പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമം തുടരും. ജല അതോറിറ്റിയുടെ ജല വിതരണം തുടങ്ങാത്തതും ,കുടിവെള്ള ടാങ്കറുകൾ ഇതുവരെ ലഭ്യമാകാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിനായിരുന്നു തീരുമാനം. ജലവിഭവ മന്ത്രിയുടെ യോഗത്തിലാണ് ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ഇന്ന് മുതൽ ജല വിതരണത്തിന് തീരുമാനിച്ചത്. ജല അതോറിറ്റിക്ക് ഉള്ളത് ഒരു ടാങ്കർ ലോറി മാത്രം ആണ്. അതിനാൽ കുടിവെള്ള വിതരണം വേഗത്തിലാക്കാൻ ടാങ്കർ ലോറി ഉടമകളിൽ നിന്ന് ക്വട്ടേഷൻ സ്വീകരിച്ച് നടപടികൾ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ടാങ്കർ ലോറി ഉടമകളാരും ഇതുവരെ ക്വട്ടേഷൻ നൽകിയിട്ടില്ല . ടാങ്കറുകൾ മുന്നോട്ട് വന്നില്ലെങ്കിൽ അടുത്ത നടപടികളിലേക്ക് കടക്കും. നിലവിൽ തദ്ദേശസ്ഥാപനങ്ങൾ ആണ് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നത് .
ഇതിനിടെ കുടിവെള്ള ക്ഷാമത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ സമരം തുടങ്ങി.ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ കുടങ്ങളുമായി കരുവേലിപ്പടിയിലെ ജല വകുപ്പ് ഓഫിസ് ഉപരോധിച്ച് ആയിരുന്നു സമരം.