രാജ്യത്തെ പ്രമുഖ പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് മൂന്നാം പാദത്തില്‍ മികച്ച നേട്ടം. കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 6,334.19 കോടി രൂപയുടെ ലാഭമാണ് എല്‍ഐസി നേടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 234.91 കോടി രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ, സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 15,952.49 കോടി രൂപയുടെ വരുമാനമാണ് എല്‍ഐസി നേടിയത്. മൂന്നാം പാദത്തില്‍ അറ്റ പ്രീമിയം വരുമാനം 97,620 കോടി രൂപ വര്‍ദ്ധിച്ച് 1.11 ലക്ഷം കോടി രൂപയായിട്ടുണ്ട്. കൂടാതെ, പുത്തന്‍ പ്രീമിയം വരുമാനം 8,748.55 കോടി രൂപയില്‍ നിന്നും 9,724.71 കോടി രൂപയായാണ് ഉയര്‍ന്നത്. ഇത്തവണ 84,889 കോടി രൂപ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനമായി ലഭിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 9 മാസക്കാലയളവില്‍ എല്‍ഐസിയുടെ മൊത്തം പ്രീമിയം വരുമാനം 20.65 ശതമാനം വര്‍ദ്ധനവോടെ 3.42 ലക്ഷം കോടി രൂപയായി. അതേസമയം, എല്‍ഐസി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.34 ലക്ഷം കോടി രൂപയാണ്.