സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 30 വരെയാണ്. ഉച്ചയ്ക്ക് 1.30 മുതലാണു പരീക്ഷ. രാവിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയാണ്. വെള്ളിയാഴ്ചകളില്‍ പരീക്ഷ 2.15 മുതലായിരിക്കും.
ഇനി 65 വയസു കഴിഞ്ഞവര്‍ക്കും അവയവം സ്വീകരിക്കാം. പ്രായ പരിധി ആരോഗ്യമന്ത്രാലയം നീക്കി. ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്താണ് നടപടി. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓഹരി വിപണികളിലുണ്ടായ തകര്‍ച്ച പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധരെ സുപ്രീം കോടതി തള്ളി. കോടതി നേരിട്ട് സമിതിയെ നിയോഗിക്കും. സമിതി അംഗങ്ങളുടെ പേരുകള്‍ സര്‍ക്കാര്‍ മുദ്രവച്ച കവറിലാണു കോടതിക്കു നല്‍കിയിരുന്നത്.
ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പിന് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പത്തു പേര്‍ക്കും വോട്ടാവകാശം ഇല്ലെന്നു സുപ്രീം കോടതി. ജനവിധി അട്ടിമറിക്കാന്‍ ഡല്‍ഹി ഗവര്‍ണറും ബിജെപിയും ചേര്‍ന്നു നടത്തിയ ശ്രമമാണ് കോടതി തള്ളിയത്. മേയര്‍ തിരഞ്ഞെടുപ്പിനുള്ള തിയതി 24 മണിക്കൂറിനുള്ളില്‍ നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമി വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണ്. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നല്‍കിയതെന്നും പിണറായി വിജയന്‍ ചോദിച്ചു.
സ്വകാര്യ ബസുകളില്‍ ഫെബ്രുവരി 28 നകം ക്യാമറകള്‍ ഘടിപ്പിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്ന് ബസുടമകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് ക്യാമറ വാങ്ങിത്തരണമെന്നാണ് ബസുടമകളുടെ ആവശ്യം. പകുതി തുക റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ക്യാമറ ഘടിപ്പിക്കാന്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധനാ സമയത്തേക്കു സാവകാശം അനുവദിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. അനുകൂല നടപടി ഇല്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍.
കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും എറണാകുളം മെഡിക്കല്‍ കോളജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റുമായ അനില്‍കുമാര്‍ പിടിയില്‍. ഒളിവിലായിരുന്ന അനിലിനെ മധുരയില്‍നിന്നാണു പിടികൂടിയത്. വ്യാജജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സാമ്പത്തിക ഇടപാടുണ്ടെന്നു പൊലീസ് പറഞ്ഞു.
രാഹുല്‍ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് എത്തിച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ച വണ്ടൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ക്കും രണ്ടു ജീവനക്കാര്‍ക്കും ബ്ലോക്ക് പഞ്ചായത്ത് ഭരണാസമിതി യോഗം കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു.
തൊണ്ടിമുതലായ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പ്രതികള്‍ക്കു മറിച്ചുവിറ്റ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. കോട്ടക്കല്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന രജീന്ദ്രന്‍, സിപിഒ സജി അലക്‌സാണ്ടര്‍ എന്നിവരെയാണ് പാലക്കാട്ട് ജില്ലയില്‍ നിയമിച്ചത്.
നടന്‍ മോഹന്‍ലാലിന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തിനെക്കുറിച്ചും അന്വേഷണവുമായി ആദായനികുതി വകുപ്പ്. മോഹന്‍ലാലിന്റെ മൊഴിയെടുത്തു. രണ്ടു മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കി. ആകാശ് കോടതിയില്‍ കീഴടങ്ങിയാണ് ജാമ്യം നേടിയത്. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. ഇവരെ രണ്ടുപേരേയും പോലീസ് ഉച്ചയോടെ പിടികൂടിയിരുന്നു.
പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ. ഇടിഞ്ഞാര്‍ – മൈലാടും കുന്ന്, മല്ലച്ചല്‍ പ്രദേശങ്ങളിലെ കാട്ടുതീയില്‍ 50 ഏക്കര്‍ കത്തിനശിച്ചു.
നാളെ മഹാശിവരാത്രി. ക്ഷേത്രങ്ങളില്‍ പൊതുവേയും ആലുവാ അടക്കമുള്ള ശിവക്ഷേത്രങ്ങളില്‍ പ്രത്യേകമായും പൂജകള്‍, ദര്‍ശനം. ശിവരാത്രി വൃതവുമായി വിശ്വാസികള്‍. ആലുവായിലേക്കു പ്രത്യക ബസ് സര്‍വീസ് ആരംഭിച്ചു. പ്രദേശത്തു മദ്യശാലകള്‍ക്കു രണ്ടു ദിവസം അവധി.
