥിരത തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യവൃത്തങ്ങള്‍ പറഞ്ഞു. ചൈന സാഹചര്യം മുതലെടുക്കുമോയെന്ന് ഇന്ത്യ ഉറ്റുനോക്കുകയാണ്.

കുവൈറ്റില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ആകെ 620 പേര്‍ ആത്മഹത്യ ചെയ്തു. ഇവരില്‍ 342 പേരും ഇന്ത്യക്കാരാണ്.

സിംഗപ്പൂരില്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട 45 കാരന്‍ അറസ്റ്റില്‍. മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ വെബ് പോര്‍ട്ടലായ ചാനല്‍ ന്യൂസ് ഏഷ്യയുടെ ഫേസ്ബുക്ക് പേജിലെ കമന്റ് വിഭാഗത്തിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്.

വേള്‍ഡ് റെസ്ലിംഗ് ഫെഡറേഷന്റെ ഉടമകളായ കമ്പനിയുടെ മേധാവി വിന്‍സ് മക്മഹന്‍ ലൈംഗിക വിവാദത്തില്‍. നാലു റസ്ലിംഗ് താരങ്ങളാണ് പരാതികളുമായി രംഗത്തു വന്നത്. കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഇദ്ദേഹം നാലു റെസ്ലിംഗ് വനിതാ താരങ്ങള്‍ക്കുമായി 12 മില്യന്‍ ഡോളര്‍ (95 കോടി രൂപ) നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. 49 റണ്‍സ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ഔട്ടായി.

വിംബിള്‍ഡണില്‍ ചരിത്രമെഴുതി കസാഖ്സ്താന്റെ എലെന റൈബാക്കിന. ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്ത റൈബാക്കിന, ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്താന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

ഇന്ത്യയിലെ എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി തങ്ങളുടെ ഫോണുകള്‍ക്കും മറ്റും വന്‍ കിഴിവ് വാഗ്ദാനം ചെയ്ത് ഷവോമി ഇന്ത്യ. സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ടിവികള്‍, ഓഡിയോ, ഓഡിയോ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവുണ്ട്. ഷവോമി 12 പ്രോ 12ജിബി+256ജിബി പതിപ്പ് ഇപ്പോള്‍ 18,000 രൂപ കിഴിവിലാണ് ലഭിക്കുന്നത്. നിലവില്‍ വിപണിയില്‍ ഈ ഫോണിന്റെ വില 66,999 രൂപയാണ്. ലാപ്‌ടോപ്പുകളിലും വിലക്കുറവ് ഉണ്ട്. റെഡ്മിയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വിക്കുറവുണ്ട്. കമ്പനിയുടെ ഫ്ലഗ്ഷിപ്പ് ഫോണാണ് ഷവോമി 12 പ്രോ. ജൂലൈ 13വരെയാണ് ഈ ആദായ വില്‍പ്പന നല്‍കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനി ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് (ടിസിഎസ്), ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 9478 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലത്തെക്കാള്‍ 5.2% വര്‍ധനയാണിത്. പ്രവര്‍ത്തന വരുമാനം 16.2% ഉയര്‍ന്ന് 52,758 കോടി രൂപയായി. ഓഹരിയൊന്നിന് 8 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് ദ ഗോസ്റ്റ്, പ്രവീണ്‍ സട്ടരു ആണ് ചിത്രം സംവിധആനം ചെയ്യുന്നത്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഇപ്പോഴിതാ ദ ഗോസ്റ്റെന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ദ ഗോസ്റ്റ് എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അനിഖ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നടന്‍ ഭീമന്‍ രഘുവിന്റെ സംവിധാന അരങ്ങേറ്റമാണ് ചാണ. ഭീമന്‍ രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക.

