ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഇന്‍സ്റ്റഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ടെലഗ്രാമിലുള്ളതിന് സമാനമായ ഒരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. ‘ബ്രോഡ്കാസ്റ്റ് ചാനല്‍’ എന്ന പേരില്‍ ഇന്‍സ്റ്റയില്‍ ‘പുതിയ ബ്രോഡ്കാസ്റ്റിങ് ചാറ്റ് ഫീച്ചര്‍’ ആരംഭിക്കാനാണ് മെറ്റ തയ്യാറെടുക്കുന്നത്. മെറ്റയുടെ കീഴിലുള്ള പ്രോഡക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അതിലൂടെ ആദ്യം അറിയിക്കും. അതിന്റെ ഭാഗമായി മെറ്റയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള് അറിയാന്‍ സാധിക്കുന്ന മെറ്റാ ബ്രോഡ്കാസ്റ്റ് ചാനലും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ചാനല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇന്‍സ്റ്റയിലെ ബ്രോഡ്കാസ്റ്റ് ചാനലുകളുടെ പ്രവര്‍ത്തനം ടെലഗ്രാമില്‍ നിലവിലുള്ള ചാനലുകള്‍ക്ക് സമാനമായിരിക്കും. ക്രിയേറ്റേഴ്സിന് തങ്ങളുടെ ഫോളോവേഴ്സുമായി പ്രധാനപ്പെട്ട അപ്ഡേറ്റുകളും വാര്‍ത്തകളും ബ്രോഡ്കാസ്റ്റ് ചാനലുകള്‍ വഴി പങ്കിടാന്‍ സാധിക്കും. ഒരു പൊതു ചാറ്റായാണ് ഇന്‍സ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ പ്രവര്‍ത്തിക്കുക. അതില്‍ ടെലഗ്രാമിലുള്ളത് പോലെ ടെക്സ്റ്റുകള്‍, വീഡിയോകള്‍, വോയ്സ് നോട്ടുകള്‍, ഫോട്ടോകള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് പങ്കുവെക്കാവുന്നതാണ്. അതേസമയം, നിങ്ങള്‍ക്ക് ഒരു ചാനലിന്റെ ഭാഗമാകാനും ആവശ്യമായ അപ്ഡേറ്റുകള് അറിയാന്‍ സാധിക്കുമെങ്കിലും മറുപടി നല്‍കാനുള്ള ഓപ്ഷന് ലഭ്യമല്ല.