ഇടുക്കി വാഗമണ്ണില്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ ചത്ത പുഴു. വാഗാലാന്‍ഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ പൂട്ടിച്ചു.
ആലപ്പുഴയില്‍ അനധികൃതമായി മദ്യം വിറ്റിരുന്നയാളെ എക്‌സൈസ് അറസ്റ്റു ചെയ്തു. പത്തിയൂര്‍ വ്യാസമന്ദിരത്തില്‍ അനില്‍കുമാര്‍ (49) ആണ് പിടിയിലായത്.
കവര്‍ച്ചാശ്രമം നാട്ടുകാര്‍ കണ്ടതോടെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് വാഹനാപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ ആശുപത്രിയിലായി. താമരശേരി തച്ചംപൊയില്‍ പുത്തന്‍തെരുവില്‍ അഷ്‌റഫിന്റെ പലചരക്ക് കടയില്‍ രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവ് കുന്ദമംഗലത്തിന് സമീപമാണ് അപകടത്തില്‍പെട്ടത്.
എടത്വ തലവടിയില്‍ പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ നിരവധി പേര്‍ക്ക് നീര്‍ നായയുടെ ആക്രമണത്തില്‍ പരിക്ക്. ഗണപതി ക്ഷേത്രത്തിനു സമീപമാണു നീര്‍നായയുടെ ആക്രമണമുണ്ടായത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇനി മുതല്‍ ശിവസേന എന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന് ഉപയോഗിക്കാം.
ബിബിസിയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്. ലാപ്‌ടോപ്പുകളോ ഉപകരണങ്ങളെ പിടിച്ചെടുത്തിട്ടില്ല. ബിബിസിയുടെ വരുമാനവും രാജ്യത്തെ പ്രവര്‍ത്തന ചെലവും തമ്മില്‍ യോജിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. മൂന്നു ദിവസമാണ് പരിശോധന നടത്തിയത്.
ഹരിയാനയിലെ ലോഹറുവില്‍ കത്തിക്കരിഞ്ഞ വാഹനത്തില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിനു തങ്ങളുടെ പ്രവര്‍ത്തകര്‍ ഉത്തരവാദികളല്ലെന്നു വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ യുവാവിന്റെ മൃതദേഹം നടുറോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ടു പേരെ പൊലീസ് പിടികൂടി. പച്ചക്കറി കച്ചവടത്തിനായി എത്തിയ ഉത്തര കന്നഡ സ്വദേശിയായ ഹനുമന്തയ്യയാണ് വാഹനത്തില്‍ കിടന്നു മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ മൃതദേഹം ഇറക്കി സ്ഥലംവിടുകയായിരുന്നു.
അദാനി ഗ്രൂപ്പ് നടത്തിയ ഓഹരി കുംഭകോണക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചത് ഭയംമൂലമാണെന്ന് എ ഐ സി സി വക്താവ് രാജീവ് ഗൗഡ.
നിയമവിരുദ്ധമായി പല വന്‍കിട പദ്ധതികളും അദാനിക്കു നല്‍കിയെന്നും രാജീവ് ഗൗഡ ആരോപിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു ബോംബു ഭീഷണി. സന്ദേശം ലഭിച്ചതിനു പിറകേ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ അനുയായിയും സൈനിക ഉദ്യോഗസ്ഥയുമായ മരിനാ യാങ്കിന എന്ന 58 കാരി സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ കെട്ടിടത്തിന്റെ 16 ാം നിലയില്‍നിന്നു വീണു മരിച്ചു. പുടിനുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണുന്ന സംഭവത്തില്‍ ഒടുവിലത്തേതാണ് ഇത്.
യുഎഇയിലെ അജ്മാനില്‍ വന്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. 25 നില കെട്ടിടമായ പേള്‍ ടവര്‍ ബി 5 ലാണ് അഗ്‌നിബാധയുണ്ടായത്. മലയാളികള്‍ അടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
യൂട്യൂബ് സിഇഒ ആയി ഇന്ത്യന്‍- അമേരിക്കക്കാരനായ നീല്‍ മോഹനെ നിയോഗിച്ചു. ഒമ്പതു വര്‍ഷമായി യൂട്യൂബിന്റെ സിഇഒ ആയിരുന്ന 54 കാരി സൂസന്‍ വോജിക്കി സ്ഥാനമൊഴിയുകയാണ്. കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികള്‍ എന്നീ കാരണങ്ങള്‍ പറഞ്ഞാണു സൂസന്‍ വോജിക്കി രാജിവെച്ചത്. പുതിയ സിഇഒ നീല്‍ മോഹന്‍ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.