ഇറ്റാലിയന്‍ ആഡംബര മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡ്യുക്കാട്ടി തങ്ങളുടെ സ്ട്രീറ്റ്ഫൈറ്റര്‍ വി4 എസ്പി ഇന്ത്യയില്‍ അവതരിപ്പിച്ചു. 1,103 സിസി നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന് 34.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. ഇന്ത്യയിലെ സ്ട്രീറ്റ്-ഫൈറ്റര്‍ വംശത്തിന്റെ സ്റ്റാന്‍ഡേര്‍ഡ്, എസ് വകഭേദങ്ങള്‍ക്കൊപ്പം ഡ്യുക്കാട്ടി വി4 എസ്പി ചേരുന്നു, സ്റ്റാന്‍ഡേര്‍ഡ് എഡിഷനേക്കാള്‍ കുറഞ്ഞത് 14 ലക്ഷം രൂപ പ്രാരംഭ വില. ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളിലുടനീളം ബൈക്കിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു.

ഗുണദൃഷ്ടിയോടെ രാമായണം വായിക്കുകയും, രാമായണ മഹാകാശത്തില്‍ പറക്കുകയും ചെയ്ത ഒരുവന്റെ കാഴ്ചകളും ഉള്‍ക്കാഴ്ചകളും. ഏതു കാഴ്ചയ്ക്കും വകനല്കിക്കൊണ്ട് ആ മഹാകാശം അപാരമായി പിന്നെയും വ്യാപിക്കുന്നുവെന്നും ഏതു കണ്ണിനും വിസ്തൃതിയും ഗഹനതയും ഏറിവരുന്ന മട്ടിലാണ് രാമായണവിതാനത്തെ ആദികവി സൃഷ്ടിച്ചുവെച്ചത് എന്നുമുള്ള ഗ്രന്ഥകാരന്റെ നിരീക്ഷണം രാമായണത്തിന്റെ ഉള്ളിലേക്കുള്ളിലേക്ക് ത്രികാലസഞ്ചാരം നടത്താന്‍ പ്രേരണ നല്കും. രാമായണമെന്ന കാവ്യതീര്‍ഥത്തെക്കുറിച്ച് എഴുതിയ പഠനലേഖനങ്ങള്‍. ‘സമയാകാശങ്ങളില്‍ രാമായണതീര്‍ഥം’. വി മധുസൂദനന്‍ നായര്‍. മാതൃഭൂമി ബുക്സ്. വില 171 രൂപ.

