മൂന്നാം പാദഫലങ്ങള്‍ പുറത്തുവന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിച്ചുചാട്ടം. ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ സംയുക്തമായി രേഖപ്പെടുത്തിയത് 29,175 കോടി രൂപയുടെ ലാഭമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 65 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം സമാന പാദത്തിലെ ലാഭം 17,729 കോടി രൂപയായിരുന്നു. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 15,306 കോടി രൂപയുടെയും, രണ്ടാം പാദത്തില്‍ 25,685 കോടി രൂപയുടെയും സംയുക്ത ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ ആകെ ലാഭം 70,166 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 43 ശതമാനമാണ് അധികം. ആദ്യ പാദത്തിലെ വളര്‍ച്ച നിരക്ക് 9 ശതമാനമായിരുന്നു. എന്നാല്‍, രണ്ടും മൂന്നും പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് യഥാക്രമം 50 ശതമാനം, 65 ശതമാനം എന്നിങ്ങനെയാണ് മെച്ചപ്പെട്ടത്. മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്.