കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ ജിഎസിടി വിഹിതം കിട്ടുന്നില്ലെന്ന് ഇന്നലെവരെ പറഞ്ഞിരുന്ന ധനമന്ത്രി മലക്കം മറിഞ്ഞതിനു വിശദീകരണം വേണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. കേരളം അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ ആരോപണത്തിനും മറുപടി വേണം. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു സമര്‍പ്പിക്കേണ്ടിയിരുന്ന എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടുണ്ടോ? ഐജിഎസ്ടിയില്‍ കേരളത്തിന് അയ്യായിരം കോടി നഷ്ടമാകുന്നു എന്ന എക്‌സപെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കുടിശികയായി 750 കോടി രൂപ മാത്രമാണു കേരളത്തിനു കിട്ടാനുള്ളതെന്നും കേന്ദ്രവുമായി കുടിശികത്തര്‍ക്കമില്ലെന്നുമാണ് ഇപ്പോള്‍ ധനമന്ത്രി ബാലഗോപാലന്‍ പറഞ്ഞത്. സത്യം എന്താണെന്ന് ബാലഗോപാലന്‍ വെളിപെടുത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
ജിഎസ്ടി കുടിശിക സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് തെറ്റാണെങ്കില്‍ സംസ്ഥാന ധനമന്ത്രി ബാലഗോപാല്‍ തെളിയിക്കണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. 2017 മുതല്‍ എജിയുടെ സര്‍ട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്നാണ് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചതെന്നും വേണുഗോപാല്‍.
ഗുജറാത്ത് കലാപത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസി ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന.
കെഎസ്‌യു വനിതാ പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് കൈയേറ്റം ചെയ്തതിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഐടി ആക്ടും അനുസരിച്ചാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്.
സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും നിര്‍ബന്ധിത പണപ്പിരിവ്. ആറു കോടിയോളം രൂപയാണു പിരിച്ചെടുക്കുന്നത്. പണം നല്‍കാത്തവര്‍ വിശദീകരണം ബോധിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ചാലിശേരിയില്‍ നടക്കുന്ന സമ്മേളനത്തിനു കോര്‍പ്പറേഷനുകള്‍ അഞ്ചു ലക്ഷം രൂപയാണു നല്‍കേണ്ടത്. ജില്ലാ പഞ്ചായത്തുകള്‍ രണ്ടു ലക്ഷം നല്‍കണം. മുന്‍സിപ്പാലിറ്റികള്‍ ഒന്നേകാല്‍ ലക്ഷം രൂപയും ബ്ലോക്ക് ബഞ്ചായത്തുകള്‍ എഴുപതിനായിരം രൂപയും ഗ്രാമപഞ്ചായത്തുകള്‍ മുപ്പതിനായിരം രൂപയും നല്‍കണമെന്നാണ് ഉത്തരവ്.
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോര്‍മുലയുമായി കെഎസ്ആര്‍ടിസി. വിരമിച്ച ജീവനക്കാരെ മൂന്നായി തിരിക്കും. 2022 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ വിരമിച്ചവര്‍, ഏപ്രില്‍ 30 മുതല്‍ ജൂണ്‍ 30 വരെ വിരമിച്ചവര്‍ , 2022 ജൂലൈ 31 മുതല്‍ ഡിസംബര്‍ 31 വരെ വിരമിച്ചവര്‍ എന്നിങ്ങനെയാണു ഗ്രുപ്പുകള്‍. ഘട്ടം ഘട്ടമായി ആനുകൂല്യം നല്‍കും. എല്ലാവര്‍ക്കും ആദ്യഘട്ടത്തില്‍ ഒരു ലക്ഷം രൂപ വീതംം സമാശ്വാസ ധനസഹായം നല്‍കും. ഹൈക്കോടതിയില്‍ മാനേജുമെന്റ് അറിയിച്ചു.
സിഎന്‍ജിക്കു അടിക്കടി വിലവര്‍ധന. മൂന്ന് മാസത്തിനിടെ എട്ടു രൂപയാണ് വര്‍ധിപ്പിച്ചത്. സിഎന്‍ജിക്ക് 91 രൂപയാണു വില. സിഎന്‍ജി വാഹനങ്ങള്‍ വാങ്ങിയവര്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഡീസലിനോളം വിലയായതോടെ സിഎന്‍ജി ഇന്ധനമാക്കിയ വാഹനങ്ങള്‍ വാങ്ങിയവര്‍ പ്രതിസന്ധിയിലായി.
മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുല്‍ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ തിരിച്ചയച്ചു. സ്ഥലസൗകര്യമില്ലെന്ന കാരണം പറഞ്ഞാണ് തിരിച്ചയച്ചത്. തിരിച്ചയച്ച ഇനങ്ങള്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ഇടപെട്ട് തിരികേ ആശുപത്രിയിലേക്കു വരുത്തിക്കുന്നുണ്ട്.. മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി പറഞ്ഞു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
റോഡില്‍ വാഹനങ്ങളേയും യാത്രക്കാരേയും തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. ക്ലിഫ് ഹൗസില്‍ നിന്നു മസ്‌കറ്റ് ഹോട്ടലിലേക്കുള്ള റോഡിലാണു വാഹനങ്ങള്‍ തടഞ്ഞത്. സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലില്‍ എത്തിയത്.
ഊരി പിടിച്ച വാളിനിടയിലൂടെ നടന്നെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്ന് ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം കൊണ്ടും നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഭയമായി. തമ്പ്രാന്‍ എഴെന്നെള്ളുമ്പോള്‍ വഴിയില്‍ അടിയാന്മാര്‍ പാടില്ലെന്ന അവസ്ഥയാണെന്നും ചെന്നിത്തല.
കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിഷയത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ തഹസില്‍ദാരുടെയും മൂന്നു ഡെപ്യൂട്ടി തഹസില്‍ദാരുമാരുടെയും വിശദീകരണം തേടി. ഉദ്യോഗസ്ഥരെ കളക്ടറേറ്റില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. കളക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നാളെ ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ക്ക് കൈമാറും.
മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പ്രേരക്മാരുടെ അനിശ്ചിതകാല സമരം തുടരുന്നതിനിടെ സാക്ഷരതാ മിഷന് സര്‍ക്കാര്‍ നാലു കോടി രൂപ അനുവദിച്ചു. ഇതോടെ മിഷന് കൊടുക്കാനുള്ള തുകയും മുഴുവന്‍ നല്‍കിയെന്നാണ് ധനവകുപ്പിന്റെ അവകാശവാദം.
കെട്ടിടനിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. തിരുവനന്തപുരത്തെ മൂന്നുടങ്ങളിലാണ് കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘം പരിശോധിക്കുന്നത്. എസ്ബിഐയില്‍നിന്ന് 14 കോടി രൂപ വായ്പ എടുത്ത് വഞ്ചിച്ച കേസിലാണു നടപടി.
വയനാട് പയ്യമ്പള്ളിയില്‍ വൈദ്യുതി വേലിയുള്ള വാഴത്തോട്ടത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. ചെറൂര്‍ ആദിവാസി കോളനിയിലെ ഉളിയന്‍ ആണ് മരിച്ചത്. വൈദ്യുതി വേലിയില്‍നിന്നു വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു. ഡിജിപി അനില്‍ കാന്ത്, കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ നരസിംഹുഗാരി റെഡ്ഡി, സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്കു കമ്മീഷന്‍ നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ടു വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജഡ്ജിമാക്കു കോഴ നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന പരാതിയില്‍ അഭിഭാഷകനായ സൈബി ജോസിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സൈബിയ്‌ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ആരോപണത്തില്‍ ഗൂഡാലോചനയുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സൈബി ജോസ് കോടതിയില്‍ പറഞ്ഞു.
മദ്യപിച്ചു വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമനടപടികള്‍ക്കൊപ്പം ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍നിന്നായി മൂന്നു കിലോയിലധികം സ്വര്‍ണം പിടികൂടി.
മണ്ണാര്‍ക്കാട് എളുമ്പലാശ്ശേരിയില്‍ എടിഎമ്മില്‍ സ്‌ഫോടനമുണ്ടാക്കി മോഷണശ്രമം. അലാറം ലഭിച്ചതോടെ ബാങ്ക് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തിയതോടെ കവര്‍ച്ചാസംഘം മുങ്ങി. പുലര്‍ച്ചെ നാലോടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.
കുട്ടനാട്ടില്‍ സിപിഎമ്മുകാര്‍ തമ്മില്‍ കൂട്ടത്തല്ലു നടത്തിയ സംഭവത്തില്‍ മര്‍ദനമേറ്റ നേതാക്കള്‍ക്കെതിരെ പൊലീസ് വധശ്രമക്കേസെടുത്തു. ഡിവൈഎഫ്‌ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കല്‍ കമ്മിറ്റി അംഗം ശരവണനും എതിരെയാണ് കേസ്. കിഷോറിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചെന്ന് ആരോപിച്ചാണ് കേസ്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു ശശി തരൂരിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തില്‍നിന്നുള്ള എംപിമാര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു. പാര്‍ട്ടിക്കു തരൂര്‍ മുതല്‍ക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖര്‍ഗെ പറഞ്ഞു. കെ മുരളീധരന്‍, എംകെ രാഘവന്‍, ബെന്നി ബഹന്നാന്‍ എന്നിവരാണു ഖര്‍ഗയെ കണ്ടത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് ഉത്തര്‍പ്രദേശ് വാരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചു. യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണവുമായി രം?ഗത്തെത്തിയത്. ഇതുമൂലം രാഹുലിന്റെ യുപിയിലെ രണ്ടു പരിപാടികള്‍ റദ്ദാക്കേണ്ടിവന്നെന്നും കോണ്‍ഗ്രസ്.
അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു.
പഞ്ചാബില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര്. കേന്ദ്രം നിയോഗിച്ച ഗവര്‍ണറോട് മറുപടി പറയേണ്ട കാര്യമില്ലെന്നു ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍. സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ക്കു വിദേശത്തു പരിശീലനം നല്‍കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം.
കിണറ്റില്‍ കുടുങ്ങിയ പുലിയെ സാഹസികമായി രക്ഷിച്ച് വനിതാ വെറ്ററിനറി ഡോക്ടറും സംഘവും. മംഗളുരുവിലെ നിഡ്ഡോഡിയിലാണ് പുലി കിണറ്റില്‍ വീണത്. വനംവകുപ്പ് അധികൃതര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പുലിയെ വലയിലാക്കാനോ കൂട്ടിലാക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് ചിട്ടേ പിള്ളി എന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘത്തിന്റെ സഹായം വനംവകുപ്പ് തേടിയത്. ഡോ. മേഘന, ഡോ. യശസ്വി എന്നിവര്‍ ചേര്‍ന്ന് പുലിയെ തന്ത്രപൂര്‍വം കൂട്ടിലാക്കി.
മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്‌മരഥം. നാനൂറിലേറെ വര്‍ഷം പഴക്കമുള്ള പഴയ രഥത്തിനു പകരമായാണ് പുതിയത് നിര്‍മ്മിച്ചത്. രണ്ടു കോടി രൂപ ചെലവിട്ട് തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്‌മരഥം നിര്‍മ്മിച്ചത്. ബ്രഹ്‌മരഥ സമര്‍പ്പണ ചടങ്ങുകള്‍ നാളെ ആരംഭിക്കും.
2019 മുതല്‍ 2021 വരെ രാജ്യത്ത് 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്‌തെന്നു തൊഴില്‍ മന്ത്രി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടിലെ വിവരം ലോക്‌സഭയിലാണ് മന്ത്രി ഭൂപേന്ദര്‍ യാദവ് വെളിപെടുത്തിയത്. കോവിഡ് പ്രതിസന്ധിമൂലമാണ് ഇത്രയും പേര്‍ ജീവനൊടുക്കിയത്. 66,912 വീട്ടമ്മമാരും 53,661 സ്വയം തൊഴില്‍ ചെയ്യുന്നവരും 43,420 ശമ്പളക്കാരും 43,385 തൊഴില്‍ രഹിതരും ഈ കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്തു. 35,950 വിദ്യാര്‍ത്ഥികളും 31,389 കര്‍ഷകരും മൂന്ന് വര്‍ഷത്തിനിടെ ജീവനൊടുക്കി.
വാലന്റൈന്‍സ് ദിനാചരണത്തിനു കമിതാക്കളെ കൈകാര്യം ചെയ്യുമെന്നു ഭീഷണിയുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. പാര്‍ക്കുകളിലും മറ്റും ശ്രീരാമസേന പ്രവര്‍ത്തകര്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും മയക്കുമരുന്നും ലൈംഗികതയും അനുവദിക്കില്ലെന്നും മുത്തലിക് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവയപ്. മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
തങ്ങളുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയെ ഈ വര്‍ഷം അവസാനം ബഹിരാകാശ ദൗത്യത്തിന് അയയ്ക്കുമെന്ന് സൗദി അറേബ്യയുടെ സ്റ്റേറ്റ് മീഡിയ. റയ്യാന ബര്‍ണവിയെയാണ് സൗദി ദൗത്യത്തിന് അയയ്ക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുരുഷ ബഹിരാകാശ സഞ്ചാരി അലി അല്‍-ഖര്‍നിക്കൊപ്പമാണ് റയ്യാന ബര്‍ണവിയെയും അയക്കുക