കാലാവസ്ഥ മാറുന്നത് ചര്‍മ്മത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. വേണ്ട കരുതല്‍ നല്‍കാതിരിക്കുന്നത് ചര്‍മ്മത്തെ കൂടുതല്‍ മോശമാക്കും. മഴക്കാലത്ത് അമിത മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. മുഖക്കുരു കൂടാന്‍ ഇത് കാരണമാകും. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മേക്കപ്പ് ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരിക്കുകയും അലര്‍ജിയും മുഖക്കുരുവും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പൗഡര്‍ ബേസ്ഡ് മേക്കപ്പ് ഇടുകയും പറ്റുന്നത്ര നേരത്തെ അത് കഴുകികളയുകയും ചെയ്യുന്നതാണ് ഉത്തമം. വേനല്‍ക്കാലമാണെങ്കില്‍ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് സണ്‍സ്‌ക്രീന്‍ എന്നത് തെറ്റിദ്ധാരണയാണ്. കാലാവസ്ഥ നോക്കാതെ വര്‍ഷം മുഴുവന്‍ ഉപയോഗിക്കേണ്ട ഒന്നുതന്നെയാണ് ഇതെന്നതാണ് വാസ്തവം. വേനല്‍ക്കാലം പോലെ സുര്യരശ്മികള്‍ അത്ര രൂക്ഷമായിരിക്കില്ലെങ്കിലും യുവി റെയ്‌സ് നിങ്ങളുടെ ചര്‍മ്മത്തെ മഴക്കാലത്തും ബാധിക്കും. അതുകൊണ്ട് വീട്ടിലിരുന്നാലും പുറത്തിറങ്ങിയാലുമെല്ലാം സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമാണ്. സണ്‍സ്‌ക്രീന്‍ പോലെതന്നെ പ്രധാനമാണ് മോയിസ്ചറൈസറും. അന്തരീക്ഷത്തില്‍ തണുപ്പ് ഉള്ളപ്പോള്‍ ശരീരം വരണ്ടതായി തോന്നില്ല പക്ഷെ അതിനര്‍ത്ഥം ക്രീം വേണ്ട എന്നല്ല. മോയിസ്ചറൈസര്‍ ചര്‍മ്മത്തെ മൃദുലമാക്കും. മഴക്കാലത്തെ മറ്റൊരു തെറ്റ് കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയെന്നതാണ്. ബോധപൂര്‍വ്വമല്ലെങ്കിലും ദാഹം തോന്നാത്തകൊണ്ട് പലരും അറിയാതെതന്നെ ദിവസേനയുള്ള കുടിവെള്ളത്തിന്റെ അളവ് കുറയ്ക്കും. വെള്ളം കുടിക്കാതിരുന്നാല്‍ ചര്‍മ്മത്തിലെ ജലാംശം കുറയും. അതുകൊണ്ട് പതിവുപോലെ 8-10 ഗ്ലാസ് വെള്ളം മഴക്കാലത്തും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ശുഭദിനം
കവിത കണ്ണന്‍
ഇതൊരു വായ്‌മൊഴിക്കഥയാണ്. ആ നഗരത്തില്‍ സത്യത്തിന് വലിയ ജനപ്രീതിയായിരുന്നു. നഗ്നമായാണ് നടപ്പെങ്കിലും സത്യത്തെ എല്ലാവരും സ്വീകരിച്ചിരുന്നു. ക്രമേണ സത്യത്തെ ആളുകള്‍ വെറുക്കാന്‍ തുടങ്ങി. ആ സ്ഥാനം നുണയ്ക്ക് നല്‍കി. നുണയുടെ സ്വീകാര്യത കൂടികൂടി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സത്യം മായയെ കണ്ടുമുട്ടി. ക്ഷീണിതനായിരിക്കുന്ന സത്യത്തോട് കാര്യമന്വേഷിച്ചു. സത്യം പറഞ്ഞു: എന്നെ ഇപ്പോള്‍ ആര്‍ക്കും വിശ്വാസമില്ലാതായിരിക്കുന്നു, വേണ്ടാതായിരിക്കുന്നു. മായ പറഞ്ഞു: ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ നിനക്ക് നിന്റെ സ്വീകാര്യത തിരികെ കിട്ടും. നീ ആഢംബര വസ്ത്രം ധരിക്കണം. മുഖംമൂടി അണിയണം, സുഗന്ധം പൂശണം. മായ പറഞ്ഞതുപോലെ സത്യം ചെയ്തു. വീണ്ടും ആള്‍ക്കൂട്ടം സത്യത്തിന്റെ പിന്നാലെ കൂടി. പക്ഷേ അന്നുമുതല്‍ ആരും നഗ്നസത്യത്തെ കണ്ടതേയില്ല… അവനവനിഷ്ടപ്പെടുന്ന സത്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് എല്ലാവര്‍ക്കും ഇഷ്ടം. സ്വയം സംതൃപ്തി ലഭിക്കുന്ന ശരികള്‍ക്കും മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ രൂപപ്പെടുത്തുന്ന ശരികള്‍ക്കുമാണ് പലപ്പോഴും മുന്‍ഗണന ലഭിക്കുക. സത്യം സത്യമായി പറയപ്പെടാതിരിക്കുന്നതിലൂടെയും പറയുന്നതില്‍ അശ്ശേഷം സത്യമില്ലാതിരിക്കുന്നതിലൂടെയും നേട്ടങ്ങള്‍ ലഭിച്ചു തുടങ്ങിയാല്‍ പിന്നെ ആര്‍ക്കാണ് സത്യത്തെ വേണ്ടത്.. സത്യം പ്രഘോഷിക്കുന്ന വരികള്‍ക്കും വാക്കുകള്‍ക്കുമിടയില്‍ നിന്ന് യഥാര്‍ത്ഥസത്യത്തെ കണ്ടെത്താനാകട്ടെ നമ്മുടെ സത്യാന്വേഷണങ്ങള്‍ – ശുഭദിനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *